ഭീകരതയുടെ പ്രതിഛായ സൃഷ്ടിക്കുന്ന ആഗോളശക്തികളും ഉമ്മത്തിന്റെ വിമോചന മാര്‍ഗങ്ങളും


നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസപരമായ യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്താതെ കാര്യകാരണങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാനാകില്ല.

ചരിത്രമെന്നത് അല്ലാഹുവിന്റെ നടപടിക്രമങ്ങലിലൂടെ രൂപപ്പെടുന്ന സംഭവങ്ങളുടെ ശ്രേണിയാണ്. ചരിത്രത്തിന്റെ ദശാസന്ധികളില്‍ എല്ലാ സമൂഹങ്ങള്‍ക്കും ഉത്ഥാനുപതനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉദ്ദേശം ഒരു സഹസ്രാബ്ദ കാലം ലോകത്തെ അടക്കി വാഴ്ന്ന മുസ്‌ലികള്‍ക്ക് അവരുടെ എല്ലാ വിധ പ്രതാപങ്ങളും കെട്ടടങ്ങിയ പതനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ചരിത്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

പ്രപഞ്ചത്തിലേയും ചരിത്രത്തിലേയും എല്ലാ ചലന നിശ്ചലനങ്ങള്‍ക്ക് പിന്നിലും ഉത്ഥാനുപതനങ്ങള്‍ക്ക് പിന്നിലും ഇലാഹിയായ താല്‍പ്പര്യങ്ങളുണ്ട്. ''അല്ലാഹു രാജാക്കന്മാരുടെ രാജാവാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് രാജപദവി നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ രാജപദവിയില്‍ നിന്നും ഒഴിവാക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ പ്രതാപത്തിലാക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ പ്രതിപത്തില്‍ നിന്നും താഴ്ത്തി കളയുന്നു. നന്മകള്‍ മുഴുവന്‍ അവന്റെ അധീനതയിലാണ്. തീര്‍ച്ചയായും അവന് സര്‍വ്വശക്തനാണ് ''(ഖുര്‍ആന്‍ 3:26).

ഉത്ഥാനുപതനങ്ങള്‍ക്ക് നിമിത്തമാകുന്ന കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അത് ഖുര്‍ആനികമായ ചരിത്ര വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാകണമല്ലോ. അല്ലാഹുവിന്റെ നടപടിക്രമങ്ങളായി ഏതൊരു സംഭവത്തേയും കാണുന്ന രൂപത്തിലുള്ള വിശകലനങ്ങളുടെ അഭാവം തന്നെയാണ് മുസ്‌ലിം ഉമ്മത്തിന്റെ എല്ലാ വിധ പിന്നാക്കാവസ്ഥകള്‍ക്കും അടിസ്ഥാന നിമിത്തമായി വര്‍ത്തിക്കുന്നത്. അല്ലാഹു പറയുന്നു, ''നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടു തന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.''(ശൂറ: 30).

ആപത്കരമായ അവസ്ഥകള്‍ സംജാതമാകുന്നത് നമ്മുടെ പ്രവര്‍ത്തി ദോഷത്താലാണ് എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. സൂറഃ അന്‍കബൂത്തില്‍ പറയുന്നു, ''എല്ലാവരേയും കുറ്റം കാരണമായി നാം പിടികൂടുന്നു''. ഇസ്‌ലാമിന്റെ സാംസ്‌കാരികമായ അടയാളങ്ങള്‍ മതമൗലികവാദത്തിന്റെ ചിഹ്നങ്ങളായി വിലയിരുത്തപ്പെടുകയും ഒരു ഹിംസാത്മകമായ സ്വഭാവത്തെ പ്രതിനിധീകരിക്കുന്നവരായി താടിയുടേയും തൊപ്പിയുടേയും ഹിജാബിന്റെയും ആളുകള്‍ ചിത്രീകരിക്കപ്പെടുന്നതും അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണമാണെന്ന കാര്യമാണ് നാം ആദ്യം ഉറപ്പിക്കേണ്ടത്. അതോടൊപ്പം അതിന് പാശ്ചാത്തലമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ നമുക്ക് അപഗ്രഥനവിധേയമാക്കാം.

