മത-ഭൗതിക വിദ്യഭ്യാസം: ജ്ഞാനശാസ്ത്രത്തിലെ വൈരുധ്യങ്ങള്‍
മത-ഭൗതിക വിദ്യഭ്യാസം:
ജ്ഞാനശാസ്ത്രത്തിലെ വൈരുധ്യങ്ങള്‍
നബീല്‍ മന്ദലാംകുന്ന്
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തേയും ലക്ഷ്യത്തേയും ആശ്രയിച്ചാണ് അതിന്റെ പഠന രീതിയും പാഠ്യ പദ്ധതിയും നിര്‍മിക്കപ്പെടേണ്ടത്. വിദ്യഭ്യാസത്തെ പവിത്രവും ആത്മീയവുമായി കണ്ടിരുന്ന പരമ്പരാഗത സങ്കല്‍പ്പത്തില്‍ നിന്ന് പവിത്രത കല്‍പ്പിക്കപ്പെടാത്തതും ഭൗതികവുമായ സങ്കല്‍പ്പത്തിലേക്ക് ആധുനികകാലഘട്ടത്തില്‍ പറിച്ചുനടപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിദ്യഭ്യാസത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങണം. മുസ്‌ലിം സമൂഹത്തില്‍ എന്നല്ല എല്ലാ ആധുനികപൂര്‍വ സമൂഹത്തിന്റെയും വൈജ്ഞാനിക സങ്കല്‍പ്പത്തില്‍ ആധുനികതയുടെ യൂറോസെന്ററിക്കായ വിദ്യഭ്യാസത്തിന്റെ സ്വാധീനം നന്നായി പ്രിതഫലിച്ചിട്ടുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനികളായിരുന്ന ഇടങ്ങളിലെല്ലാം അതിവേഗം അവരുടെ നൂതന സങ്കല്‍പ്പങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ പ്രിതിരോധ വീര്യം പ്രികടിപ്പിച്ചത് കേരളീയ മുസ്‌ലിം സമൂഹമാണെന്നു പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് നാം ആധുനികതക്ക് കീഴ്‌പ്പെടുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് മുമ്പില്‍ പരമാവധി പ്രതിരോധിച്ചു നിന്ന ശേഷമാണ് എല്ലാ പ്രദേശങ്ങളിലേയും മുസ്‌ലിം സമൂഹം ആധുനികതക്ക് കീഴ്‌പ്പെട്ടത്.
ആഗോളാടിസ്ഥാനത്തില്‍ പാശ്ചാത്യ ആധുനികതക്ക് കൈവന്ന മേല്‍കോയ്മയോടെ എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും ആധുനികത പ്രദാനം ചെയ്ത വിദ്യാഭ്യാസത്തെ അവഗണിക്കാന്‍ കഴിയാതെയായി. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്ക് കീഴ്‌പ്പെടാതെ മനുഷ്യന് മുന്നോട്ടു പോവുക സാധ്യമല്ലല്ലോ. പക്ഷേ, ഇസ്‌ലാമിന്റെ അജയ്യതയും ആശയപരമായ വീര്യവും ഇവയെ എല്ലാം മറികടക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യത്തെ ബോധ്യപ്പെടാത്തവര്‍ക്ക് ഇതിന് കീഴ്‌പ്പെടേണ്ടി വരും. ആധുനിക വ്യവസ്ഥിതി പ്രദാനം ചെയ്യുന്ന വിജ്ഞാനങ്ങളെ ഇസ്‌ലാമിക സങ്കല്‍പ്പങ്ങളില്‍ നിന്ന് കൊണ്ട് സ്വാംശീകരിക്കുക എന്ന സാഹസിക യത്‌നത്തിനിടയില്‍ സമൂഹം പലവിധ ദുരന്തങ്ങളേയും അഭിമുഖീകരിക്കേണ്ടി വന്നത് തീര്‍ത്തും സ്വാഭാവികമാണ്. ആധിപത്യം മറ്റൊരു ശക്തിയുടെ കരങ്ങളിലായിരിക്കെ മുസ്‌ലിം സമൂഹത്തിന് ആശയപരമായ അതിജീവനം സാധ്യമാവുകയാണ് ഇന്നത്തെ മതവിദ്യഭ്യാസത്തിന്റെ മുന്നിലെ വെല്ലുവിളി. ഇസ്‌ലാമിന്റെ അമാനുഷികതയും ആശയപരമായ വീര്യവും കണക്കിലെടുത്താല്‍ രാഷ്ട്രീയമായ ആധിപത്യമില്ലാതെ തന്നെ ഇസ്‌ലാമിന്റെ പുനരുജ്ജീവനം സാധ്യമാകേണ്ടതാണ്. ഇസ്‌ലാമിന്റെ പ്രകാശ കിരണങ്ങളില്‍ ഊന്നി കൊണ്ട് പ്രവര്‍ത്തിക്കാനുള്ള മുസ്‌ലിംകളുടെ ആത്മാര്‍ത്ഥതക്കനുസരിച്ചാണ് അല്ലാഹു ഇസ്‌ലാമിന്റെ പുനരുജ്ജീവനം സാധ്യമാക്കുകയുള്ളൂവെന്നത് മറ്റൊരു വസ്തുതയാണ്. ഇസ്‌ലാമിനെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്തുന്നതില്‍ ആത്മാര്‍ത്ഥതയും സജ്ജീവ പ്രയത്‌നവും ഉമണ്ടായാല്‍ തന്നെ അതിന്റെ പ്രബോധന പ്രക്രിയകളെല്ലാം ആത്മവീര്യമുള്ളതായി മാറുന്നതാണ്. ഇസ്‌ലാമിന്റെ ആത്മവീര്യത്തെ സ്വയം പ്രാപിക്കാത്തവര്‍ക്കാണ് പ്രബോധന-വിദ്യാഭ്യാസ മേഖലകളിലെല്ലാം രീതിശാസ്ത്രവും പാഠ്യപദ്ധതി രൂപീകരണവും വല്ലാത്ത സമസ്യയാകുന്നത്. വാന ലോകത്തു നിന്നുള്ള ദിവ്യസന്ദേശത്തിന്റെ ചൈതന്യത്തില്‍ പ്രകാശിതമായ ഇസ്‌ലാമിന്റെ പ്രതാപങ്ങള്‍ അത്തരമൊരു ബന്ധത്തിന്റെ പിന്തുടര്‍ച്ചയിലൂടെ മാത്രമേ സമ്പൂര്‍ണ്ണമായ വിജയം കരകതമാവുകയുള്ളൂ.
ഇസ്‌ലാമിക വിദ്യഭ്യാസത്തിന്റെ ഉള്ളടക്കത്തിന് മൂല്യശോഷണം സംഭവിക്കാതെ ഭൗതിക വിദ്യഭ്യാസത്തെ അനുകരിക്കാനുള്ള ത്വര നമ്മില്‍ ഉദിക്കുക തന്നെ ചെയ്യില്ല. ഇസ്‌ലാമിന്റെ ഇലാഹിയായ വിജ്ഞാനങ്ങള്‍ ജീവസുറ്റതാകണമെങ്കില്‍ ഇല്‍മും അമലും ഒരുമിച്ചു കൂടണം. ഇല്‍മും അമലും ഒരുമിച്ചു കൂട്ടുന്ന ഒരു വ്യക്തിയില്‍ നിലകൊള്ളുന്ന പ്രകാശമാണ് വിദ്യ. ഈ വ്യക്തിയോട് സഹവസിച്ചും സ്‌നേഹിച്ചും പകര്‍ത്തി എടുക്കുന്ന വിജ്ഞാനത്തിനാണ് ആത്മവീര്യവും ചൈതന്യവുമുണ്ടാവുകയുള്ളൂ. വ്യക്തിയില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശമാണ് യഥാര്‍ത്ഥ ജ്ഞാനമെന്ന സങ്കല്‍പ്പ പ്രകാരം ഗുരുവാണ് വിദ്യാഭ്യാസത്തിന്റെ കേന്ദ്രം. ഭൗതിക വിദ്യഭ്യാസമാകട്ടെ കുറേ വിവരങ്ങള്‍ മനപാഠമാക്കുന്നതിലും വിഷയങ്ങളെ മനനം ചെയ്യുന്നതിലും നിര്‍മാണ പ്രക്രിയകളേയും ഉള്ളടങ്ങിയിട്ടുള്ളവയാണ്. രണ്ടു വിദ്യാഭ്യാസത്തിന്റെയും ഉള്ളടക്കങ്ങള്‍ ഇരുധ്രുവങ്ങളായി നില്‍ക്കെ അവയുടെ പഠന രീതിസാസ്ത്രത്തിലെ അനുകരണം തീര്‍ത്തും മൗഡ്യമാകുമല്ലോ. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിന് കോട്ടം സംഭവിക്കാതെ ഭൗതികവിദ്യാഭ്യാസത്തെ അനുകരിക്കാനാകില്ല എന്നതിനാല്‍ ഈ വികലമായ അനുകരണത്തെ എയ്പിങ് (മുശിഴ)എന്നാണ് വിശേഷിപ്പിക്കാവുന്നത്.
