പാരമ്പര്യ വിജ്ഞാനത്തിന്റെ ശക്തിയും സൗന്ദര്യവും
വിശുദ്ധ ഖുര്‍ആനും നബി(സ)യുടെ ഹദീസുകളുമാണ് ഇസ്‌ലാമിക ചിന്തയുടെയും വൈജ്ഞാനികതയുടേയും സ്രോതസ്സ്. ആ രണ്ടു വൈജ്ഞാനിക സ്രോതസ്സില്‍ നിന്നും പകര്‍ന്നു കിട്ടിയ പ്രകാശത്തിലാണ് ഇസ്‌ലാമിന്റെ ആദര്‍ശത്തിന്റെ അസ്തിത്വം നിലനില്‍ക്കുന്നത്. അതു കൊണ്ടു തന്നെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വാക്താക്കളിലൂടെ പ്രചരിക്കുകയും തലമുറകളായി കൈമാറി വരികയും ചെയ്യുന്ന ഇസ്‌ലാമിന്റെ പരമ്പരാഗത വിജ്ഞാനത്തിന് പ്രത്യേക ശക്തിയും സൗന്ദര്യവുമുണ്ടെന്നത് അനിഷേധ്യമായ സത്യമാണ്. ഓരോ നൂറ്റാണ്ടിലും ദീനിന്റെ പുനരുജ്ജീവനത്തിനായി ചില നേതാക്കന്മാരെ(മുജദ്ദിദ്) അല്ലാഹു നിയോഗിക്കുമെന്ന നബി(സ) വചനം പ്രസിദ്ധമാണ്. അങ്ങിനെയുള്ള മുജദ്ദിദുകളായ ഇമാമുകള്‍ മുഖേനയാണ് ഈ ദീനിന്റെ നിലനില്‍പ്പും അതിജീവനവും സംഭവിച്ചിട്ടുള്ളത്. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന ഖുര്‍ആനിക വിജ്ഞാനങ്ങളും ആ വിജ്ഞാനങ്ങളെ കൈകാര്യം ചെയ്യാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത പണ്ഡിതന്മാരുമാണ് ഇസ്‌ലാമിക നൗകയെ മുന്നോട്ടു നയിച്ചത് എന്നതിന് ചരിത്രം സാക്ഷിയാണ്.
ചരിത്രകാരനും പണ്ഡിതനുമായ സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വിയുടെ വാക്കുകള്‍ കാണുക. ''സ്ഥലകാല മാറ്റങ്ങളില്‍ നിന്നും സുരക്ഷിതരാവാനും ചുറ്റുവട്ടങ്ങളിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും അല്ലാഹു ഈ സമുദായത്തിന് രണ്ട് സജ്ജീകരണങ്ങള്‍ ചെയ്തു.
1- എല്ലാ വെല്ലുവിളികളേയും എളുപ്പത്തില്‍ അതിജയിക്കുകയും എക്കാലത്തുമുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്ന സമ്പൂര്‍ണ്ണവും സജീവവുമായ രിസാലത്ത്(ഇലാഹി സന്ദേശം).
2- ഈ സന്ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത് ദീനിനെ സജീവമായി നിലനിര്‍ത്തുന്ന വ്യക്തിത്വങ്ങള്‍.
ഇത്തരം വ്യക്തിത്വങ്ങളെ അല്ലാഹു എല്ലാ സന്ദര്‍ഭത്തിലും കനിഞ്ഞേകി എന്നതിന് ചരിത്രം സാക്ഷിയാണ്.''(ഇസ്‌ലാമിലെ നവോത്ഥാന നായകന്മാര്‍- അബുല്‍ ഹസന്‍ അലി നദ്‌വി)
പരമ്പരാഗതമായി ഇത്തരം നായകന്മാരില്‍ നിന്നുള്ള വിജ്ഞാനങ്ങള്‍ പകര്‍ന്നു വരുമ്പോള്‍ കാലഘട്ടത്തിന്റെ മാറ്റങ്ങളും വെല്ലുവിളികളും മനസ്സിലാക്കി പല നവീകരണങ്ങളും വരുത്തേണ്ടി വരും. വിഷയങ്ങള്‍ അവതരിപ്പിക്കുന്നിടത്താണ് കൂടുതലും മാറ്റങ്ങല്‍ വരുത്തേണ്ടി വരുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ പരമ്പരാഗത മുസ്‌ലിം സമൂഹം ഈ രംഗത്ത് ഒരല്‍പ്പം ഉദാസീനരായി. ശാസ്ത്രത്തിന്റെയും യുക്തി ചിന്തയുടെയും മേല്‍ക്കോയ്മക്കു മുന്നില്‍ മതത്തെ യുക്തിഭദ്രമാക്കി മാറ്റുവാന്‍ ശ്രമിച്ച ആധുനിക പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളില്‍ പലതിനേയും ചവിട്ടിമെതിക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടു തരത്തിലുള്ള ചുവടുപിഴക്കലിന്റെയും ഇടയില്‍ മധ്യമമായ നിലപാട് സ്വീകരിക്കുകയാണ് അനിവാര്യമായിട്ടുള്ളത്.
അല്ലാഹുവിന്റെ ദീന്‍ സമ്പൂര്‍ണ്ണം: മനുഷ്യ ജീവിതം ചലനാത്മകം
''ഇന്നേ ദിവസം ഞാന്‍ നിങ്ങളുടെ ദീന്‍ സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു, എന്റെ ഭാഗത്തു നിന്നുള്ള അനുഗൃഹങ്ങളും സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു, ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.''(ഖുര്‍ആന്‍).
മനുഷ്യന്റെ ജീവിതം നിരന്തരമായി ഒഴുകി കൊണ്ടിരിക്കുന്ന ഒരു നദി പോലെയാണ്. ഇന്ന് ഈ നിമിഷത്തില്‍ ഒഴുകി എത്തിയ ജലമല്ല അടുത്ത നിമിഷം നദിയിലൂടെ കടന്നു പോകുന്നത്. നിരന്തരമായി ഒഴുകി കൊണ്ടിരിക്കുന്ന നദിയിലെ ജലം നവീനമായി കൊണ്ടിരിക്കുന്നതു പോലെ കാലഘട്ടത്തിന്റെ ചലനത്തിനനുസരിച്ച് തലമുറകള്‍ മാറിവന്നു കൊണ്ടിരിക്കുകയാണ്. തദനുസൃതമായി സമൂഹത്തിന്റെ അവസ്ഥകളും നാഗരികതകളും മാറി കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടങ്ങളിലെല്ലാമുള്ള സമൂഹങ്ങള്‍ക്ക് സന്മാര്‍ഗത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കേണ്ട ഇസ്‌ലാം ദീനിനെ ചലനാത്മകമാക്കുകയും നവീനമായി നിലനിര്‍ത്തുകയും ചെയ്തത് ഓരോ കാലഘട്ടത്തിലും രംഗത്തുവന്ന ഇമാമുകളാണ് എന്നതിന് ചരിത്രം സാക്ഷിയാണ്. നബി(സ)യുടെ നുബുവ്വത്തിന്റെ പരിസമാപ്തിയോടെ സമ്പൂര്‍ണ്ണമായ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളും നിയമസംഹിതകളും വ്യത്യസ്തമയ കാലഘട്ടങ്ങളില്‍ പ്രയോഗിക്കപ്പെടാവുന്ന വിധത്തില്‍ അതിനെ വ്യഖ്യാനിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് ഇമാമുകള്‍ നിര്‍വഹിച്ചത്.
''ഉലമാക്കള്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്'' എന്നാണ് പ്രവാചകര്‍ ഉലമാഇനെ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ പല ദശാസന്ധികളിലും പണ്ഡിത മഹത്തുക്കള്‍ നടത്തിയ ഇടപെടല്‍ എപ്രകാരമായിരുന്നുവെന്നു പഠിക്കുമ്പോളാണ് ഈ ഹദീസിന്റെ ആശയ വ്യാപ്തി നമുക്ക് ബോധ്യപ്പെടുന്നത്. സലഫുസ്വാലിഹീങ്ങളുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നിട്ടില്ലാത്ത പല നിലപാടുകളും പില്‍ക്കാലത്ത് വന്നതിനു പിന്നില്‍ കൃത്യമായ നിദാനങ്ങളുണ്ടായിരുന്നു. ഇത് മനസ്സിലാക്കാത്തവര്‍ ഈ സംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നബി(സ)യുടെ കാലഘട്ടത്തിലില്ലാത്ത ചില കാര്യങ്ങള്‍ ഖുലഫാഉ റാശിദുകളുടെ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്. താബിഉകളുടെ കാലഘട്ടത്തില്‍ ഇല്ലാതിരുന്ന പലതും മദ്ഹബിന്റെ ഇമാമുകളുടെ കാലഘട്ടത്തില്‍ വന്നിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലാകട്ടെ തത്വശാസ്ത്രവും മറ്റു ബുദ്ധിപരമായ വാദങ്ങളും വികാസം പ്രാപിച്ചപ്പോള്‍ അതിനെ മറികടക്കും വിധത്തിലുള്ള വ്യഖ്യാനങ്ങളും വിപുലീകരണവും വൈജ്ഞാനിക ചിന്താ രംഗത്ത് അശ്അരി, മാതൂരീദി ഇമാമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉത്തമമായ മൂന്ന് നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ശേഷമുള്ള സമൂഹത്തിനിടയില്‍ കൂടുതല്‍ വിള്ളലുകള്‍ വീണതിനെ പരിഹരിക്കാന്‍ ഇമാം ഗസ്സാലി(റ), അബ്ദുല്‍ഖാദിര്‍ ജീലാനി(റ) പോലുള്ളവര്‍ ആഹോരാത്ര പ്രയത്‌നം നടത്തി. ഇതിനിടയിലെല്ലാം സമൂഹത്തിന്റെ കര്‍മങ്ങളിലും കാഴ്ചപ്പാടിലും ശാഖാപരമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യകാലത്ത് സ്വഹാബികളും താബിഉകളും വരുത്തിയ മാറ്റങ്ങളില്‍ നിന്ന് പാഠമുള്‍കൊണ്ടു കൊണ്ടാണ് ഈ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. അതു മനസ്സിലാക്കാത്ത ചിലര്‍ അതിനെ തെറ്റിദ്ധരിക്കുകയാണുണ്ടായത്. നബി(സ)യുടെ കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെടാതിരുന്ന ഖുര്‍ആന്‍ പില്‍ക്കാലത്ത് അബൂബക്കര്‍(റ) ക്രോഡീകരിച്ചത് അതിന്റെ ആവശ്യകത നേരിട്ടപ്പോളാണ്. ദീനിന്റെ ഇല്‍മ് സംരക്ഷിക്കാനും വിശ്വാസി ഹൃദയങ്ങളില്‍ ഈമാന്‍ സംരക്ഷിക്കപ്പെടാനും മറ്റു ചില ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നവീകരണങ്ങള്‍ ഈ ദീനില്‍ അനിവാര്യമാണ് എന്ന പാഠം കൂടി അബൂബക്കര്‍(റ)വിന്റേതടക്കമുള്ള മുന്‍ഗാമികളുടെ നടപടിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. അപ്രകാരം നവീകരണം നടത്തിയില്ലെങ്കില്‍ കാലഘട്ടത്തിന്റെ കുത്തൊഴുക്കില്‍ ഇസ്‌ലാം ദീനിന് തിരോധാനം സംഭവിക്കുമായിരുന്നു. ഇസ്‌ലാമിന്റെ പാരമ്പര്യ വിജ്ഞാനത്തില്‍ രൂപപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ ഇസ്‌ലാമിന്റെ നൗകയെ നാഗരികമായുണ്ടായ കൊടുങ്കാറ്റുകളില്‍ നിന്നും എപ്രകാരമാണ് രക്ഷപ്പെടുത്തിയത് എന്നു മനസ്സിലാക്കുമ്പോളാണ് അത്തരം പരിശ്രമങ്ങളെ നമുക്ക് വിലമതിക്കാന്‍ കഴിയുകയുള്ളൂ.