വര്‍ത്തമാന കാലത്ത് ഏറ്റവും വലിയ തിന്മയായി ഗണിക്കപ്പെട്ടിട്ടുള്ളത് തീവ്രവാദവും മതമൗലികവാദവുമാണ്. എന്നാല്‍, ഈ മുദ്രചാര്‍ത്തപ്പെട്ടവരെല്ലാം ഹിംസാത്മകമായ സ്വഭാവമോ നടപടികളോ ഉള്ളവരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഹിംസാത്മകമായ നടപടികളെ അനുധാവനം ചെയ്യുന്നവരാകട്ടെ ഇത്തരം തീവ്രവാദ മുദ്രകള്‍ ചാര്‍ത്തപ്പെടാതെ പോവുകയും ചെയ്യുന്നുവെന്നതാണ് വിരോധാഭാസം. ലൈംഗികതക്കും ആധികാര മോഹത്താലും മുതല്‍ കൊള്ളയടിക്കാനുമായി നടത്തുന്ന പച്ചയായ കൊലപാതകങ്ങളും ബലാല്‍ക്കാരങ്ങളും ഗൗരവമില്ലാത്ത കുറ്റങ്ങളാകുമ്പോള്‍ കേവലം അടയാളങ്ങള്‍ മുസ്‌ലിംകളെ കൊടും ഭീകരവാദിയാക്കി മാറ്റുന്നു. തീവ്രവാദവും ഭീകരവാദവും പോലുള്ള വാക്കുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് എക്കാലത്തും ഭരണകൂടത്തിനും അധികാര വ്യവസ്ഥിതിക്കും ഇഷ്ടമില്ലാത്തവര്‍ക്ക് ചാര്‍ത്തി കൊടുക്കാനുള്ള മുദ്രകളാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാത്മാഗാന്ധിയെ ബ്രിട്ടീഷ്‌കാര്‍ തീവ്രവാദി എന്നു വിളിച്ചാണ് അധിക്ഷേപിച്ചത്. അഹിംസാമാര്‍ഗത്തിലൂടെ മാത്രം സമര നീക്കങ്ങള്‍ നടത്തിയ ഗാന്ധി വരെ തീവ്രവാദിയാണെങ്കില്‍ ആ നാമകരണത്തിന്റെ അര്‍ത്ഥം അക്രമണോല്‍സുകരാകുന്നവര്‍ എന്നല്ല എന്നു മാനസ്സിലാക്കാമല്ലോ. ഏമിറവശ' െഠൃൗവേ: ഛി വേല ഛൃശഴശി െീള ങശഹശമേി േചീി്ശീഹലിരല, ഗാന്ധിജിയുടെ അഹിംസാത്മകമായ സമര പ്രവര്‍ത്തങ്ങളെ പഠന വിധേയമാക്കുന്ന ഋൃശസ ഒ. ഋൃശസീെി ന്റെ പ്രശസ്തമായ കൃതിക്ക് ഇംഗ്ലീഷില്‍ കൊടുത്ത മിലിന്റന്റ് എന്ന വാക്കാണ് തീവ്രവാദമെന്ന് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. നിലനില്‍ക്കുന്ന അധികാരവ്യവസ്ഥതിയുടെ പ്രശ്‌നങ്ങളെ ചൂണ്ടി കാണിക്കുകയും മറ്റൊരു വ്യവസ്ഥിതിയെ വിഭാവനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കാവുന്നതാണ് തീവ്രവാദത്തിന്റെ മുദ്ര.

അമേരിക്കയുടേയും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളുടെയും നേതൃത്വത്തിലുള്ള മുതലാളിത്ത ആഗോളാധിപത്യ വ്യവസ്ഥിതിക്ക് മുമ്പില്‍ ആശയപരമായ വെല്ലുവിളി ഉയര്‍ത്തുന്നത് ഇസ്‌ലാമാണ്. അതുകൊണ്ടാണ് ഇസ്‌ലാം മതത്തെ പ്രതിനിധീകരിക്കുന്നവകള്‍ക്കെല്ലാം ഈയൊരു മുദ്ര ചാര്‍ത്തപ്പെടാന്‍ ഇടയാകുന്നത്. മുസ്‌ലിംകളെല്ലാം സമര പ്രവര്‍ത്തനങ്ങളില്‍ ഭാഗമല്ലെങ്കിലും ആഗോളതലത്തിലെ പാശ്ചാത്യാധിപത്യത്തിന് ബദലായി വരാവുന്നത് ഇസ്‌ലാം ആയതു കൊണ്ട് അതിന്റെ അനുയായികളെ മുന്‍കൂട്ടി പ്രതിരോധിക്കലും പ്രതികൂട്ടില്‍ കയറ്റലും മുതലാളിത്ത ആഗോളവത്കരണത്തിന്റെ വാക്താക്കള്‍ക്ക് വളരെ അനിവാര്യമാണ്. ലോകജനതക്ക് മുമ്പില്‍ ഇസ്‌ലാമും അതിന്റെ വാക്താക്കളും അക്രമികളും ഭീകരരുമായി മാറിയില്ലെങ്കില്‍ ഇസ്‌ലാമിനെ ലോകം സ്വീകരിക്കുകയും യുദ്ധ കച്ചവടക്കാരായ മുതലാളിത്തത്തിന് ആധിപത്യം നഷ്ടപ്പെടുകയും ചെയ്യും. അതിന് വേണ്ടി ഇസ്‌ലാമിന്റെ പേരില്‍ അക്രമണ സംഘങ്ങളെ ഇവര്‍ ലോകവ്യാപകമായി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആ സംഘങ്ങള്‍ മുഖേന ഇവരുടെ ആയുദ്ധ കച്ചവടം നടക്കുകയും ഇസ്‌ലാമിന്റെ പേരുകള്‍ ഭീകരതയുടെ പ്രതീകമായി ചിത്രീകരിക്കുകയുമാണ് ഈ ആഗോള മുതലാളിത്തത്തിന്റെ ലക്ഷ്യം. ഇന്ത്യയിലടക്കം ഇത്തരത്തില്‍ ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മീഡിയകളിലൂടെ മുസ്‌ലിംകളുടെ വേഷവിധാനങ്ങള്‍ തീവ്രവാദത്തിന്റെ മുദ്രകളായി ചീത്രീകരിക്കപ്പെടുന്നത് ഇത്തരത്തിലുള്ള ഇസ്‌ലാം വിരുദ്ധ ലോബികളുടെ വിജയമാണ് കാണിക്കുന്നത്. മുസ്‌ലിംകളായ പ്രേക്ഷകര്‍ പോലും ഈ മീഡിയ പ്രചരണത്തിന്റെ സ്വാധീനത്തില്‍ അകപ്പെടുകയാണ്.

