ബുഖാറ; ഉസ്‌ബെകിസ്ഥാനില്‍ നിന്ന് ചാവക്കാട്ടേക്കുള്ള ദൂരം
.............................. .......................
നബീല്‍ മന്ദലാംകുന്ന്
ഉസ്‌ബെകിസ്ഥാനിലെ പ്രസിദ്ധമായ നഗരമാണ് ബുഖാറ. എന്നാല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറത്തുണ്ട് ഒരു ബുഖാറ. കേരളമുസ്‌ലിംകളുടെ ആദ്ധ്യാത്മിക തറവാട് സ്ഥിതിചെയ്യുന്ന ഇടം. പടിഞ്ഞാറ് അറബികടലും കിഴക്കും തെക്കും ചേറ്റുവപ്പുഴ ചുറ്റിനില്‍ക്കുകയും ചെയ്യുന്ന ഒരര്‍ധ ദ്വീപിലാണ് ബുഖാറ തറവാട് സ്ഥിതി ചെയ്യുന്നത്. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ബുഖാറ തറവാട് ഇന്ന് കേരള മുസ്‌ലിംകള്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ്. ആത്മീയ ദാഹികളും ഫത്‌വ തേടുന്നവരും ചികിത്സ അമ്പേഷിക്കുന്നവരും നീറുന്ന പ്രശ്‌നങ്ങള്‍ പേറുന്നവരും അഭയകേന്ദ്രമായി കണ്ടിരുന്നത് ബുഖാറയേയാണ്. അതുകൊണ്ട് തന്നെ നാനാജാതി മനുഷ്യരും ഒത്തൊരുമിക്കുന്ന വലിയ അഭയകേന്ദ്രമായിട്ടാണ് ബുഖാറ അതിന്റെ പ്രതാപം മുറ്റി നില്‍ക്കുന്ന നാളുകളില്‍ വര്‍ത്തിച്ചത്.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലബാര്‍ മുസ്‌ലിംകളുടെ മതപരമായ തറവാട് കൂടിയാണ് ബുഖാറ തറവാട്. പൊന്നാനിയില്‍ പോയി വിളക്കത്തിരുന്ന് ചാവക്കാട്(ബുഖാറ) പോയി ബൈഅത്ത് ചെയ്യുക എന്ന ഒരു ശൈലി തന്നെ നിലനിന്നിരുന്നു. ചാവക്കാട് ബുഖാറയില്‍ നിന്നും 30 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ മഖ്‌ദൂമുകളുടെ പൊന്നാനി ദേശമാണ്. മലബാറിലെ മക്ക എന്ന നിലയില്‍ കീര്‍ത്തിപരന്ന പൊന്നാനിയില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കുകയും ചാവക്കാട് ബുഖാറയില്‍ പോയി ത്വരീഖത്ത് സ്വീകരിക്കുകയും ചെയ്‌ത അനേകം ജ്ഞാന ദീപങ്ങളായ മഹാമനീഷികളാണ് മലബാറിന് ഇസ്‌ലാമിക ചൈതന്യം പകര്‍ന്നത്. മാത്രമല്ല, ബുഖാറ തറവാട് തന്നെ ഇല്‍മിന്റെ കേന്ദ്രമായിരുന്നു. ബുഖാറയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് വിജ്ഞാനത്തിന്റെ ബാഹ്യവും ആന്തരികവുമായ ചൈതന്യം കരസ്ഥമാക്കാന്‍ പുറംലോകത്തേക്ക് പോകേണ്ടതുണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും അവസാനത്തെ മകുടോദാഹരണമാണ് സയ്യിദ് ഹിബത്തുല്ലാഹി ബുഖാരി (റ). നാലു മദ്‌ഹബ് പ്രകാരവും ഫത്‌വ നല്‍കാന്‍ സാധിക്കുന്ന ഫഖീഹും ഖാദിരിയ്യ ത്വരീഖത്തിലെ ശൈഖും ആയ ഹിബത്തുല്ലാ തങ്ങളുടെ ഗുരു സ്വപിതാവായ വലിയ കോയമ്മതങ്ങളായിരുന്നു. അറബി ഭാഷയില്‍ ആശയവിനിമയം ചെയ്യുന്ന അന്തരീക്ഷമായിരുന്നു അക്കാലത്ത് ബുഖാറയുടേത്.