ആദ്യ നൂറ്റാണ്ടിനു ശേഷം മുസ്‌ലിം സമൂഹത്തിനിടയില്‍ സംഭവിച്ച ന്യൂനതകളെ പരിഹരിക്കാനാണ് ഗ്രന്ഥ രചനകളും സുഹ്ദിന്റെ മാര്‍ഗമെന്ന പേരില്‍ ഹസനുല്‍ ബസ്വരി(റ)വിന്റെ നേതൃത്വത്തില്‍ തുടങ്ങി വെച്ച ആത്മീയ മുന്നേറ്റങ്ങളുമുണ്ടായത്. പ്രവാചകര്‍(സ)യുടെ ജീവിത കാലത്ത് ഖുര്‍ആനല്ലാത്ത മറ്റൊന്നും എഴുതി വെക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഹദീസുകള്‍ എഴുതുന്നതിനെ പോലും വിലക്കിയിരുന്നു. എന്നാല്‍, താബിഉകളുടെ കാലഘട്ടത്തില്‍ ഹദീസുകള്‍ ലിഖിതപ്പെടുത്താന്‍ തുടങ്ങി. ഹദീസുകള്‍ സംരക്ഷിപ്പെടാന്‍ അതാവശ്യമായിരുന്നു. അതേ പ്രകാരം ഇസ്‌ലാമിന്റെ ആത്മീയ പൊരുളുകളും സുന്നത്തിന്റെ ആത്മാവും ഗ്രഹിച്ചവര്‍ കുറവായതിനാല്‍ ആ രംഗത്തും രചനകള്‍ നിര്‍വഹിക്കപ്പെട്ടു. ശാഹ്‌വലിയുല്ലാഹി ദഹ്‌ലവി അവിടുത്തെ പ്രസിദ്ധമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ പറയുന്നു:''മതനിയമശാസ്ത്രത്തില്‍ വ്യുല്‍പ്പത്തിയുള്ളവര്‍ക്കെ ഹദീസിന്റെ ആത്മാവ് കണ്ടെത്താനാവുകയുള്ളൂ. ശരീഅത്തിന്റെ എല്ലാ ശാഖകളിലും പ്രാവീണ്യമുണ്ടാകണം. അഖീദയിലും അഗാധ ജ്ഞാനമുണ്ടാകണം. അതുകൊണ്ടുമായില്ല. അല്ലാഹുവിന്റെ പ്രത്യേക ജ്ഞാനം നല്‍കി അനുഗൃഹിക്കണം. അത്തരക്കാരുടെ ഖല്‍ബുകള്‍ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള ആത്മജ്ഞാനത്താല്‍ ദീപ്തമായിരിക്കും. തിളങ്ങുന്ന ആത്മ പ്രകൃതവും പ്രശോഭിതമായ ധിഷണയും അവരുടെ പ്രത്യേകതയാണ്. കല്ലും നെല്ലും വേര്‍തിരിക്കുവാനുള്ള നൈപുണ്യത്തില്‍ അവര്‍ സുരക്ഷിതരാണ്. എങ്ങനെ അടിത്തറ നിര്‍മിക്കും? അതിനു മീതെ ഭിത്തി കെട്ടിപടുക്കല്‍ എങ്ങനെ? എങ്ങനെ പ്രമാണങ്ങള്‍ അവതരിപ്പിക്കണം. എങ്ങനെ ബുദ്ധിപരവും പ്രമാണപരവുമായ തെളിവുകള്‍ അവതരിപ്പിക്കണം. ഇത്യാദി കാര്യങ്ങള്‍ അവര്‍ക്കറിയാം.''(ഹുജ്ജത്തുല്ലാഹില്‍ ബാലിഗ)
''ഒന്നാം നൂറ്റാണ്ട് കഴിഞ്ഞതോടെ ഖുര്‍ആനിന്റെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് അജ്ഞാതമായി തുടങ്ങി. അതിന്റെ വിവിധ പാര്‍ശ്വങ്ങള്‍ അവരില്‍ നിന്ന് മാഞ്ഞു പോകാന്‍ തുടങ്ങി. ഇതു കണ്ടു ചാടിയെഴുന്നേറ്റ് ഇസ്‌ലാമിക വൈജ്ഞാനിക പ്രതിഭകള്‍ ഖുര്‍ആനിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ഗ്രന്ഥ രചന ആരംഭിച്ചു. ഖിയാമത്ത് നാള്‍ വരെയുള്ള തലമുറകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ അവ ഇന്നും നിലനില്‍ക്കുന്നു. അവര്‍ നേടിയ നിധി നേടാത്തവര്‍ക്കായി ഖജാനയില്‍ ഭദ്രമായി സൂക്ഷിക്കുകയായിരുന്നു.'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ)
''ഇതുപോലെ ഇസ്‌ലാമിക നിയമസംഹിതകളിലടങ്ങിയ പൊരുളുകളും അന്തസത്തയും ആ കാലക്കാര്‍ പൂര്‍ണ്ണമായ് ഉള്‍കൊണ്ടു. അവരത് അഭിമുഖങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചു. എന്നാല്‍, ആ നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ ശരീഅത്ത് നിയമങ്ങളുടെ അന്തസത്തയും പൊരുളും അറിയുന്നവര്‍ ഇല്ലാതാവാന്‍ തുടങ്ങി. അതു നികത്തല്‍ അനിവാര്യമായി തീര്‍ന്നു. ഈ ശരീഅത്തിന്റെ സമ്പൂര്‍ണ്ണത ഗ്രഹിക്കാന്‍ അത് അത്യന്താപേക്ഷിതമാണല്ലോ.'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ)
''സുദൃഢവും പ്രശാന്തവുമായ ഈമാന്‍ ഉണ്ടാവാന്‍ ശരീഅത്തിന്റെ പൊരുളുകള്‍ അറിയല്‍ അത്യാവശ്യമാണ്. ഈ പൊരുളുകള്‍ ഈമാന്‍ വര്‍ധിപ്പിക്കാനുതകുന്നതാകുന്നു. അതാണ് ഇബ്രാഹീം(അ) ദൃഷ്ടാന്തങ്ങള്‍ കാണാന്‍ ദാഹിച്ചു കൊണ്ട് അല്ലാഹുവിനോട് അപേക്ഷിച്ചത്. 'നാഥാ, ഞാന്‍ വിശ്വാസി തന്നെ. പക്ഷേ, എന്റെ ഖല്‍ബിനു ശാന്തി ലഭിക്കാന്‍ വേണ്ടി ദൃഷ്ടാന്തങ്ങള്‍ കാണിച്ചു തരിക'(അല്‍ബഖറ -260)'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ)
ഈമാനികമായ ദൃഢത കൈവരിക്കാനും ആശയപരമായ വീര്യമാര്‍ജിക്കാനും നമ്മുടെ ബുദ്ധിയും യുക്തിയും കൂടി ഇസ്‌ലാമിക ആശയങ്ങള്‍ക്കനുസരിച്ച് വശംവദമാകണം. ബുദ്ധിപരമായി ചിന്തിക്കുമ്പോള്‍ ഒരു ശരിയും ശറഇയായി ചിന്തിക്കുമ്പോള്‍ മറ്റൊരു ശരിയുമെന്ന അവസ്ഥ ഉണ്ടായിക്കൂട. ബുദ്ധിയും യുക്തിയുമെല്ലാം ഇസ്‌ലാമിന്റെ സത്യത്തിനു മുന്നില്‍ കീഴടങ്ങണം. എങ്കില്‍ മാത്രമേ ഒരാളുടെ സത്യവിശ്വാസത്തിന് സമ്പൂര്‍ണ്ണതയുള്ളൂ. അതാണ് അഖീദയുടെയും തസവുഫിന്റെയും ഇമാമുകള്‍ നിര്‍വഹിച്ച ദൗത്യം.
