ആധ്യാത്മിക സരണികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ #അബ്ദുറഹ്മാന്‍ #നഖ്ശബന്തി(റഹ്)
മലബാറിലെ ഇസ്ലാമിക ആധ്യാത്മികത എന്നാല്‍ അത് ഖാദിരിയ്യ ത്വരീഖത്താണ്. ഖാദിരിയ്യ സൂഫികളായ ബുഖാരി തങ്ങന്മാരും അവരുടെ സരണിയോട് ചേര്‍ന്ന് നിന്ന മഖ്ദൂമുകളുമാണ് മലബാറിലെ ആദ്യകാല ഇസ്ലാമിക നവോത്ഥാന നായകരും പ്രബോധകരുമാണെന്നതിനാല്‍ ഇവിടെ പരിചയിച്ചിട്ടുള്ളത് ഖാദിരിയ്യത്തിന്റെ ശൈലിയിലുള്ള ആധ്യാത്മികതയാണ്. പിന്നീട് ജിഫ്രി തങ്ങളുടെ വരവോടെ ബാഅലവ്വിയ്യത്തും കേരള മണ്ണിലേക്ക് കടന്നുവന്നു. ഏറെ വൈകിയാണ് ഇവിടെ ശാദുലി സരണിയും നഖ്ശബന്തിയും രംഗത്ത് വരുന്നത്. ഒറ്റപ്പെട്ട നിലയില്‍ എല്ലാ സരണികളും ഇവിടെ നടപ്പുണ്ടാകുമെങ്കിലും അതിനൊന്നും ഒരു ജനകീയ സ്വഭാവം കൈവരിച്ചതായി കാണുന്നില്ല. ഉറക്കെ ദിഖ്‌റ് ചൊല്ലി മുരീദന്മാരെ സംസ്‌കരിക്കുന്ന ഖാദിരിയ്യ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി മൗനമായ ദിക്‌റിലൂടെ മുരീദന്മാരെ അധ്യാത്മിക ലോകത്തേക്ക് ആനയിക്കുന്ന നഖ്ശബന്തികള്‍ മറ്റു പല ശൈലികളിലും രീതികളിലും ഖാദിരികളില്‍ നിന്നും ചെറിയ ചെറിയ വ്യത്യാസം പുലര്‍ത്തുന്നുണ്ട്. ഈ വൈവിധ്യം വൈജ്ഞാനികമായ ഒരു പ്രശ്‌നമായി ഭവിക്കുവാന്‍ സാധ്യതയുണ്ടല്ലോ. അത്തരത്തിലുളള ഒരു പാശ്ചാത്തലത്തിലാകാം താനൂര് അബ്ദുറഹ്മാന്‍ നഖ്ശബന്തി അല്‍ ഇഫാളത്തുല്‍ ഖുദ്‌സിയ്യ ഫീ ഇഖ്തിലാഫി തുര്‍ക്കി സൂഫിയ്യ എന്ന രചന നിര്‍വ്വഹിക്കുന്നത്.
ഇന്ത്യയില്‍ ഇസ്ലാമിക പ്രബോധനത്തിലും പ്രചരണത്തിലും ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് ചിശ്ത്തി ത്വരീഖത്താണ്. ഖാജാ തങ്ങളും ബക്തിയാര്‍ കാക്കിയും നിസാമുദ്ദീന്‍ ഔലിയയും നസീറുദ്ദീന്‍ ചിറാകും കാജാ ബന്തേനവാസും ഫരീദുദ്ദീന്‍ ഖഞ്ച്ശക്കറും പോലുള്ള പ്രമുഖരായ സൂഫി പ്രബോധകര്‍ ഈ ധാരയില്‍ വന്നവരാണ്. എന്നാല്‍, ദീനെ ഇലാഹി എന്ന പേരില്‍ സ്വന്തമായി മതം സ്ഥാപിച്ച അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇസ്ലാമിന്റെ ആധ്യാത്മികതക്ക് ചില വ്യതിയാനങ്ങള്‍ സംഭവിക്കുകയുണ്ടായി. ദീനെ ഇലാഹിയുടെ ഭാഗമായി ഉണ്ടായ തെറ്റായ സ്വാധീനങ്ങളില്‍ നിന്ന് മുസ്ലിം ഉമ്മത്തിനെ രക്ഷിക്കാനും ഇസ്ലാമികമായ പുനരുജ്ജീവനത്തിന് കാര്‍മികത്വം വഹിക്കാനും ആ പ്രതിസന്ധി ഘട്ടത്തില്‍ കടന്നുവന്നവരാണ് മുജദ്ദിദ് അല്‍ഫസാനി അഹ്മദുല്‍ ഫാറൂഖ് സര്‍ഹിന്ദി. #ഇമാം#സര്‍ഹിന്ദിയിലൂടെ ഇന്ത്യയില്‍ പ്രചരിച്ച നഖ്ശബന്തി സരണിയാണ് പിന്നീട് ഇസ്ലാമിക പ്രബോധന രംഗത്ത് സജ്ജീവത പുലര്‍ത്തിയത്. ആ നഖ്ശബന്തി ധാരയില്‍ സര്‍ഹിന്ദിയുടെ പിന്മുറക്കാരുടെ താവഴിയില്‍ വന്ന ശൈഖാണ് അബ്ദുറഹ്മാന്‍ നഖ്ശബന്തി.