നബി(സ) മദീന കേന്ദ്രീകരിച്ച് ആരംഭിച്ച ഇസ്‌ലാമിക ഭരണ വ്യവസ്ഥ പിന്നീട് ഏഷ്യയുടെ മുക്കാല്‍ ഭാഗത്തേക്കും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ഒരു സഹസ്രാബ്ദത്തോളം മുസ്‌ലിംകളുടെ ആധിപത്യത്തിന് കീഴിലായിരുന്നു ലോകം. പക്ഷേ, അത് യൂറോപ്യരുടെ കോളനിവല്‍ക്കരണ രീതിയിലായിരുന്നില്ല എന്ന കാര്യം എടുത്തു പറയേണ്ട വ്യതിരിക്തതയാണ്. മുസ്‌ലിംകള്‍ കീഴടക്കിയ നാടുകളില്‍ അവര്‍ അവിടുത്തെ പ്രദേശക്കാരായി മാറുകയും ആ നാടിന്റെ സമ്പന്നതക്കും അവിടുത്തെ ജനതകളുടെ അഭിവൃദ്ധിക്കുമായിട്ടാണ് അവര്‍ ഭരണം നയിച്ചത്. എന്തായിരുന്നാലും ഇസ്‌ലാമിന്റെ അനുയായികള്‍ ലോകത്തിന്റെ തലപ്പത്തിരുന്ന നൂറ്റാണ്ടുകള്‍ക്ക് തിരശീലവീഴുന്നത്.

കോളോണിയല്‍ ചൂഷകരായ പാശ്ചാത്യരുടെ അധിനിവേശത്തിലൂടെയാണ്. അവരുടെ സാങ്കേതികമായ മികവിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ അവര്‍ കീഴടക്കി കൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതത്. നാസ്തികതയില്‍ അധിഷ്ഠിതമായ ഭൗതികവാദ സങ്കല്‍പ്പങ്ങളും ശാസ്ത്ര വിജ്ഞാനങ്ങളുമാണ് സാംസ്‌കാരികമായ അവരുടെ മേല്‍കോയ്മയെ അടിയുറപ്പിച്ചത്. എന്നാല്‍, അതിലൂടെ രൂപപ്പെട്ട ചരിത്രം അതിഭീകരമായ യുദ്ധങ്ങളുടേയും വംശീയമായ ഉന്മൂലനങ്ങളുടേതുമാണ്.

അണുബോംബ് പോലുള്ള അതിമാരകവും ചരിത്രത്തില്‍ തുല്യതയില്ലാത്തതുമായ നശീകരണ ആയുദ്ധങ്ങള്‍ വികസിപ്പിച്ചെടുത്ത ഭീകരന്മാരാണ് ഈ പാശ്ചാത്യ ആധുനികതയുടെ വാക്താക്കള്‍. നാസ്തികതയിലും ശാസ്ത്രീയമായ ഏകശിലാത്മകമായ ശരിയില്‍ അധിഷ്ഠിതവുമായ അവരുടെ ആശയങ്ങളൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായി തകര്‍ന്നടിഞ്ഞു പോയി. ആധുനിക മുതലാളിത്തത്തിന് വിരുദ്ധമായി വന്ന മാനവ ചിന്താധാരയും അവരില്‍ ഏറ്റവും ആധിപത്യം ലഭിച്ച കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഉട്ടോപ്യന്‍ ലോക സങ്കല്‍പ്പങ്ങളും ഗോര്‍ബച്ചോവ് ഉടച്ചുവാര്‍ത്തതോടെ(ഗ്ലാസ്‌നെറോസ്റ്റര്‍ ആന്റ് പെരിസ്റ്ററോയിക്ക) യൂറോ സെന്ററിക്കായി വികസിച്ചു വന്ന ആധികാര ശക്തികളുടെ ആശയതലത്തിലെ മേല്‍ക്കോയ്മകള്‍ക്ക് അന്ത്യം കുറിച്ചു കഴിഞ്ഞു. പിന്നീട് ഈ ശക്തികളുടെ കരങ്ങളിലുള്ളത് കേവലം ടെക്‌നോളജിയുടെയും സാമ്പത്തിക അതിപ്രസരത്തിന്റെയും ഹുങ്ക് മാത്രമാണ്. മീഡിയകളിലൂടെ അവര്‍ ലോകത്ത് നിരന്തരമായി ഇസ്‌ലാമും മുസ്‌ലിംകളും പ്രതികൂട്ടിലാകുന്ന ഇഷ്യൂസ് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആധുനികതക്കും ഉത്തരാധുനികതക്കും ശേഷം ഇഷ്യൂ ബേസ്ഡ് ആയ ലോക ക്രമമാണ് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകത്തെ അടക്കി ഭരിച്ച മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമികമായ വീക്ഷണത്തിലധിഷ്ഠിതമായ വ്യവസ്ഥിതിയെ സംബന്ധിച്ച വിഭാവനയുണ്ടാവുക സ്വഭാവകമാണല്ലോ.

മാത്രമല്ല, ഇസ്‌ലാമിന്റെ വിജ്ഞാനങ്ങള്‍ ശാസ്ത്രീയ ചിന്തയുടെയും മാനവ ആശയങ്ങളുടേയും തിരമാലകളെ ഭേദിച്ച് ഇന്നും വീര്യത്തോടെ നിലകൊള്ളുകയാണ്. ഒരു ഭരണ വ്യവസ്ഥയില്‍ പ്രയോഗിക്കപ്പെട്ട നിലയില്‍ അല്ലെങ്കിലും മനുഷ്യ മനസ്സുകളില്‍ ഇസ്‌ലാമിന്റെ ആശയതലങ്ങള്‍ ജീവസുറ്റതായി നിലകൊള്ളുന്നുണ്ട്. വ്യക്തികളുടെ ജീവിത തലങ്ങളില്‍ പ്രായോഗിക രൂപത്തില്‍ നിലകൊള്ളുന്ന ഇസ്‌ലാമിക ആശയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത് ആധുനികതയുടെ ആരാജകത്വം ഏറ്റവും കൂടുതല്‍ അനുഭവിച്ച പാശ്ചാത്യ സമൂഹത്തിലാണ്.

വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ഇസ്‌ലാമിനെ വെളിച്ചമായി സ്വീകരിച്ച ജനത രാഷ്ട്രീയതലത്തിലും ഇസ്‌ലാമിനെ സ്വാഗതം ചെയ്യുമോ എന്ന ഭയമാണ് പാശ്ചാത്യ ആധികാര കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തുന്നത്. അപ്പോള്‍ അതിനുള്ള പരിഹാരമെന്ന നിലയിലാണ് ഐ.എസ് പോലുള്ള ഭീകര സംഘങ്ങളെ രൂപപ്പെടുത്തുന്നതും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും എന്ന് മനസ്സിലാക്കാന്‍ അധികം ചിന്തിക്കേണ്ടതില്ല. ഒരു സ്‌ഫോടനമോ അക്രമണമോ നടത്തുന്നതിലൂടെ ആ അക്രമണ പ്രവര്‍ത്തനത്തിന്റെ ആളുകളെ സ്വഭാവികമായും ജനം വെറുക്കുക തന്നെ ചെയ്യും. അപ്പോള്‍ അവര്‍ വിഭാവന ചെയ്യുന്ന ആശയങ്ങള്‍ക്കും അതേ മുദ്ര തന്നെ വീഴുന്നു. ഇതാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ശക്തികളുടെ ലക്ഷ്യം. പക്ഷേ, ലോകത്തെ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമായി പോകുന്നതിന് പരിധിയുണ്ട്. സത്യത്തിന് അല്ലാഹു കണക്കാക്കിയിട്ടുള്ള ശക്തിയും അജയ്യതയും കാരണമായി സത്യം പുറത്ത് വന്നു കൊണ്ടിരിക്കുക തന്നെ ചെയ്യുന്നു.