ഫിഖ്ഹ് രൂപീകരണവും മദ്ഹബിന്റെ ഇമാമുകളും
നബി(സ)യും സ്വഹാബത്തിന്റെയും കാല ശേഷം ഇസ്‌ലാമിക സമൂഹത്തിനിടയില്‍ രൂപപ്പെട്ട ആദ്യത്തെ നവീകരണ പ്രവര്‍ത്തനം ഫിഖ്ഹ് ക്രോഡീകരണമാണ്. പാരമ്പര്യ വിജ്ഞാനങ്ങളുടെയെല്ലാം അടിസ്ഥാനം ഫിഖ്ഹിന്റെ അടിസ്ഥാന തത്വങ്ങളാണ്. ഇന്നും ആ കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ട നിദാനശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഫിഖ്ഹി ഗവേഷണങ്ങള്‍ നടക്കുന്നത്. നബി(സ)യുടെ കാലഘട്ടത്തില്‍ ഇത്തരം ഗവേഷണങ്ങളും അതിനായുള്ള നിദാനതത്വങ്ങളുമൊന്നുമുണ്ടായിരുന്നില്ല. നബി(സ)യെ അനുകരിച്ച് കര്‍മങ്ങള്‍ നിര്‍വഹിക്കുകയല്ലാതെ, കര്‍മങ്ങളുടെ ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും മുബ്ത്വിലാത്തുകളും വകതിരിച്ചു വിശദീകരിക്കുന്ന ശൈലി നബി(സ) സ്വീകരിച്ചിട്ടില്ല.
നബി(സ) വുദുവിന്റെ ഫര്‍ളുകള്‍ ഇന്നതൊക്കെയാണ് എന്നു വിശദീകരിച്ചിട്ടില്ല. ഒരു ആരാധനാ കര്‍മത്തിന്റെയും നിബന്ധനകളും(ശര്‍ത്തുകള്‍) നിര്‍ബന്ധ ഘടകങ്ങളും(ഫര്‍ളുകള്‍) ഐഛികമായവയും തരംതിരിച്ചു വിശദീകരിക്കുന്ന ശൈലിയിലുള്ള ഹദീസുകള്‍ നമുക്കു ലഭ്യമല്ല. നബി(സ) വുദുചെയ്യുന്നതും നമസ്‌കരിക്കുന്നതും അതേ പ്രകാരം സ്വഹാബികള്‍ പകര്‍ത്തി വന്നു. തിരുനബി(സ) ഹജ്ജ് നിര്‍വഹിച്ചപ്പോള്‍, അവിടുത്തെ അനുകരിച്ച് സ്വഹാബികളും ഹജ്ജ് ചെയ്തു. ഇതായിരുന്നു പൊതുവില്‍ നബിതിരുമേനിയുടെ ശിക്ഷണരീതി. ഒരാള്‍ വുദുവിന്റെ അവയവങ്ങള്‍ കഴുകുന്നത് തുടര്‍ച്ചയായിട്ടല്ലെങ്കില്‍ അക്കാരണത്താല്‍ അയാളുടെ വുദു സാധുവാകാതിരിക്കുമോ എന്ന പ്രശ്‌നം തിരുമേനി പഠിപ്പിച്ചിരുന്നില്ല. സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് വളരെ വിരളമായി മാത്രമേ വിധി പറഞ്ഞിരുന്നുള്ളൂ. സ്വഹാബികളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അപൂര്‍വാവസരങ്ങളില്‍ മാത്രമേ അവര്‍ തിരുമേനിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നുളളൂ. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പ്രസ്താവിക്കുന്നു, 'തിരുമേനിയുടെ അനുചരരേക്കാള്‍ ഉത്തമരായി ആരെയും ഞാന്‍ കണ്ടിട്ടില്ല. ജീവിത കാലത്ത് അവിടുത്തോട് വെറും പതിമൂന്ന് ചോദ്യങ്ങളാണ് അവര്‍ ചോദിച്ചിട്ടുള്ളത്'.പ്രയോജനകരമായ ചോദ്യങ്ങള്‍ മാത്രമേ അവര്‍ ചോദിച്ചിരുന്നുള്ളൂവെന്നും ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു3.
എന്നാല്‍ നബി(സ)യുടെ കാല ശേഷമുള്ളവര്‍ അവര്‍ക്ക് കിട്ടിയ അറിവനുസരിച്ച് വ്യത്യസ്ത രൂപത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിച്ചു വന്നു. വിഭിന്ന രൂപത്തില്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചു പോന്ന സാമൂഹിക സ്ഥിതിയില്‍ കര്‍മശാസ്ത്ര രംഗത്ത് ഒരു അടക്കും ചിട്ടയും ഉണ്ടാകല്‍ അനിവാര്യമാണെന്നു മനസ്സിലാക്കിയ ഉലമാക്കളാണ് ആ രംഗത്ത് ഗവേഷണം ആരംഭിക്കുന്നത്. അതില്‍ ശിഷ്യ സമ്പത്തു കൊണ്ടനുഗൃഹീതരായവരാണ് നാലു മദ്ഹബിന്റെ ഇമാമുകള്‍. ആ ഇമാമുകളുടെ ഗവേഷണ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നീടുള്ള ഫിഖ്ഹിന്റെ രംഗത്തുള്ള എല്ലാ അന്വേഷണങ്ങളും നടക്കുന്നത്. നാലാലൊരു മദ്ഹബ് പിന്തുടരുന്ന രീതി അതിന്റെ പില്‍ക്കാല രൂപാന്തരീകരണമാണ്. നാലാലൊരു മദ്ഹബ് എന്ന തത്വത്തിന് പ്രമാണികത ലഭിച്ചതിനെ സംബന്ധിച്ച് ശാഹ്‌വലിയുല്ലാഹി ദഹ്‌ലവി പറയുന്നു:''മുജ്തഹിദുകളായ ഇമാമുകളുടെ മദ്ഹബുകള്‍ അംഗീകരിക്കപ്പെട്ടത് സ്വാഭാവികമായിരുന്നു.എന്തോ യുക്തിയും നന്മയും മുന്‍നിര്‍ത്തി അല്ലാഹു അത് പണ്ഡിതന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുകയും അറിഞ്ഞോ അറിയാതയോ അവരതില്‍ ഏകോപിക്കുകയുമാണുണ്ടായത്. ബുദ്ധിപരവും ചിന്താപരവുമായ അര്‍ഹത ഒന്നാം നിരയിലുള്ള മുജ്തഹിദുകള്‍ തീര്‍ച്ചയായും ആര്‍ജിച്ചിരുന്നു. അതിനു കാരണവുമുണ്ടായിരുന്നു. വഹ്‌യ് അവതരിച്ച യുഗത്തോട് അടുത്തവരായിരുന്നു അവര്‍. ഇന്നത്തേതു പോലെ വിജ്ഞാനങ്ങളില്‍ വൈവിധ്യമോ മസ്അലകളുടെ ആധിക്യമോ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും ഈ അര്‍ഹത ഏതാനും വ്യക്തികള്‍ക്കല്ലാതെ നേടാനായില്ല.''(അല്‍ഇന്‍സാഫ് ഫീ ബയാനില്‍ ഇഖ്തിലാഫ്- ശാഹ് വലിയുല്ലാഹി ദഹ്‌ലവി) ''അവര്‍ പോലും തങ്ങളുടെ സര്‍വ യോഗ്യതകളോടും ഗുണങ്ങളോടുമൊപ്പം മറ്റുള്ളവരുടെ വൈജ്ഞാനിക മാര്‍ഗ്ഗദര്‍ശനവും സഹായവും തീരെ ആവശ്യമില്ലാത്തവരുമായിരുന്നില്ല. അവരും സ്വന്തം ഗുരുനാഥന്മാരെ പിന്‍പറ്റിയിരുന്നു. ഗുരുനാഥന്മാരെ അവലംബിച്ച് തന്നെയായിരുന്നു അവരുടെ ഇജ്തിഹാദുകള്‍. എന്നാല്‍, ഈ ശാസ്ത്ര (ഫിഖ്ഹ്)ത്തെ അവര്‍ വിപുലമായി കൈകാര്യം ചെയ്യുകയും വ്യക്തിഗതമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുഖേന അതിനെ ഒരു വലിയ ശാസ്ത്രശാഖയാക്കി വികസിപ്പിക്കുകയും ചെയ്തു. അങ്ങനെ അവര്‍ സ്വതന്ത്ര ഇമാമുകളും മുജ്തഹിദുകളുമായിത്തീര്‍ന്നു''.(അല്‍ഇന്‍സാഫ് ഫീ ബയാനില്‍ ഇഖ്തിലാഫ്- ശാഹ് വലിയുല്ലാഹി ദഹ്‌ലവി)
സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി വിവരിക്കുന്നതു കാണുക,''ആധുനിക സാംസ്‌കാരിക വിഭാഗവും യൂണിവേഴ്‌സിറ്റി ബിരുദധാരികളും ഇസ്‌ലാമിക ലോകത്തെ ചില ഭരണാധികാരികളും ആവശ്യപ്പെടുന്നത് എല്ലാ വിഷയത്തിലും നിരുപാധിക ഇജ്തിഹാദ് (അല്‍ ഇജ്തിഹാദുല്‍ മുത്‌ലക്ക്) നടത്തണമെന്നാണ്. പാശ്ചാത്യമൂല്യങ്ങളും ആധുനിക മാനദണ്ഡങ്ങളും പൂര്‍ണ്ണമായും സ്വീകരിക്കണമെന്നവര്‍ പറയുന്നു. ഇസ്‌ലാം ഉദയം ചെയ്ത ദിവസത്തെ അതേ പരുവത്തിലേക്ക് കാലം തിരിഞ്ഞെത്തിയപോലെ. കഴിഞ്ഞ നൂറ്റണ്ടുകളില്‍ മുജ്തഹിദുകളും കര്‍മശാസ്ത്ര പണ്ഡിതന്മാരും എത്തിചേര്‍ന്ന മുഴുവന്‍ വീക്ഷണങ്ങളുടെയും തീരുമാനങ്ങളുടെയും മൂല്യവും ഗരിമയും നഷ്ടമായപോലെ. ഉപരിപ്ലവമായ നിരീ്ക്ഷണമാണിത്. മാറ്റത്തെയും പുരോഗതിയേയും കുറിച്ച ആധുനിക സാഹിത്യത്തിന്റെ പ്രചാരണങ്ങള്‍ക്ക് തീര്‍ത്തും വിധേയപ്പെടലാണത്. യുവസമൂഹത്തിനു മുമ്പാകെ കാലത്തെ ഒരു നവജാതശിശുവിനെപ്പോലെ അവതരിപ്പിച്ച് ഇന്നലെയുണ്ടായിരുന്നതിനോട് സമാനമായ യാതൊന്നും ഇന്നില്ലെന്ന് സിദ്ധാന്തിക്കുന്ന ബുദ്ധിയേക്കാള്‍ ഭാവനാവിലാസത്തിന് ഊന്നല്‍ കൊടുക്കുന്ന വീക്ഷണമാണത്. വസ്തുതകളെ ബുദ്ധിപരമായും യഥാര്‍ത്ഥമായും വിലയിരുത്തുന്നതിനു പകരം വൈകാരിക സമീപനത്തിലൂടെ പര്‍വതീകരിക്കുകയാണീ സമീപനം ചെയ്യുന്നത്'.(ഇജ്തിഹാദും മദ്ഹബുകളുടെ വളര്‍ച്ചയും, എം.ഐ. എഫ് പബ്ലിക്കേഷന്‍)
ഫിഖ്ഹിന്റെ വിഷയങ്ങള്‍ നാലാലൊരു മദ്ഹബിന്റെ വീക്ഷണങ്ങളെ പിന്തുടരുന്നതിലൂടെ ഫിഖ്ഹിന്റെ വിജ്ഞാനീയങ്ങളിലുള്ള പാരമ്പര്യമായിട്ടുള്ള വൈജ്ഞാനിക ബലവും അനുഗൃഹവും കരസ്ഥമാക്കാനാകും. ഖുര്‍ആനും സുന്നത്തുമനുസരിച്ച് നിര്‍ദാരണം ചെയ്യപ്പെടുകയും നീണ്ട നൂറ്റാണ്ടകളില്‍ കടന്നു വന്ന വ്യത്യസ്തരായ ഗവേഷകര്‍ ആവര്‍ത്തിച്ചു പരിശോധിക്കുകയും ചെയ്തതാണ് മദ്ഹബിന്റെ നിലപാടുകള്‍. അതു കൊണ്ടു തന്നെ മദ്ഹബില്‍ പ്രബലപ്പെട്ട നിയമങ്ങള്‍ പ്രമാണപരമായ ബലമുള്ളതും കൂടുതല്‍ വിശ്വാസ യോഗ്യവുമായി തീര്‍ന്നിരിക്കുകയാണ്. പരമ്പരാഗതമായ ഈ വിജ്ഞാനത്തെ സംശയ ദൃഷ്ടിയോടെ കാണുന്നത് മുഖേന ഇസ്‌ലാമിലുള്ള വിശ്വാസം തന്നെ ദുര്‍ബലപ്പെടുകയാണ് അതിന്റെ അനന്തരഫലമായി സംഭവിക്കുന്നത്.
അശ്അരി മാതൂരീദി മദ്ഹബുകള്‍ രൂപപ്പെട്ട പാശ്ചാത്തലം
ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ബൗദ്ധിക രംഗത്തും വൈജ്ഞാനിക രംഗത്തും നേതൃസ്ഥാനം മുഅ്തസിലികള്‍ക്കായിരുന്നു. അബ്ബാസി ഖലീഫമാരായിരുന്ന ഖലീഫ മുഅ്തസിമും ഖലീഫ വാസിഖും മുഅ്തസിലിയത്തിന്റെ വാക്താക്കളായിരുന്നു. അവരുടെ കാല ശേഷം വന്ന ഖലീഫ മുതവക്കില്‍ മുഅ്‌സിലത്തിന്റെ എതിരാളിയായിരുന്നു. അങ്ങനെ ഭരണ രംഗത്തും മറ്റു അധികാരങ്ങളിലും ആധിപത്യമുറപ്പിച്ചിരുന്ന മുഅ്തസിലിയാക്കളെ ഖലീഫ മുതവക്കില്‍ അവരുടെ ശക്തി സ്രോതസ്സുകള്‍ ഒന്നൊന്നായി ഇല്ലാതാക്കി. പക്ഷേ, വൈജ്ഞാനിക മേഖലയില്‍ അവര്‍ നിറഞ്ഞു നിന്നിരുന്നു. ബൗദ്ധിക വൈജ്ഞാനിക രംഗത്ത് വ്യുല്‍പ്പത്തിയുള്ള ചില വ്യക്തിത്വങ്ങളുടെ പേരില്‍ വൈജ്ഞാനിക രംഗത്ത് മുഅ്തസിലികള്‍ നിറഞ്ഞു നിന്നിരുന്നു. മുഅ്തസിലികള്‍ക്കെതിരെ നിന്നു കൊണ്ട് രക്തസാക്ഷിത്വം വരിച്ച ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)വിന്റെ കാലശേഷം ഹമ്പലികളില്‍ നിന്ന് ഉന്നത വ്യക്തിത്വങ്ങളൊന്നും രംഗത്തു വന്നില്ല. പ്രവാചകരുടേയും സ്വഹാബത്തിന്റേയും നിലപാടുകള്‍ ഖല്‍ഖുല്‍ ഖുര്‍ആന്‍ വാദം പോലുള്ള മുഅ്തസിലി ചിന്താഗതിക്കെതിരായിരുന്നുവെന്ന് സ്ഥാപിക്കുന്ന അഖീദയിലുള്ള വിശദീകരണങ്ങളിലാണ് ഹമ്പലികള്‍ നിലയുറപ്പിച്ചത്. അതോടൊപ്പം തങ്ങളുടെ നിലപാടുകള്‍ യുക്തിപരമായി സമര്‍ത്ഥിക്കുന്ന വിശദീകരണങ്ങള്‍ നടത്തി ചിന്താപരമായ മേഖലയിലും ബൗദ്ധിക വിജ്ഞാനീയങ്ങളിലും ആധിപത്യം പുലര്‍ത്താന്‍ അഹ്‌ലുസുന്നത്തിന് സാധിക്കാതെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇമാം അശ്അരി(റ) കടന്നു വരുന്നത്. ആദ്യകാലത്ത് മുഅ്തസിലിയത്തിന്റെ വാക്താവായിരുന്നു മഹാനവര്‍കള്‍. പിന്നീട് അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള സന്മാര്‍ഗ വെളിച്ചം അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രകാശ ദീപ്തമാക്കി. അതോടെ അദ്ദേഹത്തിന്റെ ബൗദ്ധികമായ പാടവങ്ങളും യുക്തിയും ചിന്തയുമെല്ലാം അഹ്‌ലുസുന്നത്തിനു ലഭിച്ചു. ബുദ്ധി കൊണ്ട് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ബോധ്യപ്പെടുകയും പാഠങ്ങള്‍ ഉള്‍കൊള്ളുകയും ചെയ്താണല്ലോ ഈമാനും തഖ്‌വയും ഉറപ്പിക്കാനുള്ളത്. അപ്പോള്‍, ബുദ്ധിപരമായും ചിന്താപരമായുമുള്ള മേല്‍കോയ്മ ഒരു പിഴച്ച വിഭാഗത്തിനാണെങ്കില്‍ സമൂഹത്തില്‍ ആ പിഴച്ച ധാരക്ക് നായകത്തം ലഭിക്കല്‍ സ്വാഭാവികമാണ്. ഈയൊരു സാഹചര്യമായിരുന്നു ഇമാം അശ്അരി(റ) രംഗപ്രവേശം ചെയ്യുമ്പോള്‍ നിലനിന്നിരുന്നത്. ''ബൗദ്ധിക സമീപനങ്ങളുടെ പേരില്‍ സംവാദങ്ങളിലും സദസ്സുകളിലും മുഅ്തസിലികള്‍ തന്നെ തലയുയര്‍ത്തി നിന്നു. സത്യദീനിനെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കാന്‍ കഴിയാതെ പോയവര്‍ക്കു ബൗദ്ധിക സമീപനങ്ങളാണ് മുഅ്തസിലിയാക്കള്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ രഹസ്യം എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയി. വിഷയത്തിന്റെ ആഴത്തിലേക്കിറങ്ങുമ്പോള്‍ മുഹദ്ദിസുകളുടെ ശൈലിയേയും ശരീഅത്തിന്റെ വിധികളേയും ബുദ്ധി തന്നെ നിരുപാധികം സ്വീകരിക്കുന്നതാണെന്നു ഗ്രഹിക്കാന്‍ കഴിയാതെ പോയവരും മുഅ്തസിലിയാക്കളുടെ അവതരണ ഭംഗിയില്‍ ആകൃഷ്ടരായിരുന്നു. അതിന്റെ അനന്തര ഫലം ശരീഅത്തിന്റെ ബാഹ്യവശങ്ങളേയും മുന്‍ഗാമികളായ മഹത്തുക്കളേയും ആദരിക്കുന്നതില്‍ വലിയ കുറവ് അവരില്‍ കാണപ്പെട്ടുതുടങ്ങി എന്നതാണ്. മുഹദ്ദിസുകളില്‍ ഒരു വിഭാഗവും അവരുടെ ശിഷ്യഗണങ്ങളില്‍ വലിയൊരു വിഭാഗവും അപകര്‍ഷ ബോധത്തിന് അടിപ്പെട്ടുപോയി. മുഅ്തസിലിയാക്കളുടെ ബൗദ്ധിക, ശാസ്ത്രീയ മുന്നേറ്റത്തിനു മുമ്പില്‍ അവര്‍ പതറി. ഈ സ്ഥിതി വിശേഷം ദീനിന്റെ ഗാംഭീര്യത്തിന്റേയും സുന്നത്തിന്റെ ശക്തിയുടേയും നേരെ ഒരു വെല്ലുവിളിയായി ഉയര്‍ന്നു നിന്നു. ഖുര്‍ആന്‍ ശരീഫിന്റെ വ്യഖ്യാനങ്ങള്‍, ഇസ്‌ലാമിന്റെ വിശ്വാസ സംഹിതകള്‍ എന്നിവ പോലും കേവലം ശാസ്ത്രത്തിന്റെ കണ്ണാടിയില്‍ നോക്കി കാണുന്ന മുഅ്തസിലിയാക്കളുടെ വാക്താക്കള്‍ക്ക് അവയെല്ലാം തന്നെ കളിപ്പാവയായിട്ട് മാറി. ഈ വിഷയങ്ങളിലെല്ലാം തന്നെ ബൗദ്ധിക, ശാസ്ത്രീയ അടിത്തറയിലുള്ള സമീപനങ്ങള്‍ക്ക് ഉമ്മത്തില്‍ അംഗീകാരം വര്‍ധിച്ചു വന്നു. സാങ്കേതികതയുടെ പിന്‍ബലത്തില്‍ ചിന്തയെ മുന്‍നിര്‍ത്തി അവര്‍ നടത്തിയ അധരവ്യായാമങ്ങള്‍ മാത്രമായിരുന്നു അവരുടെ ബാഹ്യപ്രകടനങ്ങള്‍ എന്നതാണ് പരമാര്‍ത്ഥം. പക്ഷേ, ഈ സ്ഥിതിവിശേഷത്തെ നേരിടാനും വര്‍ധിച്ചുവരുന്ന ഈ വെള്ളച്ചാട്ടത്തെ തടുത്തുനിര്‍ത്താനും മുഹദ്ദീസുകളുടെ ദീനിയായ ആവേശമോ ആബിദുകളുടെ ഇബാദത്തോ ത്യാഗികളുടെ ത്യാഗമോ കര്‍മശാസ്ത്ര വിശാരദരുടെ ഫത്‌വകളോ മാത്രം മതിയാവുമായിരുന്നില്ല. ബൗദ്ധിക, ശാസ്ത്രീയ രംഗങ്ങളില്‍ ഗവേഷണ പഠനത്തിനു യോഗ്യത നേടിയ, മുഅ്തസിലിയാക്കള്‍ക്കും തങ്ങളുടെ യോഗ്യതകള്‍ കേവലം ബോലപാഠങ്ങള്‍ മാത്രമാണെന്നു ബോധ്യപ്പെടുത്താന്‍ പോന്ന അത്യുന്നതനായ ഒരു വ്യക്തി കാലഘട്ടത്തിന്റെ ആവശ്യമായി മാറി. ശൈഖ് അബുല്‍ഹസ്സന്‍ അശ്അരിയില്‍ ആ വ്യക്തിത്വത്തെ മുസ്‌ലിം ലോകം കണ്ടെത്തി.''(ഇസ്‌ലാമിലെ നവോത്ഥാന നായകന്മാര്‍- അബുല്‍ ഹസന്‍ അലി നദ്‌വി). മുഅ്തസിലിയത്തിനെ തുടച്ചു നീക്കുന്നതില്‍ ഇമാം അശ്അരി(റ)യും അവിടുത്തെ മദ്ഹബിനെ പിന്തുടര്‍ന്ന ഇമാം ഗസ്സാലി(റ)യെ പോലുള്ള ഉന്നതരായ ഇമാമുകളാണ് മുഖ്യമായ പങ്കുവഹിച്ചിട്ടിള്ളത്. ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ ആധുനികതക്കു മുമ്പില്‍ മുസ്‌ലിംകള്‍ നേരിട്ടതിനു സമാനമായ വെല്ലുവിളിയായിരുന്നു അക്കാലത്തു നിലനിന്നിരുന്നത്. ആ ഒരു ഘട്ടത്തില്‍ ദീനിന്റെ യഥാര്‍ത്ഥ വിശ്വാസങ്ങളെ സംരക്ഷിക്കുകയും ദീനിന്റെ കാഴ്ചപ്പാടുകള്‍ക്ക് സമൂഹത്തില്‍ മേല്‍കോയ്മ നേടി കൊടുക്കുകയും ചെയ്തത് അശ്അരി മദ്ഹബിന്റെ വാക്താക്കളായിരുന്നു.
ഇമാം അശ്അരി(റ) മുഅ്തസിലിയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിനാല്‍ ചില നിലപാടുകളൊക്കെ ശക്തമായിരുന്നു. അതില്‍ അല്‍പ്പം അയവു വരുത്തി കൊണ്ടുള്ളതായിരുന്നു ഇമാം മാതൂരീദി(റ)യുടെ നിലപാട്. ''ഇമാം അബൂമന്‍സൂര്‍(റ) മുഅ്‌സിലുകള്‍ക്കെതിരില്‍ നിര്‍ബന്ധമായി കണ്ട അനാവശ്യവാദങ്ങളെ ഭേദഗതി ചെയ്തു. അഹ്‌ലുസുന്നത്തിന്റെ വിശ്വാസ വീക്ഷണങ്ങളെ കൂടുതല്‍ ശുദ്ധീകരിക്കുകയും സന്തുലിതവും സമ്പൂര്‍ണ്ണവുമാക്കുകയും ചെയ്തു. ഇമാം അബൂമന്‍സൂര്‍(റ)ന്റെയും കൂട്ടരുടേയും അശ്അരികളുമായുള്ള ഈ വിയോജിപ്പ് പരിമിതവും ശാഖാപരവുമായിരുന്നു. നാല്‍പ്പതോളം വരുന്ന ഈ വിയോജിപ്പുകളില്‍ അധികവും ഭാഷാപരമായിരുന്നു.''(ഇസ്‌ലാമിലെ നവോത്ഥാന നായകന്മാര്‍- അബുല്‍ ഹസന്‍ അലി നദ്‌വി).
കലുഷ്യപൂര്‍ണ്ണമായ അഞ്ചാം നൂറ്റാണ്ടിലെ രണ്ടു സൂര്യോദയങ്ങള്‍
ഗ്രീക്ക് ഫിലോസഫിയുടെ സ്വാധീനത്തിലകപ്പെട്ട മുസ്‌ലിംകള്‍ക്കിടയില്‍ ഒരുപാട് ആവാന്തര വിഭാഗങ്ങള്‍ രംഗത്തു വന്ന നൂറ്റാണ്ടാണ് നാലാം നൂറ്റാണ്ട്. ഖലീഫ മഅ്മൂനിന്റെ നേതൃത്വത്തില്‍ സുരിയാനി, ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളിലെ നിരവധി തത്വശാസ്ത്ര ഗ്രന്ഥങ്ങള്‍, വിശിഷ്യ അരിസ്റ്റോട്ടലിന്റെ രചനകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടന്നു. ഇത് മുസ്‌ലിംകളിലെ ബുദ്ധി ജീവികള്‍ക്കും യുവാക്കള്‍ക്കും ഹാനികരമായി.''(ഇസ്‌ലാമിലെ നവോത്ഥാന നായകന്മാര്‍- അബുല്‍ ഹസന്‍ അലി നദ്‌വി). അങ്ങിനെ ഖല്‍ഖുല്‍ ഖുര്‍ആനിന്റെ പ്രശ്‌നത്തില്‍ നിന്ന് തുടങ്ങിയ പിഴച്ച വാദങ്ങള്‍ പിന്നീട് വികാസം പ്രാപിക്കുകയായിരുന്നു. അശ്അരികളുടെ ആശയപരമായ പ്രത്യാക്രമണങ്ങളില്‍ മുഅ്തസിലക്കാര്‍ക്കിടയില്‍ കുറേ ശിഥിലീകരണം സംഭവിച്ചെങ്കിലും ഗ്രീക്ക് ഫിലോസഫിയും മറ്റു ഭൗതിക ശാസ്ത്രങ്ങളും മറ്റൊരു വഴിക്ക് മുസ്‌ലിം ഉമ്മത്തിനെ സ്വാധീനിക്കുകയും തദനുസൃതമായി അഹ്‌ലുസുന്നത്തിനെതിരായ ചിന്താഗതിക്കാര്‍ രംഗത്തു വരികയും ചെയ്തുകൊണ്ടിരുന്നു. ബാത്തിനിയാക്കള്‍, ഇമാമത്ത് വാദക്കാര്‍, ഫിലോസഫിക്കാര്‍, ഖദ്‌രിയക്കാര്‍, ജബരിയക്കാര്‍ തുടങ്ങിയ അനേകം ധാരകള്‍ അഹ്‌ലുസുന്നത്തിനെ കടന്നാക്രമിക്കാന്‍ വട്ടമിട്ടു നില്‍ക്കുന്ന സാഹചര്യം. അതിനിടയില്‍ അഹ്‌ലുസുന്നത്തിലെ ഉലമാക്കളാകട്ടെ ഭൗതിക താല്‍പ്പര്യങ്ങളില്‍ വശംവദരായി സ്വാര്‍ത്ഥതയിലും ലോകമാന്യത്തിലും അകപ്പെട്ട് അന്ധകാര നിബിഡമായ അന്തരീക്ഷം. അനേകം തരത്തിലുള്ള വെല്ലുവിളികള്‍ നിറഞ്ഞ ഈ പ്രതിസന്ധിയുടെ കാലഘട്ടത്തെ നേരിടാന്‍ അല്ലാഹു സുബ്ഹാനഹുവതആല രണ്ടു മഹാവ്യക്തിത്വങ്ങളെയാണ് രംഗത്തിറക്കിയത്. പണ്ഡിതന്മാരേയും ബുദ്ധി ജീവികളേയും നേരിടാനും അവരെ സന്മാര്‍ഗ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാനുമായി ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലി(റ)വിനേയും ആബാലവൃദ്ധ ജനങ്ങളെ സംസ്‌കരിക്കാനായി മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ജീലാനി(റ)വിനേയും അല്ലാഹു ഈ ഉമ്മത്തിന് കനിഞ്ഞേകുകയായിരുന്നു. ഈ രണ്ടു വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തനങ്ങളും ലോകാന്ത്യം വരെയുള്ള ഉമ്മത്തിന് ഉപകരിക്കും വിധം വിശാലമായതാണെന്നതും മറ്റൊരു പ്രത്യേകതയാണ്. മുഹ്‌യദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ നാമധേയത്തില്‍ ഒരു ആത്മീയമായ സരണി തന്നെ രൂപപ്പെടുകയും ഇന്നും ആ സരണിയില്‍ നിന്ന് അനേകമാളുകള്‍ സംസ്‌കരണം സിദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇമാം ഗസ്സാലി(റ)വിന്റെ പ്രവര്‍ത്തനങ്ങളാകട്ടെ ഗ്രന്ഥങ്ങളിലൂടെയാണ്. ആധുനിതയുടെയും ഉത്തരാധുനികതയുടെയും പ്രത്യേകമായ കലുഷ്യാവസ്ഥയിലെ ജനങ്ങള്‍ക്കു പോലും മഹാനവര്‍കളുടെ ഗ്രന്ഥങ്ങള്‍ മുഖേന ഹിദായത്തിന്റെ വെളിച്ചം കിട്ടി കൊണ്ടിരിക്കുന്നുവെന്നത് അദ്ഭുതകരമായ യാഥാര്‍ത്ഥ്യമാണ്.