സ്‌കൂളിനെ അനുകരിച്ച് പീരിയഡ്, പരീക്ഷ, റാങ്കിങ്ങ്, പ്രോഗ്രസ് റിപ്പോര്‍ട്ട്, പോതുപരീക്ഷ, അവാര്‍ഡ് പ്രഖ്യാപനം എന്നിങ്ങനെ എല്ലാം മദ്‌റസയില്‍ കൊണ്ടു വെച്ചിരിക്കുകയാണ്. മതംപഠിച്ച് ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയല്ലാതെ മതം പഠിച്ച് നല്ലൊരു മുത്തഖിയാകാനുള്ള വഴിയിലൂടെയല്ല നടപ്പ് മതപഠനം പോകുന്നത്. അതുകൊണ്ടു തന്നെ മദ്‌റസകളിലും അതുപോലുള്ള കലാലയങ്ങളിലൂടെയും മതപഠനം പൂര്‍ത്തീകരിച്ച് വരുന്നവരില്‍ മുത്തഖീങ്ങളുടെ മാതൃക പ്രകടമാകുന്നില്ല. വിശ്വസിക്കുകയും തഖ്‌വ പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണ് അല്ലാഹു ആകാശങ്ങളിലേയും ഭൂമിയിലേയും അനുഗ്രഹങ്ങള്‍ മലര്‍ക്കെ തുറന്നു തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത്.
വിജ്ഞാനത്തോടുള്ള താല്‍പ്പര്യമല്ല, ഭൗതിക വിദ്യാഭ്യാസം പണമുണ്ടാക്കാനുള്ള ഉപാധിയാണെന്ന നിലയിലാണ് നമ്മുടെ സമൂഹം അതിലേക്ക് ആകൃഷ്ടരായിരിക്കുന്നത്. നിലനില്‍ക്കുന്ന അധികാര കേന്ദ്രങ്ങളുടെ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്കാണല്ലോ അവരുടെ അധികാര മണ്ഡലത്തില്‍ അന്തസുള്ള ജോലിയും ഉയര്‍ന്ന വരുമാനവും ലഭ്യമാവുകയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ ഇത്തരമൊരു സാഹചര്യം രൂപപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും അന്നത്തെ മുസ്‌ലിം നേതൃത്വങ്ങള്‍ മതത്തിന്റെ അടിസ്ഥാനങ്ങളില്‍ നിസ്വാര്‍ത്ഥമായും ആത്മാര്‍ത്ഥമായും നിലകൊള്ളുകയും കോളോണിയല്‍ ശക്തികളെ പ്രതിരോധിക്കുന്നതില്‍ ശുഷ്‌കാന്തി പുലര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് കൊളോണിയല്‍ ശക്തികളുടെ സാംസ്‌കാരിക അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അങ്ങിനെ ഭൗതികവിദ്യാഭ്യാസം നേടി തുടങ്ങിയപ്പോള്‍ അതിന്റെ രീതിശാസ്ത്രത്തെ അനുകരിക്കുന്ന പ്രവണതയും ആരംഭിച്ചു. ഇസ്‌ലാമികമായ ജീവിതം നയിക്കുന്ന മാതൃകായോഗ്യനായ അധ്യാപകന്റെ മാതൃകയെ പിന്‍പറ്റികൊണ്ട് നേടി എടുക്കേണ്ട മതവിദ്യാഭ്യാസത്തിന് ഇതോടെ മൂല്യശോഷണം ആരംഭിച്ചു. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാനുള്ള അനുശീലനത്തിന് പകരം കുറെ ജ്ഞാനങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളായി മതപാഠശാലകള്‍ വര്‍ത്തിച്ചതു കൊണ്ട് ഇസ്‌ലാമികമായ യാതോരു മുന്നേറ്റവും സാധ്യമാകുന്നതല്ല. പരീക്ഷ എഴുതി ജയിക്കുക എന്നതില്‍ ഒതുങ്ങിയ മതവിദ്യാഭ്യാസത്തില്‍ കേരളീയ മുസ്‌ലിംകള്‍ക്ക് സാധിച്ച വിജയമാണ് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്.
മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക വിദ്യഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മതസംഘടനകളൊക്കെ തന്നെ ഭൗതികമായി സമുദായത്തെ ഉദ്ധരിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഭൗതികമായി ഉദ്ധരിക്കുക എന്നത് അല്ലാഹുവും റസൂലും പഠിപ്പിച്ച ലക്ഷ്യമല്ല. ക്രൈസ്തവരുടേയും-ജൂതന്മാരുടേയും അത്യന്തിക ലക്ഷ്യമാണ് ഭൗതിക പുരോഗതി. അതിനു വേണ്ടി വിദ്യഭ്യാസത്തെ ഉപയോഗിക്കുന്നതില്‍ ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ വിജയിച്ചു. അതാണ് പാശ്ചാത്യ യൂറോപ്പും അവരുടെ ആധുനിക വ്യവസ്ഥിതിയുടേയും സ്വാധീനം മൂലം നമ്മളിലും വന്നു ഭവിച്ചിരിക്കുന്നത്. ലോകചരിത്രത്തില്‍ അത്യത്ഭുതകരമായ മുന്നേറ്റങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച മുസ്‌ലിം ഉമ്മത്ത് ഇന്ന് ഷണ്ഡീകരിക്കപ്പെട്ട സ്ഥിതിയിലായി മാറാന്‍ കാരണം ഈ പാശ്ചാത്യ അനുകരണമാണ്. ഭൗതിക ജീവിത സങ്കേതങ്ങളില്‍ വികസനം സൃഷ്ടിക്കുക എന്നത് ഇസ്‌ലാമില്‍ തീരെ അപ്രധാനമായ കാര്യമായിരിക്കെ മുസ്‌ലിംകള്‍ ഇന്ന് അവയെ അടിസ്ഥാന മാനദണ്ഡമാക്കിയത് എത്ര വലിയ അപരാധമാണ്. ലളിതമായ ജീവിത സങ്കേതങ്ങളില്‍ തൃപ്തിപ്പെടുന്നവര്‍ക്ക്(സുഹ്ദ്) സ്ഥാനം കല്‍പ്പിക്കുന്ന ഇസ്‌ലാമിന്റെ സമീപനത്തില്‍ നിന്നും നാം തെന്നിമാറിയതു കൊണ്ടാണ് എല്ലാ ഭൗതിക സംവിധാനങ്ങളേയും നാം അനുകരിക്കേണ്ടി വന്നത്. ''പിശാച് നിങ്ങളെ ദാരിദ്രത്തെ കുറിച്ച് ഭയപ്പെടുത്തും. തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കും. അല്ലാഹുവാകട്ടെ നിങ്ങള്‍ക്ക് പാപമോചനവും അനുഗ്രഹവും വാഗ്ദാനം ചെയ്തിരിക്കുന്നു.''(ഖുര്‍ആന്‍ - അല്‍ബഖറ). അപ്പോള്‍ പിശാചിന്റെ പ്രേരണക്ക് വിധേയപ്പെടുമ്പോളാണ് വിദ്യഭ്യാസത്തിലടക്കം ഭൗതികമായ മാനദണ്ഡം കടന്നുവരുന്നത്. ഭൗതിക ജീവിതത്തില്‍ ദാരിദ്ര്യം നേരിടേണ്ടിവരുമെന്ന ഭീതിയാണല്ലോ ഭൗതികവിദ്യാഭ്യാസത്തിലൂടെ പണം സമ്പാദിക്കുന്നതിലേക്ക് ആകൃഷ്ടരായിട്ടാണ് നമുക്ക് പിഴവ് സംഭവിക്കുന്നത്. ഭൗതികവിദ്യഭ്യാസത്തില്‍ ആകൃഷ്ടരായവരെ മതവിദ്യഭ്യാസത്തിലേക്ക് ആകര്‍ഷിപ്പിക്കാന്‍ മതവിദ്യാഭ്യാസത്തിന്റെ പഠന രീതികള്‍ സ്‌കൂളിനെ അനുകരിക്കേണ്ടതുണ്ട് എന്ന വീക്ഷണമാകട്ടേ അതിലേറെ അബദ്ധമായിമാറി. ഭൗതികതയോടുള്ള മോഹങ്ങള്‍ നമ്മുടെ ജീവിതത്തേയും ആദര്‍ശത്തേയും ബാധിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഭൗതിക ജീവിത്തോടുള്ള ഭ്രമമാണ് എല്ലാ തിന്മകളുടേയും മൂലസ്രോതസ്സ് എന്ന് നബി(സ) നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. അതിന് പര്യപ്തമായ ആത്മസംസ്‌കരണമാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ സ്വാധീനങ്ങളെ മറികടക്കാനുള്ള ഉപാധി എന്ന് വളരെ ലളിതമായി മനസ്സിലാക്കാം. ഭൗതികവിദ്യാഭ്യാസം നേടുമ്പോളും അതിന്റെ ഇസ്‌ലാം വിരുധ സ്വഭാവത്തെ അതിജീവിക്കാനുള്ള പ്രതിരോധശേഷിയുണ്ടെങ്കില്‍ സാംസ്‌കാരികമായ അധിനിവേശം നമുക്ക് മുമ്പില്‍ പരാജയപ്പെടുക തന്നെ ചെയ്യും.
വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം; ആധുനികതയുടെ ചട്ടകൂട്ടില്‍ തന്നെ
ലോകാടിസ്ഥാനത്തില്‍ മുസ്‌ലിം ലോകത്തെ വിദ്യാഭ്യാസ സംരംഭങ്ങളെ മുഴുവന്‍ പാശ്ചാത്യ ആധുനികത കീഴ്‌പ്പെടുത്തിയപ്പോള്‍ അതില്‍ നിന്നുള്ള വിമോചനത്തിനായി ഇസ്മാഈല്‍ റാജി ഫറൂഖിയുടെ മുന്‍കൈയ്യോടെ ആരംഭിച്ച ബൗദ്ധിക രംഗത്തെ പ്രതിരോധ നീക്കങ്ങളാണ് വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണമെന്ന് അറിയപ്പെടുന്നത്. അഭ്യസ്ഥവിദ്യരും ബുദ്ധിജീവികളുമായ ആളുകള്‍ക്കിടയിലെ ചര്‍ച്ചകളിലും രചനകളിലുമാണ് ഇതിന്റെ മുന്നേറ്റമുണ്ടായത്. മുസ്‌ലിം ലോകത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രായോഗികമായ വിജയം കൈവരിക്കാന്‍ ഈ സംരംഭത്തിന് സാധിച്ചില്ല. പക്ഷേ, മുസ്‌ലിം ബുദ്ധിജീവികളുടെയും സാമൂഹികശാസ്ത്രകാരന്മാരുടേയും സംഘടനകള്‍ രൂപീകരിക്കുവാനും ഈ വിഷയകമായ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതിലൂടെ ചെറിയൊരു ചലനം ഇതിലൂടെ സാധിച്ചു.
1977ല്‍ സ്വിസര്‍ലാന്റിലെ ലുഗാനോവില്‍ ചില മുസ്‌ലിം പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്ന് ''ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന്'' രൂപം നല്‍കി. 1981ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്കയില്‍ രജിസ്ടര്‍ ചെയ്യപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ മുസ്‌ലിം പണ്ഡിതന്മാരുടേയും ബുദ്ധിജീവികളുടേയും ഒരു സമ്മേളനം വിളിച്ചു കൂട്ടുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യം ചെയ്തത്. വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണത്തിനുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനം എന്നതറിയപ്പെട്ടു. വിവിധ വിജ്ഞാനീയങ്ങളെ ഇസ്‌ലാംവല്‍കരിക്കുന്നതിന് പണ്ഡിതന്മാരെ സജ്ജരാക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. 1982ല്‍ ഇസ്‌ലാമാബാദില്‍ നടന്ന മറ്റൊരു സമ്മേളനത്തില്‍ പല നാടുകളില്‍ നിന്നുമുള്ള പണ്ഡിതന്മാരും ചിന്തകന്മാരും പങ്കെടുത്തിരുന്നു. അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് സിയാഉല്‍ഹഖ് ഉദ്ഘാടനം ചെയ്ത പ്രസ്തുത സമ്മേളനം വലിയ വിജയമായിരുന്നു. ഇസ്‌ലാമാബാദില്‍ നടന്ന സമ്മേളനത്തിന് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ട് കോലാലംപൂരില്‍വെച്ച് മൂന്നാം സമ്മേളനം ചേര്‍ന്നു. പിന്നീട് 1987ല്‍ സുഡാനില്‍വെച്ച് നാലാം സമ്മേളനം ചേര്‍ന്നു. മനുഷ്യജ്ഞാനത്തിന്റെ വിവിധ ഘടകങ്ങളിലും മണ്ഡലങ്ങളിലും ഭദ്രമായ ഇസ്‌ലാമിക അടിത്തറകള്‍ പാകുന്നതിന് ഈ സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ പ്രബന്ധങ്ങള്‍ സഹായകമാകുന്നതാണ്. പക്ഷേ, കേരളിയ മുസ്‌ലിം സമൂഹം ഈ സംരംഭത്തിന്റെ ഗുണങ്ങളെ സ്വാംശീകരിക്കുന്നതില്‍ വളരെ പിന്നിലാണ്.
വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണത്തിലൂടെ മുസ്‌ലിം സമൂഹത്തിന്റെ ദീനിയായ പുനരുജ്ജീവനമോ നവോത്ഥാനമോ സാധ്യമാകുന്നതായിരുന്നില്ല. മാത്രമല്ല, എണ്‍പതുകളില്‍ ചലനാത്മകമായിരുന്ന ആ മുന്നേറ്റം തുടങ്ങിയിടത്തു തന്നെ കെട്ടിനില്‍ക്കുകയാണിപ്പോളും. വിദ്യഭ്യാസം സിദ്ധിക്കുന്നവര്‍ക്ക് ഒരു ഘട്ടത്തില്‍ ഉപോയഗിക്കാവുന്ന വൈജ്ഞാനിക സംഭാവനകള്‍ നിര്‍വഹിക്കാന്‍ സാധിച്ചുവെന്നതു മാത്രമാണ് അതിന്റെ സവിശേഷത. ആധുനികത നിര്‍മിച്ച വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും നാഗരിക-ശാസ്ത്ര സങ്കല്‍പ്പത്തിന്റെയും ചട്ടകൂടിനകത്തെ ഒരു ഇസ്‌ലാമിനെയാണ് അവര്‍ വിഭാവന ചെയ്തിരിക്കുന്നത്. തീര്‍ച്ചയായും പാശ്ചാത്യ ആധുനികരുടെ ജീവിത സങ്കല്‍പ്പത്തിനെ അപനിര്‍മിക്കാന്‍ പര്യപ്തമായതല്ല വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണ പ്രക്രിയകള്‍. ഭൗതിക ജീവിതത്തോട് പരിത്യാഗം പുലര്‍ത്തുന്നതും പരലോക ജീവിതത്തോട് പ്രത്യാശ പുലര്‍ത്തുന്നതുമായ ഇസ്‌ലാമിന്റെ പാതയിലേക്ക് സഹായിക്കുവാന്‍ അത്തരം സംരംഭങ്ങള്‍ക്കൊന്നും സാധിക്കുന്നിതല്ല. പാശ്ചാത്യ ആധുനിക സങ്കല്‍പ്പത്തിലെ ഇസ്‌ലാമ വിരുദ്ധമായ ചില സങ്കല്‍പ്പങ്ങളെ മറികടക്കാന്‍ മാത്രമാണ് വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം പോലുള്ളതിലൂടെ സാധിക്കുന്നത്. അതു തന്നെ ഉപയോഗപ്പെടുത്തുന്നതില്‍ നമുക്കിടയിലെ അഭ്യസ്ഥ വിദ്യര്‍ വളരെ പിന്നിലുമാണ്.