അഹ്‌മദുല്‍ ബുഖാരി തങ്ങളുടെ മകന്‍ മുസ്‌തഫ കൊച്ചുകോയതങ്ങളുടെ സന്താന പരമ്പരയാണ് ചാവക്കാട് ബുഖാറയില്‍ ഏറെ പ്രസിദ്ധരായിത്തീര്‍ന്നത്. മുസ്‌തഫ കൊച്ചുകോയതങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് എന്നവരുടെ മകനാണ് ഇമാമു സാഹിലി എന്ന പേരില്‍ പ്രസിദ്ധരായി തീര്‍ന്നത്. പതിന്നൊന്നോളം ഗ്രന്ഥങ്ങള്‍ രചിച്ച മഹാനവര്‍കളുടെ ആദാബുല്‍ അഖ്‌ല്‍ എന്ന പദ്യകൃതി ആഫ്രിക്കയിലെ സുഡാന്‍ മദ്രസകളില്‍ പാഠ പുസ്‌തകമായി ഉപയോഗിച്ചിരുന്നു. �അല്‍ബുന്‍ദുഖഃ അലാ അഹ്‌ലി സ്സൈഖിവസ്സിദിഖ� എന്ന പേരില്‍ വ്യാജ ത്വരീഖത്തുകാര്‍ക്കെതിരിലുള്ള രചനയും വളരെ കനപ്പെട്ട സംഭാവനയാണ്. വലിയകോയമ്മതങ്ങളുടെ മകന്‍ സയ്യിദു ഹിബത്തുല്ലായും ഹിബത്തുല്ലാതങ്ങളുടെ ജോഷ്‌ഠന്റെ മകനായ കോയമ ഹാജിയും വളരെ പ്രസിദ്ധരായ ബുഖാറയിലെ തങ്ങന്മാരാണ്. സമസ്‌തയുടെ വൈസ്‌പ്രസിഡണ്ടായിരിക്കേയാണ് കോയമ്മ ഹാജിയെന്ന് ചാവക്കാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം സബോധനം ചെയ്യുന്ന ഹാമിദ് കോയമ്മ തങ്ങള്‍ വഫാത്തായത്.
ഉസ്‌ബെകിസ്ഥാനിലെ ബുഖാറയില്‍ നിന്നാണ് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി എന്ന കേരളത്തിലെ ബുഖാരികളുടെ ആദ്യത്തെ പിതാവ് കേരളത്തില്‍ എത്തിയത്. അക്കാലത്ത് സ്‌പെയിനിലെ കൊര്‍ദോവയേയും ഇറാഖിലെ ബാഗ്‌ദാദിനെയും പോലെ ഉല്‍കൃഷ്‌ടമായ സംസ്‌കാരത്തിന്റെയും ഉന്നതമായ വിജ്ഞാനത്തിന്റെയും കേന്ദ്രവും, ഇമാം ബുഖാരി (റ) ഇബ്‌നുസീന പോലുള്ള പ്രസിദ്ധ പണ്ഡിതന്മാരുടെ നിവാസ ഭൂമിയുമായിരുന്നു ബുഖാറ. ഇവിടെ നിന്നാണ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി പ്രബോധനാര്‍ത്ഥം കേരളക്കരയിലെത്തുന്നത്. ഇദ്ദേഹമാണ് കേരളത്തിലെ ബുഖാരി സാദാത് വംശത്തിന്റെ കുലപതി. ഇമാം ഹുസൈന്‍(റ)ന്റെ 3-ാം തലമുറയിലെ ഇമാം അജ്‌ഫര്‍ സ്വാദിഖിന്റെ പുത്രന്‍ ഇമാം മൂസല്‍ കാളിമിന്റെ സന്താന പരമ്പരയിലാണ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി വരുന്നത്.