ഇമാം ഗസ്സാലി(റ)വിന്റെ ഏറ്റവും ശ്രദ്ധേയമായ രചന ഇഹ്‌യാഉലൂമിദ്ദീനാണ്. അതിലടങ്ങിയിട്ടുള്ള അല്‍ഭുതകരമായ വൈജ്ഞാനിക മുത്തുകള്‍ എന്നും ഈ ഉമ്മത്തിന് ഉപകരിക്കുന്നതാണ്. ഇസ്‌ലാമിനെതിരെ വരുന്ന ഏത് വിധ്വംസക വാദങ്ങളെയും മറികടക്കാന്‍ കഴിയുന്ന വിധത്തിലാണ് അതിലെ സമര്‍ത്ഥനങ്ങളുള്ളത്. വിമര്‍ശകര്‍ പോലും അതിലെ ആശയങ്ങളെ വാഴ്ത്തി പറഞ്ഞിട്ടുണ്ട്. ഇഹ്‌യയിലെ ഹദീസുകളുടെ സനദ് കൃത്യമല്ലെന്നും സൂഫികളുട ചില കടുപ്പപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിച്ചുവെന്നും തത്വജ്ഞാനികളുടെ വാക്കുകള്‍ ഉദ്ധരിച്ചുവെന്നുമൊക്കെയാണ് വിമര്‍ശനം. എന്നാല്‍, ഇഹ്‌യയില്‍ വിശദീകരിച്ച ആശയങ്ങള്‍ ശരിയല്ലെന്നു മറ്റു ഇമാമുകളൊന്നും പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല ''ഹാഫിസ് ഇബ്‌നു ജൗസി ഇതിലെ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കിതാബിന്റെ സ്വീകാര്യത തുറന്നു സമ്മതിക്കുകയും മിന്‍ഹാജുല്‍ ഖാസിദീന്‍ എന്ന പേരില്‍ അതിന്റെ രത്‌നചുരുക്കം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.''
അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കാന്‍ അല്ലാഹു പ്രത്യേകമായ ബൗദ്ധിക വൈജ്ഞാനിക ശേഷി കൊണ്ട് ഗസ്സാലി ഇമാമിനെ അനുഗൃഹിക്കുകയായിരുന്നു. അന്നത്തെ ശാസ്ത്രമായിരുന്ന ഫിലോസഫിക്കാര്‍ക്കെതിരെ ഇമാം രചിച്ച ഗ്രന്ഥമാണ് തഹാഫത്തുല്‍ ഫലാസിഫ. ''ശാസ്ത്രലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ഈ ഗ്രന്ഥം ശാസ്ത്രജ്ഞരില്‍ വലിയൊരു വിഭാഗത്തെ ഇസ്‌ലാമിന്റെ രാജപാതയിലേക്ക് തിരിച്ചുവിടുന്നതിനു നിമിത്തമായി. വര്‍ഷങ്ങളോളം തഹാഫത്തിന് ഒരു മറുപടിഗ്രന്ഥം രചിക്കുന്നതിനു പോലും ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ലെന്നു പറയുമ്പോള്‍ ഇമാം ഗസ്സാലി(റ)യുടെ ഈ രംഗത്തെ സേവനം അവിസ്മരണീയമാണെന്നു നമുക്ക് ബോധ്യപ്പെടും.''(ഇസ്‌ലാമിലെ നവോത്ഥാന നായകന്മാര്‍, സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി). ഇന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യക്കെതിരെ എന്തെങ്കിലും തരത്തില്‍ ഒരു വിമര്‍ശനം ഉന്നയിക്കപ്പെട്ടാല്‍ അതിന് തക്കതായ മറുപടി നല്‍കാന്‍ ആയിരകണക്കിന് ആളുകളുണ്ടാകുമല്ലോ. എന്നാല്‍, ആ സ്ഥാനത്താണ് അന്ന് ഫിലോസഫി കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. അത്രയധികം ഫിലോസഫിക്കും ശാസ്ത്രത്തിനും തിരിച്ചടിയായ പ്രവര്‍ത്തനമായിരുന്നു ഗസ്സാലി ഇമാമിന്റേത്. പക്ഷേ, ശാസ്ത്ര വിരുദ്ധമായിരുന്നില്ല ഗസ്സാലി ഇമാമിന്റെ ചിന്തകള്‍. ശാസ്ത്രത്തിന്റെ മതനിഷേധ സ്വഭാവത്തിനു നേരെയായിരുന്നു ഗസ്സാലി ഇമാമിന്റെ ആക്രമണം. ഇന്നത്തെ മതനിരപേക്ഷമായ സകല ആശയങ്ങളേയും ശാസ്ത്ര സങ്കല്‍പ്പത്തേയും നേരിടാനുള്ള ആശയ സ്രോതസ്സായി ഇന്നും ഗസ്സാലി ഇമാമിന്റെ രചനകള്‍ നിലകൊള്ളുകയാണ്.
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ബഗ്ദാദിലേക്കു കടന്നു വരുന്നത് ഇമാം ഗസ്സാലി(റ) ബഗ്ദാദിനോട് വിട പറയുന്ന അവസരത്തിലാണ്. ശൈഖവര്‍കള്‍ ഇല്‍മ് പഠിക്കുകയും ആത്മീയമായ പദവികള്‍ കരസ്ഥമാക്കുകയും ചെയ്യുന്നത് ബഗ്ദാദില്‍ വെച്ചു കൊണ്ടാണ്. മുഅ്തസിലികളുടെയും ഫിലോസഫിക്കാരുടെയും വഴിവിട്ട വാദങ്ങളും അതുവഴിയുണ്ടായി തീര്‍ന്ന ആശയകാലുഷ്യതകളേയും മറികടക്കാനുള്ള പോരാട്ടങ്ങള്‍ക്കിടയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഹൃദയത്തിലെ ഈമാനികമായ ആര്‍ദ്രതക്ക് കൊട്ടം സംഭവിക്കുകയും ഭൗതിക താല്‍പ്പര്യങ്ങള്‍ പണ്ഡിതന്മാരെ വരെ ഗ്രസിക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥകളില്‍ നിന്ന് ഉമ്മത്തിന് വിമോചനം ലഭിക്കുന്ന ആത്മീയമായ മുന്നേറ്റങ്ങള്‍ക്കും നഫ്‌സിനെതിരായുള്ള പോരാട്ടങ്ങള്‍ക്കും ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) നേതൃത്വം വഹിക്കുവാനയി അല്ലാഹു നിയോഗിക്കുകയായിരുന്നു. അല്ലാഹുവിനേയും പരലോകത്തേയും സംബന്ധിച്ച് അശ്രദ്ധയിലായി കിടന്നിരുന്ന പണ്ഡിതന്മാരും പാമരന്മാരും ഉണര്‍ത്താന്‍ ശൈഖിന്റെ ആത്മീയ ഉപദേശങ്ങള്‍ നിമിത്തമായി തീര്‍ന്നു. പണ്ഡിതന്മാരും സാധാരണക്കാരും ജൂത-ക്രൈസ്തവര്‍ പോലും മഹാനവര്‍കളുട പ്രസംഗ സദസ്സില്‍ സംഗമിച്ചിരുന്നു. അവരില്‍ അനേകമാളുകള്‍ ഇസ്‌ലാമിലേക്കു കടന്നു വരികയും മുസ്‌ലിംകളില്‍ നിന്നുള്ള ബഹുഭൂരിപക്ഷം ആളുകളും ശൈഖിന്റെ കൈയ് പിടിച്ച് തൗബ ചെയ്യുകയും ചെയ്യുന്ന രംഗം അന്ന് പതിവായിരുന്നു. വാചകങ്ങളുടെ സാങ്കേതികത്വവും വൈജ്ഞാനിക ചര്‍ച്ചകളും മാറ്റിവച്ച് വസ്തുതകള്‍ ലളിതമായി വിവരിക്കുന്ന സൂഫികളുടെ മാര്‍ഗം ഏറ്റവും ലളിതവും സുതാര്യവുമായ ദഅ്‌വത്തിന്റെ ഉപാധിയാണ്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ സ്വഹാബത്തിന്റേതു കഴിച്ചാല്‍ പിന്നെ സൂഫിവര്യന്മാരുടേതാണ്. അത് ഏറ്റവും ജനകീയമായി നടന്നത് ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ നേതൃത്വത്തിലുമാണ്. ഫുഖഹാക്കളും മുഹദ്ദിസീങ്ങള്‍ക്കും മുത്തകല്ലിമീങ്ങള്‍ക്കും പരിമിതമായ വൃത്തത്തിനകത്താണ് അവരുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങി നില്‍ക്കുന്നത്. എന്നാല്‍, സൂഫികളുടെ സേവന മേഖല അതിവിശാലമാണ്. അവര്‍ക്ക് എല്ലാ തരത്തിലുള്ള ജനങ്ങളേയും സ്വാധീനിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനംസാഗരമായി സന്മാര്‍ഗത്തിലേക്ക് ഒഴുകുകയായിരുന്നു. നാഗരികതയുടെ പളപളപ്പില്‍ ഹൃദയങ്ങള്‍ കറുത്തിരുണ്ട്. ഉമ്മത്തിനായി അല്ലാഹു തുറന്നു കൊടുത്ത കവാടമായിരുന്നു ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ). ലക്ഷകണക്കിന് ആളുകള്‍ക്ക് ഈമാനും തഖ്‌വയും സുദൃഢമാക്കാന്‍ ശൈഖ് അവര്‍കള്‍ ഉപാധിയായി വര്‍ത്തിച്ചു. എന്നു മാത്രമല്ല, ശൈഖിന്റെ ശിഷ്യന്മാരായി വന്നവര്‍ ശൈഖ് തുടങ്ങിവച്ച സംസ്‌കരണ പ്രക്രിയയുടെ തുടര്‍ കണ്ണികളായി മാറി. ഇന്നും ശൈഖിന്റെ ഖലീഫമാര്‍ ലോകത്തിന്റെ നാനാഭാഗത്ത് പ്രവര്‍ത്തനനിരതരാണ്. ശൈഖിന്റെ കാലഘട്ടത്തിലേതു പോലെ ജനകീയമായ മുന്നേറ്റങ്ങളില്ലെങ്കിലും പല പ്രദേശങ്ങളിലും അനസ്യൂതമായ മുന്നേറ്റം നടന്നു കൊണ്ടരിക്കുന്നുണ്ട്.