വൈവിധ്യങ്ങളെ പോലും വൈരുദ്ധ്യങ്ങളായി മനസ്സിലാക്കപ്പെടുന്ന ഇക്കാലത്ത് വളരെ പ്രസക്തിയുള്ള കിതാബാണ് താനൂര്‍ അബ്ദുറഹ്മാന്‍ നഖ്ശബന്തിയുടെ അല്‍ ഇഫാളത്തുല്‍ ഖുദ്‌സിയ്യ ഫീ ഇഖ്തിലാഫി തുര്‍ക്കി സൂഫിയ്യ. ത്വരീഖത്തുകളിലെ വൈവിധ്യങ്ങള്‍, ആത്മജ്ഞാനികളുടെ ചര്യകളിലുള്ള അഭിപ്രായ ഭിന്നതകള്‍, അവരെ നിഷേധിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലുമുള്ള അപകടങ്ങള്‍, ആത്മജ്ഞാനികളെ വാഴ്ത്തുകയും അവരുടെ സരണികളെ പുഴ്ത്തുകയും ചെയ്ത ജ്ഞാനികളുടെ അഭിപ്രായങ്ങള്‍ തുടങ്ങിയവയാണ് പ്രസ്തുത കിതാബിലെ അധ്യായങ്ങള്‍. ഫിഖ്ഹിലെ അഭിപ്രായ വ്യത്യാസങ്ങളെ വൈവിധ്യമായി കാണാന്‍ അനുശീലിച്ചവരാണ് കേരളത്തിലെ സുന്നികള്‍. എന്നാല്‍ ത്വരീഖത്തിലും ഇത്തരത്തിലുളള വൈവിധ്യങ്ങളുണ്ടെന്നത് അത്രത്തോളം ബോധിച്ചിട്ടില്ല. മാത്രമല്ല, ഇന്ന് ചെറിയ വീക്ഷണ വ്യത്യാസങ്ങള്‍ പോലും ഭിന്നിപ്പിലേക്കും പരസ്പരം ബിദ്അത്തും കുഫ്‌റും ആരോപിക്കുന്നതിലേക്കും നയിക്കുന്നു. അങ്ങിനെയുള്ള ഈ കാലത്ത് വീക്ഷണ വൈജാത്യം അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹമായി പറയുന്ന ഒരു രചനയെ പരിചയപ്പെടുത്തല്‍ തന്നെ ഒരു വിപ്ലവമായിരിക്കും.
കാടുകയറിയ ആധ്യാത്മികത മൂലം ആളുകള്‍ മുര്‍ത്തദ് ആയി പോയിരുന്ന കാലത്ത് ദീനിന്റെ പുനരുജ്ജീവനത്തിന് വേണ്ടി പ്രയത്‌നിച്ച ഒരു ആധ്യാത്മിക സരണിക്ക് ബിദ്അത്തിന്റെ വിഷയത്തിലും മറ്റും കുറച്ച് കണിശ നിലപാടുണ്ടാകല്‍ സ്വഭാവികമാണ്. ഇമാം സര്‍ഹിന്ദിയുടെ നിലപാടുകളിലും അവരുടെ പിന്‍ഗമികളിലും ഇത്തരത്തിലുള്ള വ്യത്യാസം കാണാവുന്നതാണ്.