ബുഖാരി സാദാത്ത് വംശം മുമ്പ് വ്യത്യസ്ഥ പേരുകളില്‍ അറിയപ്പെട്ടിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സന്താന പരമ്പരയിലെ 11-ാമത്തെ പുത്രനും സയ്യിദ് മഹ്‌മൂദുല്‍ ബുഖാരിയുടെ 3-ാമത്തെ പിതാമഹനുമായ അലിയുല്‍ അഷ്‌കര്‍ ജലാലുദ്ദീനിലേക്ക് ചേര്‍ത്ത് ജലാല്ലിയ്യ എന്ന നാമത്തിലും, പ്രവാചക സന്താന പരമ്പരയിലെ 6-ാമത്തെ പുത്രനും ഇമാം അജ്‌ഫര്‍ സ്വാദിഖിന്റെ മകനുമായ ഇമാം മൂസല്‍ ഖാളിം എന്ന പേരിലേക്ക് ചേര്‍ത്ത്‌ചേര്‍ത്ത് ഖാളിമി എന്ന പേരിലും അറിയപ്പെട്ടിരുന്നു. പിന്നീട് പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ സന്താന പരമ്പരയിലെ 14-ാമത്തെ പിന്‍ഗാമി സയ്യിദ് മഹ്‌മൂദുല്‍ ബുഖാരിയിലേക്ക് ചേര്‍ത്ത് കൊണ്ടാണ് ബുഖാരികള്‍ എന്നറിയപ്പെടുന്നത് എന്നാണ് മറ്റൊരഭിപ്രായം.
ബുഖാറ തങ്ങന്മാരുടെ ചരിത്രത്തില്‍ അവഗാഹമുള്ളവരും ബുഖാരി സയ്യിദുമായ ചാവക്കാട്, പാടൂരിലെ ഷബീര്‍ അന്‍സാരി അല്‍ബുഖാരി സത്യധാരക്ക് വേണ്ടി ബുഖാരി സാദാത്തുകളുടെ ചരിത്രം ഹൃസ്വമായി പങ്കുവെക്കുന്നു.
കേരളത്തിലെ ബുഖാറ എന്ന് അറിയപ്പെടുന്ന സ്ഥലമാണ് ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നത്. ചാവക്കാടു നിന്നും എറണാകുളം റൂട്ടില്‍ പോകുമ്പോള്‍ മൂന്നാംകല്ല് സെന്ററില്‍ നിന്ന് മൂന്നോ നാലോ കിലോമീറ്റര്‍ പടിഞ്ഞാറു വശത്തുള്ള അഞ്ചങ്ങാടിയിലാണ് ബുഖാറ സ്ഥിതി ചെയ്യുന്നത്. ലോക പ്രസിദ്ധമായ ബുഖാറ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഉസ്‌ബക്കിസ്ഥാനിലാണ് സ്ഥിതിചെയ്യുന്നത്. ഇമാം ബുഖാരിയുടെയും അതുപോലുള്ള ലോക പ്രസിദ്ധരായ മുസ്‌ലിം പണ്ഡിതരുടെയും ജന്മനാടായ ബുഖാറയെ മുന്നില്‍ കണ്ടുകൊണ്ടാണ് ചാവക്കാട് ബുഖാറ നാമകരണം ചെയ്യപ്പെടുന്നത്. ഒരു പക്ഷേ കേരളത്തല്‍ മറ്റു എവിടേയും ഈ രൂപത്തില്‍ നാമകരണം ചെയ്യപ്പെട്ട സ്ഥലവും ഉള്ളതായി അറിവില്ല. ഉസ്‌ബക്കിസ്ഥാനിലെ ബുഖാറയില്‍ നിന്ന് കേരളത്തിലേക്ക് വന്ന സയ്യിദ് അഹ്‌മദ് ജലാലൂദ്ദീന്‍ ബുഖാരി (വളപട്ടണം) യുടെ ആറാമത്തെ തലമുറയിലെ മകനായ സയ്യിദ് അഹ്‌മദുല്‍ ബുഖാരിയാണ് ബുഖാറ സ്ഥാപിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച വീടിന്റെ പേരാണ് ബുഖാറ. എന്നാല്‍, പിന്നീട് ആ പ്രദേശം തന്നെ ബുഖാറയായിട്ടാണ് ഇന്ന് വിളിക്കപ്പെടുന്നത്.