ഇസ്‌ലാമിന്റെ പാരമ്പര്യ വിജ്ഞാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, വൈയക്തികമായും ആത്മനിഷ്ഠമായും നടക്കുന്ന ഈമാനിന്റെ ആന്തരികമായ തലങ്ങളെ പരിപോഷിപ്പിക്കുന്നതിലാണ്. നബി(സ)യില്‍ നിന്ന് സ്വഹാബികളുടെ മനസ്സുകളിലേക്കും പിന്നീട് താബിഉകളിലേക്കും എന്ന ക്രമത്തില്‍ ഒരു തലമുറ തൊട്ടു മുകളിലുള്ള തലമുറയില്‍ നിന്ന് ശിക്ഷണം സമ്പാദിക്കുന്ന രീതിയാണ് പാരമ്പര്യ വിജ്ഞാനത്തിന്റേതാണ്. അതുമുഖേന ഗുരുവര്യരില്‍ നിന്ന് ബാഹ്യമായ വിജ്ഞാനത്തോടൊപ്പം ആന്തരികമായ ഈമാനിക അനുഭവതലങ്ങളേയും(ഇഹ്‌സാന്‍) കൂടി കരസ്ഥമാക്കാന്‍ കഴിയും. ''മുന്‍ഗാമികളായ മുഹാജിറുകളും അന്‍സാറുകളും അവരെ (ഇഹ്‌സാനോടെ)പിന്തുടരുന്നവരുമായ ആളുകളേയും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവര്‍ അല്ലാഹുവിനേയും തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ക്ക് താഴ്‌വാരയിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു. അതാണ് ഉന്നതമായ വിജയം'' (സൂറ: അത്തൗബ- 100). എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്. ഇഹ്‌സാനോടെ പിന്‍പറ്റുക എന്നത് പ്രത്യേകം ഖുര്‍ആന്‍ ഊന്നി പറഞ്ഞ വിശേഷണമാണ്. അല്ലാഹുവിനെ കാണുംപ്രകാരം ഇബാദത്ത് ചെയ്യുന്ന മാനസികാവസ്ഥയാണ് ഇഹ്‌സാനിന്റെ താല്‍പ്പര്യമെന്ന് നബി(സ)യുടെ പ്രസിദ്ധമായ ഹദീസില്‍ വിശദീകരിക്കുന്നുണ്ട്. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിന്റെ കാലഘട്ടത്തിനു ശേഷമാണ് ഇതിന് ത്വരീഖത്ത് എന്ന പ്രത്യേക സാങ്കേതിക നാമമുണ്ടാകുകയും കൂടുതല്‍ സജീവത കൈവരിക്കുകയുമാണുണ്ടായത്. അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിനു പുറമെ അഹ്മദുല്‍ കബീര്‍ രിഫാഇ(റ), അബുല്‍ഹസനു ശ്ശാദുലി(റ), അഹ്മദുല്‍ ബദവി(റ), ഇബ്രാഹീമുദസ്സൂഖി(റ), ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) പോലുള്ളവര്‍ ഈ രംഗത്ത് വന്ന മുജ്തഹിദുകളായ ഇമാമുകളാണ്. ഇവരുടെ ഓരോരുത്തരുടെയും നാമത്തിലേക്ക് ചേര്‍ത്ത് ഇവരുടെ വഴികള്‍ അറിയപ്പെടുന്നു.
കാലഘട്ട വിഭജനവും ഇസ്‌ലാമിന്റെ പാരമ്പര്യ സങ്കല്‍പ്പവും
മുത്തു റസൂലിന്റെയും വിശുദ്ധ ഖുര്‍ആനിന്റെയും കാലഘട്ടമാണ് ഇനി ലോകാന്ത്യം വരെയുള്ളത്. ഇതിനിടയില്‍ പാശ്ചാത്യരും പൗരസ്ത്യരുമായ ഭൗതിക ചിന്താ ധാരകള്‍ നടത്തുന്ന ചരിത്ര വിഭാവനകളിലെ കാലഘട്ട നിര്‍ണയം ഇസ്‌ലാമികമായ വീക്ഷണത്തിനപ്പുറമാണ്. അതുകൊണ്ടു തന്നെ, വ്യവസായിക വിപ്ലവത്തിന്റെയും ശാസ്ത്ര വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ ഭൗതിക ചരിത്രകാരന്മാര്‍ നടത്തിയിട്ടുള്ള കാലഘട്ട വിഭജനത്തിനതീതമായ ഇസ്‌ലാമികമായ കാഴ്ചപ്പാട് നമ്മുടെ മനസ്സുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്. മനുഷ്യന്റെ ചിന്തയേയും അന്വേഷണത്തേയും യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാനായി നിരന്തരം പ്രചോദിപ്പിക്കുന്ന ഖുര്‍ആനിക ആശയങ്ങളിലേക്കാണ് ഇനി ലോകാന്ത്യം വരെയുള്ള ജനതയെ ഇസ്‌ലാം ക്ഷണിക്കുന്നത്. ഖുര്‍ആനിനെ മനസ്സിലാക്കാനും ഇസ്‌ലാമിക നിയമങ്ങളെ പിന്തുടരാനും നബി(സ)യുടെയും സ്വഹാബത്തിന്റെയും സ്വലഫുസ്വാലിഹീങ്ങളുടേയും ചരിത്രത്തെയാണ് അവലംബിക്കാനുള്ളത്.
സാമൂഹ്യശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, നാടോടിത്ത സ്വഭാവമുള്ള അറേബ്യയിലെ ഗോത്ര സമൂഹത്തിനിടയിലേക്ക് അവതരിച്ച ഖുര്‍ആന്‍ വ്യത്യസ്തമായ നാഗരിക സാഹചര്യങ്ങളിലെല്ലാം എങ്ങനെയാണ് പരിഹാരമായി മാറുക എന്ന ചോദ്യം സ്വാഭാവികമാണ്. നബി(സ) പ്രബോധനം ചെയ്ത ഖുര്‍ആനിനെ അടിസ്ഥാനമാക്കി കൊണ്ടുള്ള ചലനാത്മകതയും നവീകരണവും നടത്താന്‍ മുജദ്ദിദുകളായ ഇമാമുകള്‍ രംഗത്തു വന്നു പ്രവര്‍ത്തിച്ചതിന്റെ ചരിത്രങ്ങളില്‍ നിന്നാണ് അതിനുള്ള ഏറ്റവും വ്യക്തതയുള്ള മറുപടി ലഭിക്കുന്നത്.