തീവ്രവാദത്തിന്റെയും ഭീകരതയുടേയും മുദ്രയായി മുസ്‌ലിം ഐഡന്റിറ്റികളെ അടയാളപ്പെടുത്തുന്നതിന് പരിമിതികളുണ്ട്. ഇസ്‌ലാമിനെ സംബന്ധിച്ച് പഠിക്കാനും ഇസ്‌ലാം പുല്‍കാനും ഈ പ്രചരണങ്ങള്‍ കാരണമായി ഭവിക്കുന്ന അത്ഭുത പ്രതിഭാസങ്ങളും നമ്മേ വിസ്മയിപ്പിക്കുന്നതാണ്. അല്ലാഹുവിന്റെ പ്രകാശത്തെ അവര്‍ ഊതികെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുക തന്നെ ചെയ്യുന്നു. 
മതത്തെ മൗലികമായി കാണുന്നത് മതമൗലികവാദമല്ല
ഇസ്‌ലാമിനെതിരായ പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതിക പദമാണ് ഫണ്ടമെന്റലിസം. അല്ലാഹുവില്‍ നിന്നും നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട ഇസ്‌ലാം മാത്രമാണ് സത്യം. മറ്റുള്ള മത ആശയങ്ങളും വിശ്വാസങ്ങളും തത്വസംഹിതകളും എല്ലാം തെറ്റാണ് എന്ന് വിശ്വസിക്കുന്ന ഇസ്‌ലാം മതവിശ്വാസി സ്വഭാവികമായും മതമൗലികവാദത്തിന്റെ വാക്താവായി മാറുമെന്നതാണ് ഇസ്‌ലാം വിരുദ്ധരുടെ പ്രചരണം.

എ എന്ന കാര്യം സത്യമാണ് എന്ന് വിശ്വസിക്കുന്നവര്‍ ബിയും സിയുമായ കാര്യങ്ങളെ ഉള്‍കൊള്ളാന്‍ തയ്യാറാകാതിരിക്കുക എന്നത് ഒരു സാമാന്യമായ കാര്യമാണ്. അതിനര്‍ത്ഥം എ എന്ന ആശയത്തെ ഉള്‍കൊള്ളാത്ത എല്ലാവരേയും ശത്രുതയോടെ കാണുന്നുവെന്നല്ല. അത് മീഡിയകള്‍ ഉണ്ടാക്കിയ തെറ്റായ ധാരണയാണ്. മതത്തെ ജീവിതത്തിന്റെ മൗലികമായ വെളിച്ചമായി കാണുന്നവര്‍ ആ വെളിച്ചം വെളിച്ചമായി കാണാത്തവരോട് കാരുണ്യത്തിന്റെ സമീപനമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും ഗുണം ചെയ്തു കൊണ്ടിരിക്കുന്നുവെന്ന കാരുണ്യവാനായ അല്ലാഹുവിനെയാണ് ഇസ്‌ലാം വളരെ അടിസ്ഥാന ദൈവ സങ്കല്‍പ്പമായി സ്ഥാപിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ സൂക്തങ്ങളുടെ പ്രാരംഭ വാക്യമായി വരുന്ന ബിസ്മിയില്‍ അല്ലാഹുവിന്റെ പൊതുവായ ഈ കാരുണ്യ വിശേഷണത്തെയാണ് പ്രകീര്‍ത്തിക്കുന്നത്.

റഹ്മാന്‍ എന്ന അറബി നാമത്തിലുള്ള അല്ലാഹുവിന്റെ ഈ ഗുണവിശേഷമാണ് ഏറ്റവും ഉന്നതമായ അല്ലാഹുവിന്റെ വിശേഷണ ഗുണം. വിശ്വാസി സമൂഹങ്ങളോട് അല്ലാഹുവിന്റെ കല്‍പ്പന, അല്ലാഹുവിന്റെ സ്വഭാവത്തെ അനുകരിക്കാനാണ്. കാരുണ്യവാനായ അല്ലാഹുവിന്റെ സൃഷ്ടികള്‍ എന്ന കാരുണ്യത്തിന്റെ വശത്തിലൂടെ പ്രപഞ്ചത്തേയും സഹജീവികളേയും നോക്കി കാണാനുള്ള സ്വഭാവ വിശേഷണമുള്ളതിനാല്‍ തങ്ങളുടേതല്ലാത്ത മതത്തേയോ ആശയങ്ങളേയോ നിഗ്രഹിക്കണമെന്ന തത്വം ഇസ്‌ലാമില്‍ ഇല്ല. എന്നു മാത്രമല്ല, അത് ഇസ്‌ലാമിനു വിരുദ്ധവുമാണ്. അതിനാല്‍ ഇസ്‌ലാമിനെ മൗലിക ആശയമായി സ്വീകരിച്ചവര്‍ അവരുടെ മൗലികമായ ഗുണമായിട്ടു തന്നെ ഉള്‍കൊള്ളേണ്ടത് അല്ലാഹുവിന്റെ കാരുണ്യ സ്വഭാവത്തെയാണ്. അല്ലാഹുവിന്റെ സൃഷ്ടി ജാലങ്ങളോട് അഖിലവും കാരുണ്യത്തിന്റെ സമീപനം സ്വീകരിക്കുക എന്നതിലാണ് മൗലികവാദം പുലര്‍ത്തുവാന്‍ നിഷ്‌കര്‍ഷിക്കുന്നത്.