നബി(സ) ബറക്കത്തിന് വേണ്ടി ദുആ ചെയ്ത യമനില്‍ നിന്നാണ് കേരളക്കരയിലേക്ക് ഇസ്ലാമികമായ സൗഭാഗ്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അങ്ങിനെയുള്ള യമനില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയ സൂഫി പ്രബാധകരുടെ കുടുംബത്തിലാണ് അബ്ദുറഹ്മാന്‍ നഖ്ശബന്തി ജനിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന ശൈഖിന്റെ ആദ്യത്തെ പൂര്‍വ്വപിതാവ് കര്‍ണാടകയിലെ കുന്താപുരത്താണ് എത്തിച്ചേര്‍ന്നത്. പിന്നീട് മാഹിയിലേക്ക് കുടിയേറിയ ഈ കുടുംബത്തിലെ ശൈഖ് അഹ്മദിന്റെ മകനായ ശൈഖ് അലിയ്യുല്‍ യമനി എന്നവരുടെ മകനായിട്ടാണ് ശൈഖ് അബ്ദുറഹ്മാന് നഖ്ശബന്തി ജനിക്കുന്നത്(ഹി.1257ല്‍)
പിതാവില്‍ നിന്നാണ് പ്രഥമിക പഠനം. ശേഷം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലെ ഖാസിയും മുദരിസുമായിരുന്ന സൈനുദ്ദീന്‍ മുസ്ലിയാരുടെ പക്കല്‍ നിന്നും പഠിച്ചു. പൊന്നാനിയിലെ വലിയ ബാവ മുസ്ലിയാരുടെ ശിഷ്യത്വം നേടിയ ശേഷം താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ നിന്ന് ഔക്കോയ മുസ്ലിയാരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. ആധ്യാത്മിക സരണിയില്‍ മലബാറിലെ പ്രമുഖ നഖ്ശബന്തി ശൈഖായ നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖിനെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഖിലാഫത്ത് ലഭിക്കുകയും നഖ്ശബന്തിയുടെ വലിയ വാക്താവായി മാറുകയും ചെയ്തു.
#ഇഫാദത്തുല്‍ ഖുദ്‌സിയ്യക്ക് പുറമെ അല്ലഫല്‍ അലിഫ് എന്ന പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന് ഒരു വ്യഖ്യാനം രചിച്ചിട്ടുണ്ട്. അവാരിഫുല്‍ മആരിഫ് ഫീ ശറഹി അല്ലഫല്‍അലിഫ് എന്നാണ് അതിന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. മരണ സ്മരണയെ സംബന്ധിച്ച് 'ഇസ്ആദത്തുല്‍ ഇബാദ് ഫീ ദിക്‌റില്‍ മൗത്തിവല്‍ മആദ്' എന്നത് മറ്റൊരു രചനയാണ്. ഇല്‍മുല്‍ ഹഖാഇഖില്‍ ലോകപ്രശസ്ത ഗ്രന്ഥമായ ശൈഖ് മുഹമ്മദ് ബ്നു ഫള്ലുല്ലാഹിയുടെ തുഹ്ഫത്തുല്‍ മുര്‍സലക്ക് ഒരു വ്യഖ്യാനവും രചിച്ചിട്ടുണ്ട്. ശറഹു തുഹ്ഫത്തുല്‍ മുര്‍സല ഫീ ഇല്‍മില്‍ ഹഖാഇഖ്' എന്നാണ് അതിന്റെ പേര്. ഇല്‍മുല്‍ ഹഖാഇഖില്‍ 'അസ്‌റാറുല്‍ മുഹഖിഖീന്‍ ഫീ മഅ്‌രിഫതി റബ്ബില്‍ ആലമീന്‍' എന്ന സ്വന്തന്ത്രമായ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.
ശൈഖ് അബ്ദുറഹ്മാന് നഖ്ശബന്തി(റഹ്)യുടെ ജേഷ്ഠ സഹോദരന്‍ ശൈഖ് അഹ്മദ് കുട്ടി വിവാഹം ചെയ്തിരുന്നത് നുഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖിന്റെ മകള്‍ ആയിശയെയാണ്. ജേഷ്ഠന്റെ വഫാത്തിന് ശേഷം അബ്ദുറഹ്മാന്‍ ശൈഖ് മഹതിയെ വിവാഹം ചെയ്തു.