നബി(സ) പറഞ്ഞു, ''നൂറ്റാണ്ടില്‍ ഉത്തമമായത് ഞാന്‍ ജീവിച്ച നൂറ്റാണ്ടാണ്. പിന്നെ അതിനടുത്ത നൂറ്റാണ്ട്, പിന്നെ അതിനടുത്ത നൂറ്റാണ്ട്.'' ഈ മഹത്തായ നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തയും വൈജ്ഞാനികതയുമാണ് എക്കാലത്തേക്കുമുള്ള മുസ്‌ലിംകളുടെ പ്രമാണം. ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച ഇമാമുകള്‍ വിശദീകരിച്ച അടിസ്ഥാനപരമായ ശരീഅത്തിനെ ഉപജീവിച്ചും അതിനെ വികസിപ്പിച്ചുമാണ് പില്‍ക്കാലത്ത് ഇസ്‌ലാമിക സമൂഹത്തിന്റെ മുന്നേറ്റമുണ്ടായിട്ടുള്ളത്. ഏതു തരത്തിലുള്ള നാഗരിക വികാസങ്ങളേയും രാഷ്ട്രീയമായ വിപ്ലവങ്ങളേയും മറികടന്നു കൊണ്ടാണ് ഇസ്‌ലാം ഈ പുതിയ നൂറ്റാണ്ടിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വ്യത്യസ്തമായ നാഗരിക സാഹചര്യങ്ങളിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ സന്ദര്‍ഭങ്ങളിലുമുണ്ടായ പല തരത്തിലുള്ള വെല്ലുവിളികളെ നേരിടാന്‍ ആ സാഹചര്യത്തിലേക്ക് നിപുണരായ നവോത്ഥാന നായകന്മാരെ നിയോഗിച്ചു കൊണ്ട് ഇസ്‌ലാമിനെ അല്ലാഹു ശക്തിപ്പെടുത്തിയതിന്റെ ചരിത്രമാണ് പാരമ്പര്യ വിജ്ഞാനത്തിനു പറയാനുള്ളത്. വൈജ്ഞാനികമായ നവോത്ഥാനത്തിന് കാര്‍മികത്വം വഹിച്ചവരുടെ സേവനങ്ങള്‍ അവര്‍ മുഖേനയോ അവരുടെ ശിഷ്യ ഗണങ്ങള്‍ മുഖേനയോ മറ്റു പ്രദേശങ്ങളിലേക്കും തലമുറകളിലേക്ക് തന്നെയും പ്രചരിക്കുക വഴിയാണ് ലോകത്ത് ഇസ്‌ലാമിന്റെ പാരമ്പര്യത്തിന് അതിജീവന ശക്തി ലഭിച്ചത്. ഒരു കാലഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധിയെ ഒരു നവോത്ഥാന നായകന്‍ മുഖേന അതിജയിക്കാനായിട്ടുണ്ടെങ്കില്‍ പില്‍ക്കാലങ്ങളിലെ സമൂഹങ്ങള്‍ക്കെല്ലാം ആ മഹാന്റെ സേവനത്തില്‍ നിന്ന് ഊര്‍ജം സംഭരിച്ച് മുന്നേറാന്‍ സാധിക്കുന്നു. ഈ മേന്മ മനസ്സിലാക്കാത്തവരാണ് പൂര്‍വ്വീകര്‍ക്കെതിരെ പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനം കൈകൊള്ളുകയും അഹ്‌ലുസുന്നയില്‍ നിന്ന് വഴിവിട്ടു സഞ്ചരിക്കുകയും ചെയ്തിരിക്കുന്നത്. പൂര്‍വ്വീകരായ മുസ്‌ലിം നേതൃത്വങ്ങള്‍ കാലഘട്ടത്തിന്റെ മാറ്റമനുസരിച്ച് സമൂഹത്തില്‍ സംഭവിച്ച ന്യൂനതകളെ പരിഹരിക്കാന്‍ വേണ്ടി വരുത്തിയിട്ടുള്ള പരിഷ്‌കരണങ്ങളുടെ ആവശ്യകത മനസ്സിലാക്കാതെയാണ് ഒരു വിഭാഗം സലഫുകളുടെ കാലഘട്ടത്തിലെ നിലപാടുകളിലേക്ക് മടങ്ങുവാന്‍ ആഹ്വാനം ചെയ്യുന്നത്. സലഫുകള്‍ എക്കാലത്തുമുള്ള മുസ്‌ലിംകള്‍ക്ക് മാതൃകയും പ്രമാണവുമാണെങ്കിലും സലഫുകളുടെ കാലഘട്ടത്തില്‍ നിന്ന് നമ്മുടെ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ സമൂഹത്തിന്റെ അവസ്ഥയിലും വൈജ്ഞാനിക സാഹചര്യങ്ങളിലും ഒരുപാട് ന്യൂനതകളും പരിമിതികളും സംഭവിക്കുന്നുണ്ട്. ഇതു പരിഗണിച്ചു കൊണ്ടാണ് നാം സലഫുകളില്‍ നിന്ന് മാതൃക സ്വീകരിക്കേണ്ടത്. സലഫുകളുടെ കാലഘട്ടം തെളിച്ചമുള്ളതും മുത്തഖീങ്ങളായ നേതൃത്വത്തിന് കീഴില്‍ ഉമ്മത്ത് നില്‍ക്കുകയും ചെയ്തിരുന്ന സാഹചര്യമായിരുന്നു. നബി(സ)യെ നേരില്‍ കാണുകയും ഖുര്‍ആനും ഹദീസുകളും നബി(സ)യില്‍ നിന്നും അവിടുത്തെ സ്വഹാബത്തില്‍ നിന്നും മനസ്സിലാക്കുകയും ചെയ്തവരുടെ നേതൃത്വമായിരുന്നു അന്നുണ്ടായിരുന്നത്. മാത്രമല്ല, ഇസ്‌ലാമിന്റേതല്ലാത്ത മറ്റു ചിന്താധാരകള്‍ക്കോ നാഗരികതകള്‍ക്കോ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്ത ശുദ്ധ കാലഘട്ടമായിരുന്നുവത്. അത്തരമൊരു സാഹചര്യത്തില്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നിയമങ്ങളെ നിര്‍ദാരണം ചെയ്യുന്നതിലുള്ള സുതാര്യതയും സ്വാതന്ത്ര്യവും പില്‍ക്കാലത്ത് അനുവദിച്ചാലുണ്ടാകുന്ന ഭവിഷത്ത് വലുതാണ്. അതുകൊണ്ടാണ് പില്‍ക്കാലത്ത് മദ്ഹബുകളെ പിന്തുടരുന്ന രീതിക്ക് ആധികാരികത കല്‍പ്പിക്കപ്പെട്ടത്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനപരമായി കല്‍പ്പിച്ച കാര്യങ്ങളില്‍ ഉമ്മത്തിനെ അടിയുറപ്പിച്ചു നിര്‍ത്താന്‍ അനിവാര്യമായ പല നവീകരണങ്ങളുമാണ് അകക്കണ്ണുള്ള ഉലമാക്കള്‍ നിര്‍വഹിച്ചത്. പ്രമാണങ്ങളുടെ വിവിധ മുഖങ്ങള്‍ ചികഞ്ഞ് ആശയ കാലുഷ്യത്തില്‍ അകപ്പെടാതിരിക്കാനായി കര്‍മശാസ്ത്രപരമായ നാലാലൊരു മദ്ഹബിനെ അനുകരിക്കുവാനുള്ള ആഹ്വാനം അതിലൊന്നാണ്. മനുഷ്യയുക്തിയും ചിന്തയും ഈമാനികമായ പാഠങ്ങള്‍ ഉള്‍കൊള്ളുന്ന അവസരത്തില്‍ അഹ്‌ലുസുന്നത്തിന്റെ വഴിയെ അതിലംഘിക്കാതിരിക്കാന്‍ ബുദ്ധിപരമായ ന്യായസമര്‍ത്ഥനങ്ങളോടെ അഹ്‌ലുസുന്നത്തിന്റെ വിശ്വാസസംഹിതയെ ക്രോഡീകരിച്ചതും ഇതേ ലക്ഷ്യത്തിലാണ്. തസവുഫിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുമ്പോള്‍ ഫിഖ്ഹും അഖീദയും ശരിയാം വിധം പിന്തുടരുന്ന മാര്‍ഗം വേണമല്ലോ അവയുടെ ക്രോഡീകരണവും ഇമാമുകള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ നിര്‍ണിതമായ പാതയിലൂടെ മുന്നോട്ടു പോവുക എന്നതാണ് നമുക്ക് മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം.
ജനങ്ങള്‍ നടന്നു പോകുന്ന വഴി എന്നര്‍ത്ഥം വരുന്ന മദ്ഹബ് ഇസ്‌ലാമിക പാരമ്പര്യത്തിലെ പ്രധാനപ്പെട്ട ആശയമാണ്. സത്യവിശ്വാസികള്‍ വൈജ്ഞാനികമായി മുന്നേറുന്ന പാതയാണത്. അഗാധ ജ്ഞാനികളായ പണ്ഡിതന്മാര്‍ ഒന്നടങ്കം നൂറ്റാണ്ടുകളായി കടന്നു പോയ പാത എന്നത് ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട പ്രമാണമാണ്. ഖുര്‍ആനിലും ഹദീസിലും അതിനെ പിന്തുണക്കുന്ന വാക്യങ്ങളുണ്ട്. ''എന്റെ ഉമ്മത്ത് അസത്യത്തില്‍ ഒന്നിക്കുകയില്ല'' എന്ന നബി വചനം തന്നെ അതിനു വ്യക്തമായ പ്രമാണമാണ്. നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതന്മാര്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്ത വഴിയെ സംബന്ധിച്ചാണ് മദ്ഹബ് എന്നു പ്രയോഗിക്കുന്നത്. ഇസ്‌ലാമിന്റെ ശാഖാപരമായ തലങ്ങളിലും അവതരണ ശൈലികളിലും ജ്ഞാനികളായവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതിനെ ഉയര്‍ത്തിപിടിച്ച് ഇമാമുകളുടെ വിശ്വസ്ഥതയും ആധികാരികതയും ചോദ്യം ചെയ്യുന്ന ഹീനമായ സമീപന രീതികളുമായി രംഗത്തു വന്നവര്‍ തീര്‍ച്ചയായും വിനാശകാരികളാണ്. ഈ ഉമ്മത്തിന്റെ വൈജ്ഞാനികമായ പാരമ്പര്യത്തെ ആദരപൂര്‍വം കാണുകയും വസ്തുതകള്‍ യഥാവിധി മനസ്സിലാക്കി ഈ ദീനിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പരിശ്രമിക്കുകയുമാണ് യഥാര്‍ത്ഥ വിശ്വാസികളുടെ ബാധ്യത. നൂറ്റാണ്ടുകളായി മുസ്‌ലിം ലോകം ഐക്യകണ്‌ഠേന അംഗീകരിച്ചു വന്ന ഇമാമുകളുടെ നേതൃത്വത്തിന് കീഴിലല്ലാതെ ഈ ഉമ്മത്തിന് നഷ്ടപ്പെട്ടു പോയ ഐക്യം വീണ്ടെടുക്കാന്‍ സാധിക്കുകയില്ല.
നബീല് മന്ദലാംകുന്ന്
Comments
Post a Comment