അല്ലാഹു കനിഞ്ഞനുഗ്രഹിച്ചതിനാലാണ് തനിക്ക് സന്മാര്‍ഗത്തെ തിരിച്ചറിയാനായത് തന്റെ സഹജീവികളായ മനുഷ്യരില്‍ നീ ആ അനുഗ്രഹം ചൊരിയണേ എന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സാണ് ഇസ്‌ലാം ഉണ്ടാക്കുന്നത്. അങ്ങിനെയുള്ള മാനസികാവസ്ഥയിലാണ് ഇസ്‌ലാമിന്റെ പ്രബോധനം നിര്‍വഹിക്കപ്പെടേണ്ടത്. ഈ കാരുണ്യത്തിന്റെ തലത്തെ ഉറപ്പിച്ചതോടൊപ്പം താന്‍ മനസ്സിലാക്കിയ സന്മാര്‍ഗത്തിന് വിരുദ്ധമായതൊന്നും സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മതയാണ് ഇസ്‌ലാമിന്റെ വഴി. 
ആധുനിക കാലത്ത് ദേശരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ രൂപപ്പെട്ട പാശ്ചാത്തലത്തില്‍ പൊളിറ്റിക്കല്‍സ്റ്റേറ്റിനെ സംബന്ധിച്ച് ഓരോ പ്രത്യയശാസ്ത്രങ്ങളും അവരുടേതായ വിഭാവനകള്‍ അവതരിപ്പിക്കുകയുണ്ടായല്ലോ. കമ്മ്യൂണിസമാകട്ടെ അവര്‍ക്ക് ലഭിച്ച അധികാരത്തിന്റെ ബലത്തില്‍ അതിക്രൂരമായ കൂട്ടകൊലകളോടെയാണ് അവരുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസത്തെ പ്രതിനിധീകരിച്ച് നടന്ന ഒട്ടുമിക്ക മൂവ്‌മെന്റുകളും റാഡിക്കല്‍ സ്വഭാവത്തിലാണ് പ്രവര്‍ത്തിച്ചത്. സാമൂഹിക നന്മ എന്ന സങ്കല്‍പ്പമില്ലാത്തവര്‍ കാലഹരണപ്പെട്ടു പോകുമെന്നതിനാല്‍ അന്ന് എല്ലാവരും അവരുടേതായ സാമൂഹിക കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുകയും സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ഇസ്‌ലാമിന്റെ സാമൂഹികമാനത്തിനും പൊളിറ്റിക്കല്‍ സ്റ്റേറ്റിനെ സംബന്ധിച്ച സങ്കല്‍പ്പത്തിനും ആധുനികമായ വായന നടക്കുന്നത്. കമ്മ്യൂണിസം അന്നത്തെ ആഗോള ശക്തിയായിരുന്നതനാല്‍ കമ്മ്യൂമിസത്തെയും മറ്റു ആധുനിക മാനവവാദകരുടേയും സാമൂഹിക സിദ്ധാന്തങ്ങളെ കൗണ്ടര്‍ ചെയ്യുന്നതായിരുന്നു മുസ്‌ലിം ബുദ്ധിജീവികളുടെ ഇസ്‌ലാമിക് പൊളിറ്റിക്‌സിനെ സംബന്ധിച്ച അവതരണങ്ങള്‍. അതുകൊണ്ട് തന്നെ കമ്മ്യൂണിസത്തിന്റെ ആശയഘടനയുടെ സ്വാധീനം മുസ്‌ലിം ബുദ്ധിജീവികളുടെ അവതരണള്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിന്റെ മേല്‍ മതമൗലികവാദത്തെ ആരോപിക്കാന്‍ ഇടയാക്കുന്ന കാര്യങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. പല കാര്യങ്ങളും സൈദ്ധാന്തികമായി അവതരിപ്പിക്കുമ്പോള്‍ അതിന്റെ പ്രായോഗികമായ മാതൃകയെ കൃത്യമായി വിനിമയം ചെയ്തുകൊടുക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല.