സ്വാലിഹീങ്ങളുമായി കണ്ണിച്ചേരുന്നതിലാണ് പരിഹാരം
ആധുനിക വിജ്ഞാനങ്ങളുടെ സ്വാധീനത്തിലകപ്പെട്ട് നിര്‍വീര്യമായി പോയ ഈ ഉമ്മത്തിന്റെ ഇസ്‌ലാമികമായ പുനരുജ്ജീവനത്തിന് വല്ല പരിഹാരവുമുണ്ടോ എന്നതാണ് ഇത്തരം ചര്‍ച്ചകള്‍ക്കൊടുവില്‍ അന്വേഷിക്കപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിനിടയില്‍ സമൂലമായ പുനരുജ്ജീവനത്തിന് പര്യപ്തമായ മാര്‍ഗം കേവലം വിദ്യാഭ്യാസ ചിന്തകള്‍ കൊണ്ടോ വിദ്യാഭ്യാസ സംരംഭങ്ങള്‍ കൊണ്ടോ മാത്രം ഉണ്ടാകുന്നതല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ, മുസ്‌ലിം സമൂഹത്തിന്റെ രോഗാതുരമായ മനസ്സിന്റെ പരിവര്‍ത്തനവും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നോട്ടു പോകുന്ന അവസ്ഥയും അതിപ്രധാനമാണ്. മാത്രമല്ല, സാമൂഹത്തിന്റെ മാറ്റമെന്ന സ്വപ്നത്തിലൂടെ വിഭാവന ചെയ്യപ്പെടുന്ന ഒന്നും തന്നെ വിജയത്തിലേക്ക് എത്തിച്ചേരുന്നതല്ല. കാരണം, നിയ്യത്ത് വളരെ പ്രധാനമാണ്. പരലോക വിജയം മുന്നില്‍ കണ്ടു കൊണ്ട് മുന്നേറുന്ന ഒരു ജനതയെയാണ് വിജയത്തിന്റെ ആളുകളായി അല്ലാഹു പരിചയപ്പെടുത്തുന്നത്. വ്യക്തികള്‍ക്ക് അല്ലാഹുവുമായുള്ള ബന്ധവും പരലോകവുമായിട്ടുള്ള ബന്ധവും രൂഢമൂലമാക്കുവാന്‍ കഴിയുന്ന ഗുരുവര്യന്മാരിലൂടെയാണ് മുസ്‌ലിംകളുടെ എല്ലാ തരത്തിലുള്ള വിജയവും സാധ്യമാകുന്നത്. സ്ഥാപനവും രീതിശാസ്ത്രവും പാഠ്യപദ്ധതിയിലുള്ള നവീകരണത്തിലൂടെയുമല്ല ഇത്തരം ഗുരുവര്യന്മാരുമായി കണ്ണിച്ചേര്‍ക്കപ്പെടുന്നതിലും അവരുടെ ജീവിത മാതൃക പിന്‍പറ്റപ്പെടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടത്. അതിന് ഉപോല്‍ബലകമായ തെളിവാണ് അല്ലാഹു ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരെ നിയോഗിച്ച സംഭവത്തിലുള്ളത്. ഒരുലക്ഷത്തില്‍ പരം പ്രവാചകന്മാരെ പറഞ്ഞയക്കുമ്പോള്‍ നാല് വേദങ്ങളും നൂറ് ഏടുകളും മാത്രമാണ് അതോടൊപ്പം അവതരിപ്പിക്കുന്നത്. അതു തന്നെ പ്രവാചകന്മാര്‍ മുഖേനയാണ് വേദവാക്യങ്ങള്‍ വിശദീകരിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്തത്. ഗ്രന്ഥത്തിനും ഗുരുവിനുമുള്ള പ്രാധാന്യത്തിന്റെ വ്യത്യാസം ഇതില്‍ നിന്നും ഊഹിക്കാവുന്നതാണല്ലോ. ഈയൊരു മുന്‍ഗണനാക്രമത്തോടെയാണ് നാം വിദ്യഭ്യാസ രംഗത്തെ ഗുരുവിനേയും സിലബസുകളേയും കാണേണ്ടത്. അപ്പോളാണ് ശരിയായ ദിശയിലേക്ക് നമ്മുടെ അന്വേഷണങ്ങള്‍ എത്തിച്ചേരുകയുള്ളൂ. സ്വാലിഹീങ്ങളായ മഹാന്മാരില്‍ വിജ്ഞാനികളായവരെ പരമാവധി ഉപജീവിക്കുക എന്നതല്ലാത്ത മറ്റു പരിഹാരങ്ങളില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളേണ്ടതുണ്ട്. അതോടൊപ്പം നാം നിര്‍മിക്കുന്ന സ്ഥാപനങ്ങളും പഠന രീതികളും പാഠ്യവിഷയങ്ങളും എപ്രകാരമാകണമെന്ന ആലോചനകള്‍ സ്വാഗതാര്‍ഹമാകുന്നതാണ്.
Alif printing solution
Mannalamkunnu, Chavakkad, Thrissur
Nabeel: 9846741629 Yoosaf: 9846876620
Comments
Post a Comment