സയ്യിദ് അഹ്‌മദ് ജലാലൂദ്ദീന്‍ ബുഖാരി വളപ്പട്ടണത്തിന്റെ അഞ്ചാമത്തെ തലമുറയിലെ പുത്രന്‍ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്ത് താമസിച്ചിരുന്ന സയ്യിദ് മുഹമ്മദുല്‍ ബുഖാരിയുടെ പുത്രനായിട്ടാണ് സയ്യിദ് അഹ്‌മദ് ബുഖാരി ജനിച്ചത്. കവരത്തി ദ്വീപാണ് അദ്ദേഹത്തിന്റെ ജന്മദേശം. കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും വളരെ പ്രസിദ്ധരായ സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ സഹോദരിയായ സയ്യിദത്ത് സൈദാനി ബീവിയാണ് മാതാവ്. ചെറുപ്പത്തില്‍ തന്നെ സെയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ ശിക്ഷണത്തിലാണ് ചാവക്കാട്ടെ അഹ്‌മദ് ബുഖാരി വളര്‍ന്നു വന്നത്. ശിക്ഷണം പൂര്‍ത്തിയായതിന് ശേഷം മൗലല്‍ ബുഖാരി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് ചാവക്കാട് കടപ്പുറത്ത് വന്നു താമസിച്ചത്. മൗലല്‍ ബുഖാരി തങ്ങളുടെ മകള്‍ സൈനബ ബീവിയെ അദ്ദേഹം സഹധര്‍മ്മിണിയായി സ്വീകരിക്കുകയും ചെയ്‌തിരുന്നു.
സയ്യിദ് അഹ്‌മദ് ബുഖാരി ചാവക്കാട് കടപ്പുറത്ത് വരുമ്പോള്‍ മുസ്‌ലിംകള്‍ വളരെ കുറവായിരുന്നു. വെറും അഞ്ച് വീട്ടുകാരാണ് അന്ന് മുസ്‌ലിംകളായിട്ട് ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ് മുസ്‌ലിംകള്‍ക്ക് വലിയ ഭൂരിപക്ഷമുള്ളപ്രദേശമായി ഈ ഭാഗം മാറിയത്. അക്കാലാത്ത് സാമൂതിരി രാജാവിന്റെ ഭരണപ്രദേശമായിരുന്നു ചാവക്കാട്. അന്ന് ഭൂസ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തിയിരുന്നത് മൂന്ന് ജന്മി കുടുംബങ്ങളായിരുന്നു. തലശേരി കെ.ഇ കുടുംബം, ഒളനാട്ടുപണിക്കന്മാര്‍, ചേറ്റുവക്കടുത്തുള്ള മഞ്ഞളായി കുടുംബം ഇവരാണ് അന്നത്തെ ജന്മികള്‍. സയ്യിദ് അഹ്‌മദുല്‍ ബുഖാരി ഇവിടെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കീര്‍ത്തി പരിസരത്ത് ആകെ പരക്കുകയും നിത്യേന ധാരാളം സന്ദര്‍ശകര്‍ വന്നുകൊണ്ടിരിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അല്ലാഹുവിന്റെ ഇഷ്‌ടദാസനായ, നബികുടും പരമ്പരയിലെ കണ്ണിയായ മഹാവ്യക്തിത്വത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് വലിയ ഫലം സൃഷ്‌ടിക്കുന്നതായിരുന്നു. അക്കൂട്ടത്തില്‍ മഞ്ഞളായി