മമ്പുറം സയ്യിദ് അലവി തങ്ങളുടെ മുരീദായി അറിയപ്പെട്ടവരും അക്കാലത്തെ പ്രമുഖ പണ്ഡിതനുമായ ഔക്കോയ മുസ്‌ലിയാരുടെ പക്കല്‍ നിന്ന് അബ്ദുറഹ്മാന്‍ ശൈഖ് കിതാബുകള്‍ പഠിക്കുകയും ആ നിലയില്‍ ശിഷ്യനാവുകയും ചെയ്തിട്ടുണ്ട്. അതേയവസരത്തില്‍ ഔക്കോയ മുസ്ലിയാര്‍ നഖ്ശബന്തി ത്വരീഖത്ത് സ്വീകരിച്ചത് അബ്ദുറഹ്മാന്‍ ശൈഖില്‍ നിന്നാണ്. ആധ്യാത്മിക രംഗത്ത് അബ്ദുറഹ്മാന്‍ ശൈഖിന്റെ സ്ഥാനം വളരെ ഉന്നതമായിരുന്നുവെന്നതിന്റെ തെളിവാണ് ഇത്. സ്വന്തം ഉസ്താദ് പോലും തന്റെ ആധ്യാത്മിക വ്യക്തിത്വത്തിന് മുമ്പില്‍ ശിഷ്യപ്പെടുക എന്നത് ഒരു അപൂര്‍വ്വതയാണ്. അതും കേരളക്കരയിലെ ഖുതുബുസമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ ശിഷ്യനാണ് നഖ്ശബന്തിയത്തില്‍ അബ്ദുറഹ്മാന്‍ ശൈഖിന് ശിഷ്യനായത്. അബ്ദുറഹ്മാന്‍ ശൈഖിന്റെ പേരിനൊപ്പം ശൈഖ് എന്ന പേര് ചേര്‍ത്തതും ഔക്കോയ മുസ്ലിയാരാണ്. പ്രമുഖ പണ്ഡിതനും അദ്ധ്യാത്മിക വ്യക്തിത്വവുമായ ഔക്കോയ മുസ്ലിയാരുടെ ശൈഖ് ആകുമ്പോള്‍ ആ നാട്ടുകാര്‍ മുഴുവന്‍ ശൈഖ് എന്ന് വിളിച്ച് ആദരിക്കല്‍ സ്വഭാവികമാണല്ലോ. അങ്ങിനെയാണ് അബ്ദുറഹ്മാന്‍ ശൈഖ് നിര്‍മിച്ച പള്ളി ശൈഖിന്റെ പള്ളിയായി അറിയപ്പെടുന്നത്.
ഔക്കോയ മുസ്ലിയാരുടെ നിര്‍ദേശപ്രകാരം ഹി.1288ല്‍ അവിടുത്തെ 31-ാമത്തെ വയസ്സ് മുതല്‍ ദീര്‍ഘകാലം താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. പിന്നീടാണ് മഹാനവര്‍കള്‍ സ്വന്തമായി പള്ളി നിര്‍മിച്ച് ദര്‍സ് അവിടേക്ക് മാറുന്നത്. ആ പള്ളിക്ക് തൊട്ട് തന്നെ വീട് നിര്‍മിക്കുകയും ചെയ്തു. ഈ പള്ളിയാണ് ശൈഖിന്റെ പള്ളി എന്ന പേരില്‍ വിളിക്കപ്പെട്ടത്. ഇതിന് പുറമെ വെളിമുക്ക് കൂഫയിലെ പള്ളി, കുന്നുംപുറം ഊക്കത്തെ പള്ളി, പുതുപറമ്പ് പള്ളി, ഉള്ളണം അട്ടകുളങ്ങര പള്ളി തുടങ്ങി ഒരുപാട് പള്ളികളുടെ നിര്‍മ്മാണത്തിനും ശൈഖ് അവര്‍കള്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ പിതാവ് ഹസ്സന്‍ മുസ്ലിയാര്‍, പള്ളിപുറം യൂസുഫുല്‍ ഫള്ഫരി എന്നീ പ്രമുഖ പണ്ഡിതര്‍ ശൈഖിന്റെ വലിയകുളങ്ങര ദര്‍സിലെ പ്രധാന വിദ്യാര്‍ത്ഥികളായിരുന്നു. മാഹിയിലെ അല്ലാമ കലന്തര്‍ അല്‍ ഹമദാനി, കല്ലായിലെ ശൈഖ് മുഹമ്മദ് തുടങ്ങിയ ഒട്ടേറെ പ്രമുഖരായ ശിഷ്യന്മാരും മുരീദന്മാരുമാണ്. മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, കുഞ്ഞുട്ടി മുസ്ലിയാര്‍ എന്ന അലി മുസ്ലിയാര്‍ എന്നിവര്‍ ശൈഖിന്റെ മക്കളും ശിഷ്യന്മാരും മുരീദുകളും കൂടിയാണ്. മക്കളടക്കമുള്ള ശിഷ്യന്മാരില്‍ പലരും അദ്ദേഹത്തിന്റെ ത്വരീഖത്തിന്റെ ഖലീഫമാരായി മാറുകയും ചെയ്തിട്ടുണ്ട്. മഹാന്മാരായ ധാരാളം മുരീദന്മാരും ശൈഖിന് ഉണ്ടായിട്ടുണ്ട്. പുത്തന്‍പള്ളി കുഞ്ഞഹമ്മദ് ശൈഖ്, മേനക്കോത്ത് ഓര്‍ എന്ന കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാര്‍, കണ്ണാടിപറമ്പ് യഅ്ഖൂബ് മുസ്ലിയാര്‍, നാറ്റിയത്തോര്‍ എന്ന പോക്കര്‍ മുസ്ലിയാര്‍, കിഴക്കന്‍ അഹമ്മദ് മുസ്ലിയാര്‍, ഊരകം യാറത്തിങ്ങല്‍ അലവിപ്പാപ്പ, വെളിമുക്ക് കൂഫ ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കോയാമു ഹാജി, വെളിമുക്ക് പാലക്കല്‍ ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന രായിന്‍കുട്ടി ഹാജി തുടങ്ങിയവര്‍ അവരില്‍പ്പെടും. കുന്നുപുറം, വാളക്കുളം, വെളിമുക്ക്, മുന്നിയൂര്‍, വലിയോറ, പെരുവള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശൈഖിന് അനവധി മുരീദന്മാര്‍ ഉണ്ടായിരുന്നതായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
മഹാനവര്‍കളുടെ സുഹൃദ്‌വലയത്തിലെ പണ്ഡിത പ്രതിഭകളെയും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പുത്തന്‍പ്പള്ളി കുഞ്ഞഹമ്മദ് ശൈഖിന്റെ ഉസ്താദായ ശൈഖ് സൈനുദ്ദീന്‍ റംലി, അയ്യായിലെ അശൈഖ് മുഹമ്മദ് മുസ്ലിയാര്‍, പൊന്നാനി കറുപ്പാക്ക വീട്ടില്‍ മൗലാന അബ്ദുല്ല മുസ്ലിയാര്‍, താനൂര്‍ ഖാസിയായിരുന്ന ശൈഖ് മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ മഹാനവര്‍കളുടെ സുഹൃത്തുക്കളിലും സഹപാഠികളിലും പെട്ടവരാണ്.
ഹിജ്‌റ 1322 ശവ്വാല്‍ 22ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ശൈഖ് ഐഹികലോകത്തോട് വിട പറഞ്ഞു.
ശൈഖിന്റെ പള്ളി എന്ന പേരില്‍ മഹാനര്‍ താനൂരില് നിര്‍മിച്ച പള്ളിയോട് ചേര്‍ന്ന് തന്നെയാണ് ഖബര്‍.
തിരൂരങ്ങാടിയിലെ മുടിയന്‍പിലാക്കല്‍ അലി ഹസന്‍ മുസ്ലിയാര്‍ ശൈഖിന്റെ പേരില്‍ മൗലിദ് രചിച്ചിട്ടുണ്ട്. മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ പിതാവ് മഹാനായ സൂഫിവര്യന്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ മുരീദും ശിഷ്യനുമായവര്‍ ശൈഖിനെ സംബന്ധിച്ച് മനാഖിബ് രചിച്ചിട്ടുണ്ട്. പള്ളിപുറം യൂസുഫ് ഫള്ഫരി എന്ന ശൈഖിന്റെ മറ്റൊരു ശിഷ്യനും അനുശോചന കാവ്യം രചിച്ചിട്ടുണ്ട്. പന്താരങ്ങാടി മുഹമ്മദ് മുസ്ലിയാര്‍ ശൈഖിന്റെ ചരിത്രം വിവരിക്കുന്ന മാല രചിച്ചിട്ടുണ്ട്. അബ്ദുറഹ്മാന്‍ ശൈഖിന്റെ താവഴിയിലെ പേരമകനും കേരളത്തിലെ പ്രമുഖ അറബി കവിയും അടുത്ത കാലത്ത് വഫാത്തായവരുമായ തിരൂരങ്ങാടി ബാപ്പു മുസ്ലിയാരും ശൈഖിനെ കുറിച്ച് അറബിയില് കവതി രചിച്ചിട്ടുണ്ട്.
എന്ന്
നബീല്‍ മുഹമ്മദലി (മന്ദലാംകുന്ന്)
ماشاء الله
ReplyDelete