അഹ്‌ലുസുന്നത്തി വല്‍ജമാഅത്ത്: സ്വഹാബത്തിന്റെ സരണി
''എന്റെ സ്വഹാബികള്‍ നക്ഷത്ര തുല്യരാണ്. അവരില്‍ ആരെ പിമ്പറ്റിയാലും സന്മാര്‍ഗം സിദ്ധിക്കുന്നതാണ്''(ഇബ്‌നു അബ്ദുല്‍ ബര്‍റും ഇബ്‌നു ഹസ്മും നിവേദനം ചെയ്തത്). സ്വഹാബികളെല്ലാം നക്ഷത്രതുല്യരാണ്, അവരില്‍ ആരെ പിന്‍പറ്റിയാലും വിജയമാണ് എന്നതാണ് അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ അടിസ്ഥാന പ്രമാണം. സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണല്ലോ അഹ്‌ലുസുന്നത്തിവല്‍ജമാഅത്ത് എന്ന് പ്രയോഗിക്കുന്നതിന്റെ താല്‍പ്പര്യം. അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിലെ സുന്നത്ത് എന്നാല്‍ നബിചര്യയും അല്‍ജമാഅത്ത് എന്നത് സ്വഹാബികളുമാണ്. സ്വഹാബികളില്‍പ്പെട്ട ആരുടെയും പദവി നബിയുടെ സഹവാസം സിദ്ധിക്കാത്ത മറ്റാര്‍ക്കും കരസ്ഥമാകുന്നതല്ല. ഈ സ്വഹാബി ശ്രേഷ്ഠര്‍ നമുക്ക് കൈമാറി തന്നതാണ് ഖുര്‍ആനും ഹദീസുകളും അവയെ അടിസ്ഥാനമാക്കിയ അഹ്കാമു ശരീഅത്തുകളും(ഇസ്‌ലാമിക നിയമസംഹിത). സ്വഹാബികളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നെ ദീനിന് പിന്നെ പ്രസക്തിയില്ല. കാരണം, സ്വഹാബികളാണ് ദീനിനെ ലോകത്ത് കൈമാറ്റം ചെയ്തത്. അതുകൊണ്ടു തന്നെ വളരെ സംസ്‌കൃതരായ ഉന്നത സ്വഭാവ മഹിമകളാല്‍ ഖുര്‍ആന്‍ തന്നെ വാഴ്ത്തി പറഞ്ഞിട്ടുള്ളതാണ്. സ്വഹാബികളില്‍ പ്രത്യേകക്കാരായവരാണ് ഖുലഫാഉ റാശിദുകള്‍, സന്മാര്‍ഗ സിദ്ധരായ നാല് ഭരണകര്‍ത്താക്കള്‍. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നീ സ്വഹാബികളുടെ ചര്യ വളരെ പ്രധാന പ്രമാണമാണ്. ''എനിക്ക് ശേഷം നിങ്ങള്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണും. അപ്പോള്‍, നിങ്ങള്‍ എന്റെ സുന്നത്തിനേയും എന്റെ സന്മാര്‍ഗസിദ്ധരായ പ്രതിനിധികളുടെ സുന്നത്തിനേയും അണപല്ല് കൊണ്ട് കടിച്ചു പിടിക്കുക.''(ഇമാം തുര്‍മുദിയും ഹാക്കിമും നിവേദനം ചെയ്ത സ്വഹീഹായ ഹദീസ്)എന്ന് ആദരവായ നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്‌ലാം ലോകത്തിന്റെ നാനാഭാഗത്തേക്കും ഇദംപ്രഥമമായി പ്രചരിക്കുന്നത് ഈ സന്മാര്‍ഗസിദ്ധരായ സ്വഹാബികളുടെ നേതൃത്വത്തിലാണ്. വിശുദ്ധ ഖുര്‍ആനിന്റെ ക്രോഡീകരണവും ഇവര്‍ മുഖേനയാണ് സംഭവിക്കുന്നത്. സ്വഹാബികളുടെ ഇടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും അതിന്റെ ഭാഗമായി അഭ്യന്തര പ്രശ്‌നങ്ങളും ഏറ്റുമുട്ടലുകളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അത്തരം രംഗങ്ങളില്‍ രണ്ട് പക്ഷത്തെയും അംഗീകരിക്കുന്ന നിലപാടാണ് പില്‍ക്കാലത്തെ സത്യസന്ധരായ സന്മാര്‍ഗദര്‍ശികള്‍ കാണിച്ചു തന്നിട്ടുള്ളത്. അല്ലാഹുവിന്റെ പൊരുത്തം സമ്പാദിച്ച സ്വഹാബാകിറാമില്‍ നിന്നും ശാഖാപരമായ വിഷയങ്ങളില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്ക് അവരെ നിരൂപിക്കാനുള്ള പിഴവുകളല്ല. നബി(സ)യുടെ സഹചാരികളായി ജീവിച്ച വിജ്ഞാന ദീപങ്ങളായ സ്വഹാബികള്‍ പ്രശ്‌നങ്ങളില്‍ ഗവേഷണം ചെയ്യാന്‍ അര്‍ഹതയുള്ളവരാണല്ലോ. അര്‍ഹരായ ഗവേഷകരുടെ ഗവേഷണങ്ങളില്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ പോലും അതിന് അല്ലാഹു പ്രതിഫലം നിശ്ചയിച്ചിട്ടുള്ളതായിട്ടാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്. ഗവേഷണം ചെയ്ത് ശരിയായ വിധിനിര്‍ണയം നടത്താന്‍ സാധിച്ചാല്‍ രണ്ട് പ്രതിഫലം, ഗവേഷണത്തില്‍ പിഴവ് സംഭവിച്ചാല്‍ ഒരു പ്രതിഫലം എന്ന ആശയത്തിലാണ് ഹദീസ് വന്നിരിക്കുന്നത്. (സ്വഹീഹൈനിയിലെ ഹദീസ്) ഈ സ്വഹാബികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ചില പിഴച്ച കക്ഷികള്‍ ആദ്യകാലം മുതല്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. അത്തരക്കാരുടെ ആവാന്തരമായ പിഴവുകളില്‍ നിന്നും സന്മാര്‍ഗപാതയെ വേര്‍തിരിച്ചു മനസ്സിലാക്കാനാണ് അഹ്‌ലുസുന്നത്തിവല്‍ജമാഅത്ത് എന്ന പേര് ഉപയോഗിച്ചു തുടങ്ങുന്നത്. നബിചര്യയേയും സ്വഹാബികളുടെ ഏകീകൃത നിലപാടുകളേയും പ്രമാണമാക്കിയവര്‍ എന്ന അര്‍ത്ഥത്തില്‍. സ്വഹാബികളെ അധിക്ഷേപിക്കുന്നവര്‍ വളരെ ചെറിയൊരു ന്യൂനപക്ഷമായിരുന്നു. കേരളീയ മുസ്‌ലിംകള്‍ക്കിടയിലാകട്ടെ അത്തരക്കാര്‍ക്ക് യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല. എന്നാല്‍, ആധുനിക കാലഘട്ടം മുതല്‍ അത്തരത്തിലുള്ള അബദ്ധവാദികള്‍ കേരളത്തില്‍ നാമ്പെടുത്തു തുടങ്ങി. കാലഘട്ടം മുന്നോട്ട് പോകുന്നതിനനുസരിച്ച് നബി(സ)യുടെ പ്രവചനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് പോലെ ദീനിന്റെ ശരിയായ വിജ്ഞാനങ്ങള്‍ക്ക് തിരോധാനം സംഭവിക്കുകയാണ്. ഇത്തരുണത്തില്‍ സ്വഭാവികമായും, പലതരത്തിലുള്ള വഴിപിഴച്ച ആശയങ്ങളും സമൂഹത്തിലേക്ക് കടന്നു വരാനുള്ള സാധ്യത കൂടുകയും ചെയ്തു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ സ്വഹാബികളെ പൂര്‍ണ്ണമായി നിഷേധിക്കുന്നവരും സ്വഹാബികളില്‍ നിന്ന് ചിലരെ നിഷേധിക്കുന്നവരുമൊക്കെയായിട്ടുള്ള നവീനവാദികളെ നാം സൂക്ഷിക്കേണ്ടതുണ്ട്. ഇറാനിലെ ഖുമൈനിസ്റ്റുകള്‍ ഇത്തരത്തിലുള്ള പിഴച്ച വാദത്തിന്റെ വാക്താക്കളാണ്. ഇറാന്‍ ഇന്ന് അറബ് രാജ്യങ്ങള്‍ക്ക് മുഴുവന്‍ ഭീഷണിയായി വളര്‍ന്ന് വരുന്ന സന്ദര്‍ഭത്തില്‍ അവരുടെ പിഴച്ച ആശയങ്ങളെ നാം കരുതിയിരിക്കണം. പാശ്ചാത്യ നാടുകളുമായി കൈകോര്‍ത്തു കൊണ്ട് സിറിയ പോലുള്ള രാജ്യങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുന്ന ഈ ധാര അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹത്തിന് ഊന്നല്‍ നല്‍കുന്നവര്‍ എന്ന വ്യാജേനയാണ് സ്വന്തം അസ്ഥിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. അഹ്‌ലുബൈത്തിനോടൊപ്പം മൊത്തം സ്വഹാബികളേയും കൂടി സ്‌നേഹിക്കുന്നവരാണ് ശരിയായ അഹ്‌ലുസുന്നത്ത് എന്ന് നാം തിരിച്ചറിയണം.
Alif printing solution
Mannalamkunnu, Chavakkad, Thrissur
Nabeel: 9846741629 Yoosaf: 9846876620
Comments
Post a Comment