നായര്‍ കുടുംബത്തിലെ ഒരു സ്‌ത്രീക്ക് മാറാരോഗം ബാധിച്ച പ്രശ്‌നവും തങ്ങളുടെ മുന്നില്‍ എത്തി. ശക്തമായ വയറുവേദനയായിരുന്നു ആ സ്‌ത്രീക്ക് ഒരുപാട് ഭിഷ്വകരന്മാര്‍ ചികിത്സിച്ചിട്ടും ഭേദമാകാത്ത ഈ അസുഖം അഹ്‌മദുല്‍ ബുഖാരി തങ്ങളുടെ ചില നിര്‍ദ്ദേശങ്ങള്‍ പാലിച്ചപ്പോള്‍ മാറുകയായിരുന്നു. അതിന്റെ സന്തോഷത്തില്‍ മഞ്ഞളായി നായര്‍ തങ്ങള്‍ക്ക് ഒരുപാട് പാരിതോഷികങ്ങള്‍ നല്‍കാന്‍ തയ്യാറായി. പക്ഷേ തങ്ങള്‍ പറഞ്ഞു �താമസിക്കാന്‍ ഒരു വീടും നമസ്‌കരിക്കാന്‍ ഒരു പള്ളിയും സ്ഥാപിക്കാന്‍ വേണ്ട സൗകര്യവും മതി� എന്നായിരുന്നു. അതുപ്രകാരം ലഭിച്ച സ്ഥലത്താണ് ബുഖാറ വീടും മസ്‌ജിദു സമദാനിയും സ്ഥാപിതമായത്
അഹ്‌മദുല്‍ ബുഖാരി തങ്ങളടക്കമുള്ള ബുഖാറ തങ്ങന്മാരുടെ ദഅ്‌വത്തിന്റെ അനന്തര ഫലമായിട്ടാണ് ഇന്ന് തൊണ്ണൂറ് ശതമാനത്തോളം മുസ്‌ലിംകള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമായി ചാവക്കാട് കടപ്പുറവും പരിസരപ്രദേശങ്ങളും മാറിയത്. ഹിജ്‌റ 1238 ല്‍ റബിഉല്‍ അവ്വല്‍ 4 ല്‍ ബുഖാറയുടെ പിതാവായ സയ്യിദ് അഹ്‌മദുല്‍ ബുഖാരി ഇഹലോകത്തോട് വിടപറഞ്ഞു.
സയ്യിദ് ഇബ്‌റാഹീം സകറാന്‍ മസ്‌താന്‍ തങ്ങള്‍ എന്നറിപ്പെട്ടവര്‍ അഹ്‌മദുല്‍ ബുഖാരി തങ്ങളുടെ മക്കളില്‍ പ്രസിദ്ധരാണ്. കണ്ണൂര്‍ സിറ്റിയില്‍ മൗലല്‍ ബുഖാരി തങ്ങളുടെ ചാരത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. മറ്റൊരു മകനായ മകനായ മുഹമ്മദുല്‍ ബുഖാരി തമിഴ്‌നാട്ടിലെ മധുരയിലെ സയ്യിദാ പേട്ടപള്ളിക്കു മുമ്പിലെ മഖ്‌ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. സയ്യിദ് മുസ്‌തഫ കൊച്ചുകോയ തങ്ങളും ചെറുകോയ തങ്ങളും മറ്റു രണ്ട് പുത്രന്മാരാണ്. ഇതില്‍ മുസ്‌തഫ കൊച്ചുകോയ തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ചെറുകോയതങ്ങളുടെ മകനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളാണ് ഇമാമുസഹിലി എന്ന പേരില്‍ പ്രസിദ്ധരായവര്‍. കേരളത്തില്‍ അറിയപ്പെട്ടവരും അടുത്തകാലത്ത് ജീവിച്ചവരുമായ സയ്യിദ് ഹിബത്തുല്ലാഹില്‍ ബുഖാരിയുടെ പിതാവാണ് ഇമാമുസാഹിലി എന്ന വലിയകോയമ്മ തങ്ങള്‍. സമസ്‌തയുടെ പ്രസിഡണ്ടായിരുന്ന ഹാമിദ് കോയമ്മ തങ്ങളുടെ പിതാമഹനുമാണ് ഇമാമു സാഹിലി.