കമ്മ്യൂണിസത്തിന്റെ റാഡിക്കല്‍ മൂവ്‌മെന്റുകളെ മുന്നില്‍ കണ്ടു കൊണ്ടുള്ള ഇസ്‌ലാമിന്റെ രാഷ്ട്രീയ നിര്‍മിതിയെ അവതരിപ്പിച്ച മുസ്‌ലിംകള്‍ക്കിടയിലെ ചെറുന്യൂനപക്ഷങ്ങള്‍ സൃഷ്ടിച്ച അവ്യക്തതയും തെറ്റിദ്ധാരണയേയും ശരിക്കും മുതലെടുക്കുവാനാണ് സാമ്രാജ്യത്വ അജണ്ടകളോടെ നിലകൊള്ളുന്ന പാശ്ചാത്യ ശക്തികള്‍ ശ്രമിച്ചതാണ്. അവരുടെ ഉപാസകരായ മറ്റു അധികാര കേന്ദ്രങ്ങളും സംഘങ്ങളും അത് ഏറ്റെടുത്തു നിര്‍വഹിക്കുകയും ചെയ്യുന്നു. അത് മൂലം ഇന്ന് ഇസ്‌ലാമിന്റെ അടയാളങ്ങളെ മുഴുവന്‍ പ്രതികൂട്ടിലാക്കി അവതരിപ്പിക്കുന്നതില്‍ അവര്‍ വിജയംവരിരിക്കുകയാണ്. ഇസ്‌ലാമിന്റെ ആശയപരമായ വീര്യത്തെ നിഷ്‌കാസനം ചെയ്യാനാകട്ടെ ഈ വിധ കുത്സിത പ്രവര്‍ത്തനങ്ങള്‍ കൊണ്ടൊന്നും സാധിക്കുകയില്ല എന്നതാണ് ചരിത്രം ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നത്.
മുസ്‌ലിം ഉമ്മത്തിന്റെ വിമോചന മാര്‍ഗം
ഇതുവരെ പ്രതിപാദിച്ചത് ഇസ്‌ലാമിന്റെ അടയാളങ്ങളെ ഭീകരതയുടെയും മതമൗലികവാദത്തിന്റെയും പ്രതിഛായയില്‍ അവതരിപ്പിക്കപ്പെടുന്ന മനോഭാവം ഉണ്ടായി തീര്‍ന്നതിന്റെ ചരിത്രപരവും സാമൂഹികവുമായ വീക്ഷണങ്ങളാണ്. സാമൂഹികശാസ്ത്രപരവും ചരിത്രപരവുമായ ഈ സാഹചര്യങ്ങളെ മുഴുവന്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളായി വിലയിരുത്തുമ്പോള്‍ മാത്രമേ നമ്മുടെ അപഗ്രഥനങ്ങള്‍ മുഴുവന്‍ മതപരമായ തലത്തില്‍ ആവുകയുള്ളൂ.

മതത്തിന്റെ അടിസ്ഥാന സങ്കല്‍പ്പമായ ദൈവീക നടപടികളാണ് സാമൂഹിക ചലനങ്ങള്‍ എന്ന തത്വത്തിന് ഊന്നല്‍ നഷ്ടപ്പെടുന്ന ആധുനികരുടെ ഇസ്‌ലാമിക മൂവ്‌മെന്റുകള്‍ മുസ്‌ലിംകളെ പരാജയത്തിന്റെ ചുഴിയില്‍ അകപ്പെടുത്തി. അല്ലാഹുവിനെ തൃപ്തിപ്പെടുത്തുമ്പോളാണ് മുസ്‌ലിംകളുടെ ഭൗതികതലത്തിലെ ജീവിതം ക്ഷേമകരമായി നിലനില്‍ക്കുകയുള്ളൂവെന്നതാണ് വിശ്വാസപരമായ യാഥാര്‍ത്ഥ്യം. കേരളത്തിലേക്ക് പോര്‍ച്ചുഗീസ് അധിനിവേശം സംഭവിച്ച സാഹചര്യത്തില്‍ വിരചിതമായ തുഹ്ഫത്തുല്‍ മുജാഹിദീനിന്റെ ആമുഖത്തില്‍ തന്നെ ഈ വീക്ഷണമാണ് അവതരിപ്പിച്ചത്. മുസ്‌ലിംകള്‍ മലബാറില്‍ സമാധാനത്തോടെ ജീവിക്കുകയായിരുന്നു. എന്നാല്‍, അല്ലാഹുവിന്റെ ദീന്‍ അനുസരിച്ചുള്ള ജീവിത്തതില്‍ നിന്ന് നാം പുറകോട്ട് പോയത് കാരണം പോര്‍ച്ചുഗീസ്‌കാരുടെ ഉപദ്രവം കൊണ്ട് അല്ലാഹു നമ്മേ പരീക്ഷിക്കുന്നുവെന്നാണ് അതില്‍ പരാമര്‍ശിച്ചത്. ഇതേ പ്രകാരം തന്നെയാണ് ഏത് പ്രതിസന്ധികളേയും നാം അഭിമുഖീകരിക്കേണ്ടത്. അങ്ങിനെ നാം തൗഹീദിയായ വീക്ഷണത്തിലൂടെ വിഷയങ്ങളെ കാണുമ്പോള്‍ അല്ലാഹുവിലേക്ക് പാശ്ചാതപിച്ച് മടങ്ങലോടെയാണ് യഥാര്‍ത്ഥ പരിഹാരം കരസ്ഥമാവുകയുള്ളൂവെന്ന് ബോധ്യപ്പെടുന്നതാണ്. ആത്മീയവും ഭൗതികവുമായ തലങ്ങളെ കൃത്യമായ അളവില്‍ സമന്വയിച്ച ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ആത്മീയവും ഭൗതികവുമായ കാരണങ്ങളില്‍ സന്തുലിതമായി ഊന്നുന്നതാണ്.

