സന്മാര്‍ഗ ദീപ്തിക്ക് മങ്ങലേറ്റ പള്ളികള്‍


നബീല്‍ മന്ദലാംകുന്ന് 

അവസാന നാളിലെ പള്ളികള്‍ വന്‍ സൗധങ്ങള്‍ ആയിരിക്കും. പക്ഷേ, അവ സന്മാര്‍ഗത്തില്‍ നിന്നും ഒഴിവായതാകും എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. സന്മാര്‍ഗം വിനഷ്ടമായ പള്ളികള്‍ എന്ന പ്രയോഗത്തിന്റെ താല്‍പര്യം മനസ്സിലാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. നമ്മുടെ ചുറ്റുപാടിലുള്ള പള്ളികള്‍ ശ്രദ്ധിച്ചാല്‍ മതി. പള്ളിയുടെ കെട്ടിട നിര്‍മാണത്തിനുള്ള തിടുക്കവും  ശ്രദ്ധയും പള്ളികള്‍ തഖ്‌വയോടെ നടത്തികൊണ്ടുപോകുന്നതില്‍ കാണുന്നില്ല. 
പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അല്ലാഹുവിന്റെ ഭവനമാകുമ്പോള്‍ അല്ലാഹുവിന്റെ ആശയങ്ങള്‍ക്കനുസരിച്ച നയനിലാപടുകളാണ് പള്ളികളുടെ സേവകര്‍ പുലര്‍ത്തേണ്ടത് എന്ന് മനസ്സിലാക്കാന്‍ അധികം ആലോചിക്കേണ്ടതില്ല. അല്ലാഹുവിനെ സ്മരിക്കാനും ഭജനമിരിക്കാനും (ഇഅ്തികാഫ്) ഇല്‍മ് പകരാനും ഇഖ്‌വത്ത് (സാഹോദര്യം) സ്ഥാപിക്കാനുമുള്ള ഇടങ്ങളാണ് പള്ളികള്‍. മദീനയിലെ തിരുനബി(സ്വ)യുടെ പള്ളിയില്‍ 'അഹ്‌ലുസുഫ്ഫ' എന്ന പേരില്‍ ദരിദ്രരും തൊഴില്‍രഹിതരും ദീനീ ഇല്‍മില്‍ വ്യാപൃതരായ കുറേ സ്വഹാബികളുണ്ടായിരുന്നു. അവര്‍ 80 പേരായിരുന്നുവെന്നും നാന്നൂറോളം പേരുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഏതായാലും ദരിദ്രരായ സുഫ്ഫത്തിന്റെ ആളുകള്‍ പള്ളിയിലെ അന്തേവാസിളായിരുന്നു. ഭാര്യയും ഭവനവുമില്ലാത്ത, സത്യവിശ്വാസികളുടെ അഭയ കേന്രമായിട്ടാണ് അന്ന് മദീനാ പള്ളി നിലകൊണ്ടത് എന്ന കാര്യം പ്രാമാണികമായി ബലപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ദരിദ്രരും വഴിയാത്രക്കാരുമായവര്‍ പള്ളികളെ അഭയ കേന്ദ്രമാക്കുന്നതിലാണ് അല്ലാഹുവിന്റെ തൃപ്തിയുള്ളത്. സത്യവിശ്വാസത്തിന്റെ സേവകരാണെങ്കില്‍ അതിന്റെ പ്രാധാന്യം ഇരട്ടിയായി. വര്‍ത്തമാനകാലത്തെ നമ്മുടെ പള്ളികള്‍ ഇന്ന് ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചുപോയിരിക്കുകയാണ്. സാമൂഹിക വിരുദ്ധരുടെ അഭയകേന്ദ്രമാകാതിരിക്കാന്‍ വേണ്ട നടപടികള്‍ എക്കാലത്തും അനിവാര്യം തന്നെയാണ്. പക്ഷേ, അപ്പോഴും അര്‍ഹരായവര്‍ക്ക് അഭയം നല്‍കുന്നതില്‍ ശുഷ്‌കാന്തി വേണം.
അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: (സഹായം) ചോദിച്ചുവരുന്നവനെ ആട്ടിയകറ്റാന്‍ പാടില്ല.'' അവന് ഒന്നും കൊടുക്കാന്‍ ഇല്ലെങ്കില്‍ നല്ല വാക്ക് പറയുക. അല്ലാഹുവിന്റെ താല്‍പര്യത്തിനുവിരുദ്ധമായിട്ട് അല്ലാഹുവിന്റെ പള്ളികളില്‍ നിയമം നടപ്പലാക്കപ്പെടുന്ന അവസ്ഥയാണിന്നുള്ളത്. 'യാചന നിരോധിച്ചിരിക്കുന്നു' എന്നാണ് പല പള്ളികളിലും ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ പള്ളികളില്‍ അല്ലാഹുവിന്റെ നിയമത്തിനു വിരുദ്ധമായ ബോര്‍ഡ്, അനര്‍ഹരായ യാചകരെ നിയന്ത്രിക്കുന്നതിന് പകരം യാചകരെ ആസകലം നിരോധിക്കുവാന്‍ നമുക്ക് അവകാശമുണ്ടോ?
ദരിദ്രരും നിര്‍ധനരുമായ ആളുകളോട് അനുകമ്പയും സ്‌നേഹവും പുലര്‍ത്താത്ത സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് അല്ലാഹു ഉത്തരം നല്‍കുന്നതല്ല, എന്ന് മഹത്തുക്കളായ പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ''പാവങ്ങളെ സ്‌നേഹിക്കുന്ന' സ്വഭാവം നല്‍കണെ എന്ന് ഉമര്‍(റ)വിന്റെ ദുആയില്‍ കാണാം. ഈ സ്വഭാവങ്ങള്‍ വിനഷ്ടമായതിന്റെ പ്രതിഫലനമാണ് പള്ളികളില്‍ വരെ ഇത്തരത്തിലുള്ള നയങ്ങള്‍ പ്രഖ്യാപിപ്പെടാനിടയാക്കിയിരിക്കുന്നത്. വഴിയാത്രക്കാരനും ദരിദ്രനും അഭയമാകാത്ത പള്ളികള്‍ സന്മാര്‍ഗ പ്രകാശമില്ലാത്ത പള്ളികളാണ്. അല്ലാഹു അടിമകളോട് കല്‍പിക്കുന്ന സ്വഭാവ സവിശേഷതകള്‍ ഏറ്റവും നന്നായി നിലനില്‍ക്കേണ്ടത് അല്ലാഹുവിന്റെ ഭവനങ്ങളിലാണെന്ന കാര്യം മനസ്സിലാക്കാന്‍ അധിക ബുദ്ധിയൊന്നും ആവശ്യമില്ലല്ലോ?
അനാവശ്യ ചെലവുകള്‍ സൃഷ്ടിക്കുന്നതും അല്ലാഹു വിലക്കിയ  കാര്യമാണ്. അറ്റകുറ്റ പണികള്‍ ചെയ്ത് ശരിയാക്കാവുന്ന പള്ളിയുടെ കെട്ടിടങ്ങള്‍ സമൂലം പൊളിച്ചു മാറ്റുന്നത് അല്ലാഹുവിന്റെ ഇഷ്ടത്തിന് അനുകൂലമാകില്ല. വഖഫ് സ്വത്തുക്കള്‍ അവയുടെ അവസാനം വരെ ഉപയോഗപ്പെടുത്തണമെന്നാണ് ദീന്‍ താല്‍പര്യപ്പെടുന്നത്. ഇപ്രകാരം അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളും വിധിവിലക്കുകളും മാനിക്കപ്പെടാതിരിക്കുമ്പോള്‍ സന്മാര്‍ഗത്തില്‍നിന്ന് അകന്ന കെട്ടിടങ്ങളായി പള്ളികള്‍ മാറുന്നു.



Alif printing solution

Mannalamkunnu, Chavakkad, Thrissur
Nabeel: 9846741629  Yoosaf: 9846876620

Comments

Popular posts from this blog

ബുഖാറ; ഉസ്‌ബെകിസ്ഥാനില്‍ നിന്ന്‌ ചാവക്കാട്ടേക്കുള്ള ദൂരം

സൂഫിസത്തിന്റെ ഇസ്‌ലാമിക നിര്‍വഹണം