ചാവക്കാട്ടെ ബുഖാറയും സയ്യിദ് മഹ്‌മൂദ് ഹിബത്തുല്ലാഹില്‍ ബുഖാരിയും ചാവക്കാടിന് വൈജ്ഞാനികവും ആത്മീയവുമായ സുവര്‍ണ്ണ ശോഭയുള്ള ചരിത്രത്തെ പ്രദാനം ചെയ്‌തത് ഈ തങ്ങളും അവിടുത്തെ സന്താന പരമ്പരകളും ശിഷ്യഗണങ്ങളുമാണ് എന്ന് മനസ്സിലാക്കാന്‍ അധികം ഗവേഷണങ്ങളൊന്നും വേണ്ടതില്ല. കേരളത്തിലെ മഖ്‌ദൂമുമാരെ പോലെ തന്നെ ശരീഅഥ്- ത്വരീഖത്ത് മേഖലകളില്‍ ഒരേ സമയം സമൂഹത്തിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന ആര്‍ജവമുള്ളവരായിരുന്നു ബുഖാരി സാദാത്തീങ്ങളില്‍ ബഹുഭൂരിപക്ഷം പണ്‌ഡിതരും. ചാവക്കാടിന് ആ പ്രതാപത്തിന്റെ ഓര്‍മകള്‍ക്ക് മങ്ങലേറ്റത്ത് 1994ലാണ്. അഥവ, വൈജ്ഞാനികവും ആത്മീയവുമായ ഏത് കാര്യത്തിനും ചാവക്കാട് ബുഖാറയില്‍ ചെന്നാല്‍ പരിഹാരം നല്‍കാന്‍ അവിടെ അവസാനമായി പ്രോജ്വലിച്ചു നിന്ന താരകം അണഞ്ഞത് ആ വര്‍ഷത്തിലാണ്. ഔദ്യോഗികമായ ഫത്‌വകള്‍ ലഭിക്കാനും ത്വരീഖത്തിന്റെ ബൈഅത്ത് ലഭിക്കാനും മസ്‌ലഹത്ത് ഉണ്ടാക്കാനും ചികിത്സ ലഭിക്കാനും എല്ലാം ചാവക്കാട് അഞ്ചങ്ങാടിയിലെ ബുഖാറ വരെ പോയാല്‍ മതിയായിരുന്നു. ഇമാമു സാഹിലി എന്ന പോരില്‍ അറിയപ്പെട്ട ചാവക്കാട്ടെ വലിയ കോയമ്മ തങ്ങളുടെ മകന്‍ സയ്യിദ് മഹ്‌മൂദ് ഹിബത്തുല്ലാഹ് തങ്ങളാണ് 1994ല്‍ വിടപറഞ്ഞത്. നാല് മദ്‌ഹബിലും ഇരുന്ന ഇരുപ്പില്‍ ഫത്‌വ നല്‍കാന്‍ പ്രാപ്‌തിയുള്ള ആലിമും ഖാദിരിയ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു മഹാനവര്‍കള്‍. ഫത്‌വകളുടെ ആവശ്യത്തിനോ മസ്‌അലകളുടെ പ്രശ്‌നങ്ങള്‍ക്കോ സമസ്‌തയെ ആശ്രയിക്കുന്നതു പോലെ ബുഖാറയെ ആശ്രയിച്ചിരുന്നത് മഹാനവര്‍കളുടെ കാലത്താണ്.
വലിയ കോയമ്മ തങ്ങള്‍ എന്ന ഇമാമു സാഹിലി അവര്‍കള്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചതിന് ശേഷം പതിനാല് കൊല്ലത്തിന് ശേഷമാണ് ഹിബത്തുല്ലാഹ് തങ്ങള്‍ ജനിക്കുന്നത്. ഇമാമു സാഹിലി തയ്യാറാക്കിയ റാതിബത്തിലെ ബൈത്തുകളുടെ അഗാധമായ ആശയങങ്ങള്‍ മനസ്സിലാക്കിയ ബാഖിയത്തിലെ ബാനിയായ അബ്‌ദുല്‍വഹാബ് ഹസ്രത്ത് ഒരിക്കല്‍ മുസനിഫ് അവര്‍കളെ നേരില്‍ കാണാന്‍ ബുഖാറയില്‍ വന്നിരുന്നു. ആ അവസരത്തില്‍ ഇമാമു സാഹിലി അവര്‍കള്‍ മകന്‍ ഹിബത്തുല്ലാഹ് തങ്ങളെ ബാനി ഹസ്രത്തിന് പരിചയപ്പെടുത്തി കൊണ്ടു പറഞ്ഞു, പതിനാല് വര്‍ഷത്തിന് ശേഷം എനിക്ക് ജനിച്ച മകനാണ്. ഉടനെ ബാനി ഹസ്രത്ത് പറഞ്ഞു, ``ഹാദാ ഹിബത്തുല്ലാഹ്'' ഇത് അല്ലാഹുവിന്റെ ഹിബത്താണ്. അങ്ങിനെയാണ് മഹ്‌മൂദ് എന്നതിനു പുറമെ ഹിബത്തുല്ലാഹ് എന്ന പേര് ഹിബത്തുല്ലാഹ് തങ്ങള്‍ക്ക് ലഭിക്കുന്നത്.