അവസാന കാലത്തെ മുസ്‌ലിം ഉമ്മത്തിന് സംഭവിക്കാവുന്ന പതനത്തെ സംബന്ധിച്ച് പ്രവചിക്കുന്ന അനേകം ഹദീസുകളുണ്ട്. അത്തരം ഹദീസുകളില്‍ പ്രതിപാദിക്കപ്പെട്ട പരിഹാരങ്ങളിലേക്ക് മടങ്ങുമ്പോളാണ് നമ്മുടെ സാമൂഹിക തലത്തിലെ മുന്നേറ്റങ്ങള്‍ യഥാര്‍ത്ഥ ഫലം ലഭിക്കുകയുള്ളൂ. സബബുകള്‍ക്ക്(കാര്യ കാരണങ്ങള്‍) പ്രതിഫലന ശേഷിയില്ല എന്ന അഹ്‌ലുസുന്നത്തിന്റെ അഖീദയുടെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങളാകുമ്പോളാണ് ഹദീസില്‍ പ്രതിപാദിക്കപ്പെട്ട പരിഹാരങ്ങളില്‍ ഊന്നി നമുക്ക് മുന്നേറാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം സാമൂഹികശാസ്ത്ര ഇസ്‌ലാമികരുടെ പ്രവര്‍ത്തന പാതയിലേക്കാണ് നമ്മള്‍ പ്രചോദിതരാവുക. അഥവ, ഭൗതികതലത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ജനാധിപത്യ സമര രീതികളുമാണ് നമ്മുടെ വിമോചന പാത എന്ന് വരികയും ദിക്‌റ്-ദുആകള്‍ കേവല അനുഷ്ഠാനങ്ങളായി പരിമിതപ്പെടുകയും ചെയ്യും. മുസ്‌ലിമിന്റെ പ്രധാനപ്പെട്ട ആയുദ്ധം പ്രാര്‍ത്ഥനയാണെന്ന് മുഹമ്മദ്(സ) നമ്മേ പഠിപ്പിച്ചു. ആ പ്രധാനപ്പെട്ട ആയുദ്ധത്തെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുമ്പില്‍ അവലംബമാക്കുന്നതിലാണോ ഭൗതികമായ പരിഹാര ഉപാധികളിലേക്ക് തിരിയുന്നതിലാണോ മുസ്‌ലിം ഉമ്മത്ത് ഇന്ന് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത് എന്ന ആത്മവിചാരണ അനിവാര്യമാണ്.

തൗഹീദില്‍ ഊന്നിയ ജ്ഞാന സങ്കല്‍പ്പത്തിന്റെ വാക്താക്കള്‍ക്കല്ലാതെ പ്രാര്‍ത്ഥനയിലൂടെ പരിഹാരം സമ്പാദിക്കാന്‍ സാധിക്കുന്നതല്ല. ''ഇതാ ജനങ്ങള്‍ നിങ്ങള്‍ക്കെതിരില്‍ സംഘടിച്ചിരിക്കുന്നു അവരെ ഭയക്കണമെന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍, അവര്‍ക്ക് (സത്യവിശ്വാസികള്‍ക്ക്)ഈമാന്‍ വര്‍ധിക്കുകയും 'ഞങ്ങള്‍ക്ക് അല്ലാഹു മതി' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു''(3:173). ഇതാണ് സത്യവിശ്വാസികളുടെ വിശ്വാസപരമായ കരുത്ത്. അല്ലാഹുവാണ് എല്ലാ നന്മ-തിന്മകളും സൃഷ്ടിക്കുന്നതെങ്കില്‍ അല്ലാഹുവിനെ തൃപ്തിപ്പെടുത്താനും അവന്റെ മുമ്പില്‍ അഭയം തേടുകയുമല്ലാത്ത പരിഹാരങ്ങള്‍ക്ക് പ്രസക്തി കല്‍പ്പിക്കുന്നതല്ല. അങ്ങിനെ വരുമ്പോള്‍, സാമൂഹിക മുന്നേറ്റ പ്രവര്‍ത്തനങ്ങളേക്കാള്‍ ദീനില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിലേക്കാണ് മുസ്‌ലിം ഉമ്മത്ത് മുന്നിടുക. അതുവഴി മുസ്‌ലിമിന്റെ ദീനും ദുന്‍യാവും വിമോചനത്തിലാകും.

എന്ന്
നബീല്‍ മന്ദലാംകുന്ന്

  

876620 

I'm protected online with Avast Free Antivirus. Get it here — it's free forever.

Comments

Popular posts from this blog

ബുഖാറ; ഉസ്‌ബെകിസ്ഥാനില്‍ നിന്ന്‌ ചാവക്കാട്ടേക്കുള്ള ദൂരം

സൂഫിസത്തിന്റെ ഇസ്‌ലാമിക നിര്‍വഹണം