വളരെ ഹൃദ്യമായ പെരുമാറ്റത്തിനുടമയും സല്‍ക്കാര പ്രിയനുമായിരുന്ന സയ്യിദ് ഹിബത്തുല്ലയുടെ സ്വഭാവ സവിശേഷത തന്നെ മറ്റുള്ളവര്‍ക്ക് സന്മാര്‍ഗ ദര്‍ശനത്തിന് നിമിത്തമാകും വിധമായിരുന്നു. ഒരിക്കല്‍ കണ്ണൂരില്‍ നിന്നും ഹിബത്തുല്ലാഹ് തങ്ങളെ സന്ദര്‍ശിക്കാന്‍ വന്ന കണ്ണൂര്‍ക്കാരനായ ഹാജിയാരുടെ കാര്‍ ഡ്രൈവര്‍ ഹിബത്തുല്ലാഹ് തങ്ങളുടെ വശ്യമായ പെരുമാറ്റവും നിഷ്‌കപടമായ സല്‍ക്കാരവും കണ്ട് ഇസ്ലാമിലേക്ക് ആകര്‍ഷ്‌ഠനാവുകയും ഇസ്#ലാം ആശ്ലേഷിക്കുകയും ചെയ്‌തിട്ടുണ്ട്. രമേഷന്‍ എന്ന ആ ഡ്രൈവര്‍ അഭിപ്രായപ്പെട്ടത്, ``ഇവിടെ ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത് ശരിയല്ല. ന്യൂനപക്ഷം വരുന്ന ആളുകള്‍ ഇന്ത്യയില്‍ വന്ന് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി കൊണ്ട് ഇസ്#ലാം സ്വീകരിപ്പിച്ചുവെന്നത് അവിശ്വസനീയമായ കെട്ടുകഥയാണ്. ഇത്തരത്തിലുള്ള തങ്ങന്മാരുടെ പെരുമാറ്റം തന്നെയാണ് പൂര്‍വ്വീകരായ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ആകര്‍ഷിപ്പിച്ചത് എന്ന് എനിക്ക് ബോധ്യപ്പെട്ടു''.
ബുഖാറ ഇന്ന് ഗൃഹാതുരത്വം മാത്രം ചാവക്കാട്ടെ ബുഖാറയുടെ സുവര്‍ണ്ണ ശോഭയാര്‍ന്ന ചരിത്രം പറയുമ്പോള്‍ പ്രതാപം നഷ്‌ടപ്പെട്ട വര്‍ത്തമാനത്തിന്റെ മറുവായന സ്വാഭാവികമാണ്. ചാവക്കാട്ടെ മുസ്‌ലികളുടെയോ കേരള മുസ്‌ലികളുടെയോ മാത്രം നഷ്‌ടമല്ല നാം ഇവിടെ അനുസ്‌മരിക്കുന്നത്. വിജ്ഞാനത്തിന്റെ തിരോധാനത്തിലൂടെയാണ് ലോകാന്ത്യം കുറിക്കുക എന്ന തിരുനബി (സ) യുടെ മൊഴിയാണ് നമ്മുടെ വിശകലനങ്ങളുടെ ആധാരം. വിജ്ഞാനം ഒരു വേള അപ്രത്യക്ഷമാകുകയല്ല, പണ്ഡിത ശ്രേഷ്‌ഠരുടെ മരണത്തിലൂടെയാണ് അത് സംഭവിക്കുക. പകരം നില്‍ക്കാന്‍ പുതിയ തലമുറയില്‍ പണ്ഡിതരില്ലാത്ത സ്ഥിതിയില്‍ പണ്ഡിതര്‍ മണ്‍മറഞ്ഞു പോയാല്‍ സമൂഹം പിന്നെ കൂരിരിട്ടുലാണ് അകപ്പെടുന്നത്. ഈയൊരു ബോധ്യത്തിന്റെ പാശ്ചാത്തലത്തിലാണ് ബുഖാരിയുടെയും സമാനമായ രൂപത്തില്‍ വംശനാശം സംഭവിച്ച പണ്ഡിത കുടുംബങ്ങളുടെയും ചരിത്രം നമ്മേ ദുഃഖ സാന്ദ്രമായ ഭാവത്തിലേക്കു നയിക്കുന്നത്. സ്വന്തം ഗേഹത്തില്‍ വെച്ചുകൊണ്ട് മാത്രം വിദ്യനുകര്‍ന്ന് നാലുമദ്‌ഹബിലും ഫത്‌വ പറയാന്‍ യോഗ്യനായ ഫഖീഹായി മാറാവുന്ന അന്തരീക്ഷമായിരുന്നു ബുഖാറയുടേത്. തര്‍ബ്ബിയത്തിനും തഅ്‌ലീമിനും ഫത്‌വക്കും വേണ്ട പരിശീലനം ലഭിക്കുന്ന ഒരു തറവാടിനെ യൂണിവേഴ്‌സിറ്റി എന്നുവിളിച്ചാല്‍ പോലും അര്‍ത്ഥപൂര്‍ണ്ണമാകില്ല. അതേ അവസരം ഇന്ന് ബുഖാറയുടെ ചുമരുകളും എടുപ്പുകളും ഗൃഹാതുരത്വം മാത്രമാണ് നമുക്ക് സമ്മാനിക്കുന്നത്.
ക്ലാവും കളയും പടര്‍ന്ന് ബുഖാരിയിലെ ഖല്‍വത്തുഖാന ക്ലാവു പിടിച്ച ചുമരുകളും കളവളര്‍ന്ന് കാടുപിടിച്ച തറയുമായി കാണുന്നത് ബുഖാറയിലെ കല്‍വത്തുഖാനയാണ്. ഏകാന്തനായിരുന്ന് അല്ലാഹുവിനെ ദിക്‌റ് ചെയ്‌ത് പരിശീലിക്കുവാനുള്ളകേന്ദ്രം. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഹൃദയത്തില്‍ പടര്‍ന്നു പിടിച്ച ക്ലാവിന്റെയും കറയുടേയും പ്രതീകമാണ് ഈ കാഴ്‌ച്ച ആധുനികവല്‍കരണത്തിന്റെ ഭാഗമായി സാമൂഹികതലത്തിലെ ഇസ്‌ലാമിന് പ്രാധാന്യം വന്നപ്പോള്‍ വ്യക്തിതലത്തിലും ആത്മനിഷ്‌ഠമായും ഉണ്ടാകേണ്ട ദീനിനെ അവഗണന നേരിട്ടതിന്റെ പ്രതീകമാണ് ഇന്ന് ബുഖാറയില്‍ നിന്നുള്ള ഈ കാഴ്‌ച. നൂറ്റാണ്ടുകളോളം അധിനിവേശ ശക്തിയുടെ രാഷ്‌ട്രീയ അധികാരത്തിന് വിധേയപ്പെട്ട കാലത്ത് സംഭവിക്കാത്ത സാംസ്‌കാരികമായ അധിനിവേശമാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു സംഭവിച്ചത്. കരുത്തുറ്റ നേതൃത്വത്തിന് കീഴില്‍ പ്രതിരോധ വീര്യമുള്ള ഒരു ജനതയായിരുന്നു സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ മുസ്‌ലിംകള്‍. ഈ ജനതയുടെ കരുത്തും പ്രതിരോധ വീര്യവും ഉറവപൊട്ടിയിരുന്ന ഹൃദയങ്ങള്‍ ക്ലാവുപിടിച്ചും കളവളര്‍ന്നും നാമാവശേഷമായാല്‍ പിന്നെ ഈമാനിക പ്രകാശത്തിന് മങ്ങലേല്‍ക്കുക സ്വാഭാവികമാണല്ലോ. ആത്മനിഷ്‌ഠയിലും വ്യക്തിജീവിതത്തിലും ഇസ്‌ലാം പുഷ്‌കലമായാല്‍ സാമൂഹിക മണ്ഡലത്തില്‍ ഫലങ്ങള്‍ വിളവെടുക്കാന്‍ സാധിക്കുമെന്നതാണ് വസ്‌തുത.
Comments
Post a Comment